Sorry, you need to enable JavaScript to visit this website.

രാഹുൽ ഗാന്ധിയുടെ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യാതെ കെട്ടിക്കിടക്കുന്നു

നിലമ്പൂർ- പ്രളയകാലത്ത് ദുരിതമനുഭവിച്ച നിലമ്പൂരുകാർക്ക് വയനാട് എം.പി രാഹുൽ ഗാന്ധി നൽകിയ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യാത്ത നിലയിൽ കെട്ടിക്കിടക്കുന്നു. കോൺഗ്രസ് നിലമ്പൂർ മുനിസിപ്പിൽ കമ്മിറ്റിക്ക് നൽകിയ ഭക്ഷ്യധാന്യങ്ങളാണ് നിലമ്പൂർ പഴയ നഗരസഭാ ഓഫീസിനു മുമ്പിലെ വാടക കടമുറിയിൽ കെട്ടിക്കിടക്കുന്നത് ശ്രദ്ധയിൽപെട്ടത്. ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യാതെ പുഴുവരിച്ച സംഭവത്തിൽ 
വ്യാപക പ്രതിഷേധമാണുയരുന്നത്. സി.പി.എം, സി.പി.ഐ നേതാക്കളും സേവ് കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തുണ്ട്. സംഭവം കെ.പി.സി.സി സമിതി അന്വേഷിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് വി.വി. പ്രകാശ് പറഞ്ഞു.
കടമുറി വാടകയ്ക്ക് എടുക്കാൻ വന്ന ആളുകൾ മുറി തുറന്നു നോക്കിയപ്പോഴാണ് ഭക്ഷ്യവസ്തുക്കൾ കെട്ടിക്കിടക്കുന്നത് കണ്ടത്. ഭക്ഷ്യധാന്യങ്ങൾ, പുതപ്പ്, വസ്ത്രങ്ങൾ, ഉപകരണങ്ങൾ എന്നിവയാണ് കടമുറിയിൽ വിതരണം ചെയ്യാതെ വെച്ചത്. വയനാട് ലോക്‌സഭാ മണ്ഡലത്തിലാകെ 50 ടണ്ണോളം വരുന്ന ഭക്ഷ്യധാന്യങ്ങളാണ് രാഹുൽ ഗാന്ധി വിതരണം ചെയ്യാൻ വിവിധ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളെ ഏൽപിച്ചിരുന്നത്. രാഹുൽ ഗാന്ധി എം.പിയുടെ കിറ്റുകൾക്കു പുറമേ മറ്റു ജില്ലകളിൽ നിന്നുള്ള അവശ്യ വസ്തുക്കളും കടമുറിയിൽ കെട്ടിക്കിടപ്പുണ്ട്. പാവങ്ങൾക്കുള്ള ഭക്ഷ്യക്കിറ്റുകൾ പൂഴ്ത്തിവെച്ച കോൺഗ്രസ് ജനങ്ങളോട് മാപ്പു പറയണമെന്ന് സി.പി.എം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രളയകാലത്ത് ദുരിതത്തിലായ കുടുംബങ്ങളുടെ വിശപ്പകറ്റാൻ നൽകിയ ഭക്ഷ്യക്കിറ്റുകളും അവർക്ക് ഉപയോഗിക്കാൻ നൽകിയ വസ്ത്രങ്ങളും നശിപ്പിച്ച സംഭവം ഏറെ പ്രതിഷേധാർഹവും മനുഷ്യത്വരഹിതവുമാണെന്ന് അവർ പറഞ്ഞു. നഗരസഭാ തെരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ വിതരണം ചെയ്യാൻ മാറ്റിവെച്ചതാണിത്. നിലമ്പൂർ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ കിറ്റുകൾ സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.
 

Latest News