Sorry, you need to enable JavaScript to visit this website.

നാടുകാണി പാതയുടെ പ്രവൃത്തി പൂർത്തിയാകുന്നു

നാടുകാണിയിൽ ഉരുൾപൊട്ടലുണ്ടായ തേൻപാറ ഭാഗത്ത് റോഡിൽ ടൈലുകളിട്ട നിലയിൽ.

നിലമ്പൂർ- ജില്ലയിലെ നാടുകാണി-പരപ്പനങ്ങാടി റോഡിന്റെ നിലമ്പൂർ മേഖലയിലെ നിർമാണ പ്രവൃത്തികൾ പൂർത്തിയാകുന്നു. നാടുകാണി ചുരത്തിൽ ഏതാനും സ്ഥലങ്ങളിൽ അവസാനവട്ട പെയിന്റിംഗ്് പ്രവൃത്തികൾ മാത്രമാണ് അവശേഷിക്കുന്നത്. അതും ഉടൻ പൂർത്തിയാകും. നാടുകാണി മുതൽ പരപ്പനങ്ങാടി വരെയുള്ള ഭാഗത്തു പ്രവൃത്തി 75 ശതമാനം പൂർത്തിയായി. റോഡ് ഇടിഞ്ഞ ചുരത്തിലെ ജാറം ഭാഗത്തു റോഡ് പുനർനിർമിച്ചിട്ടില്ല. ഇവിടെ വിദഗ്ധ പഠനം നടത്തി മാത്രമേ റോഡ് തകർന്നതു ശരിയാക്കൂ എന്നായിരുന്നു അന്നത്തെ തീരുമാനം. അവശേഷിക്കുന്ന ചുരം ഭാഗത്തെ 12 കിലോമീറ്റർ ദൂരത്തെ റോഡിന്റെ ഉപരിതലം നവീകരിച്ചു. ആവശ്യമുള്ളിടത്ത് റോഡിന്റെ രണ്ടു ഭാഗത്തും സംരക്ഷണ ഭിത്തി നിർമിച്ചു. ചുരം റോഡിൽ വലിയ താഴ്ചയുള്ള  ഭാഗങ്ങളിൽ താഴെ നിന്നു സംരക്ഷണ ഭിത്തി കെട്ടി ഉയർത്തിയാണ് റോഡിനെ ബലപ്പെടുത്തിയിട്ടുള്ളത്. 
റോഡിന്റെ മുകൾ ഭാഗത്തേക്കും സംരക്ഷണ ഭിത്തി നിർമിച്ചു മണ്ണിടിച്ചിൽ തടയാനുള്ള പ്രവൃത്തികൾ നടത്തിയിട്ടുണ്ട്. ചുരം പാതയിൽ സ്ഥിരമായി റോഡ് ഇടിയുകയോ തകരാർ വരികയോ ചെയ്യുന്ന അഞ്ചോളം സ്ഥലങ്ങളിൽ റോഡ് ടാറിംഗ്് നടത്തുന്നതിനു പകരം സിമന്റ് കട്ടകൾ (ടൈൽ) പതിക്കുകയാണ് ചെയ്തത്. നാടുകാണി ചുരത്തിലെ പ്രധാന ആകർഷക കേന്ദ്രമായ ഒന്നാം വളവിൽ കട്ടകൾ പതിച്ചു ഭംഗിയാക്കിയിട്ടുണ്ട്. ഇവിടെ സ്ഥിരമായി റോഡ് തകർച്ചയുണ്ടാവാറുണ്ട്. ഓവുപാലങ്ങൾ പരമാവധി പുനർ നിർമിച്ചതിനാൽ മഴക്കാലത്ത് റോഡിലൂടെ വെള്ളമൊഴുകിയുണ്ടാവുന്ന തടസത്തിനു ഒരു പരിധി വരെ പരിഹാരമാകും. വഴിക്കടവ് മുതൽ മഞ്ചേരി വരെയുള്ള ഭാഗത്ത് റോഡിന്റെ നവീകരണം നടത്തിയിട്ടില്ല. അതിനുള്ള പ്രത്യേക അടങ്കൽ സർക്കാരിലേക്കു നൽകിയിരുന്നെങ്കിലും അനുമതി നൽകിയില്ല. 
ഇതിനെ തുടർന്ന് വഴിക്കടവ് മുതൽ മഞ്ചേരി വരെയുള്ള കെ.എൻ.ജി. റോഡ് തകർന്നാണ് കിടക്കുന്നത്. അതേ സമയം ഇവിടങ്ങളിലെ ഓവുപാലങ്ങൾ പുതുക്കി നിർമിച്ചിട്ടുണ്ട്. പല ഭാഗങ്ങളിലും  സംരക്ഷണ ഭിത്തികളും നിർമിച്ചിട്ടുണ്ട്. അതോടൊപ്പം സിഗ്നൽ ബോർഡുകൾ, ട്രാഫിക് ലൈനുകൾ, സൈഡ് ഗാർഡുകൾ എന്നിവ സ്ഥാപിച്ചിട്ടുണ്ട്. 12 മീറ്റർ വീതിയിലാണ് റോഡ് നിർമിച്ചത്. നിർമാണത്തിന്റെ ആദ്യഘട്ടത്തിൽ ആനത്താരകൾ അടഞ്ഞതിനാൽ പിന്നീട് അവ പുനഃസ്ഥാപിക്കുകയായിരുന്നു.
 

Latest News