Sorry, you need to enable JavaScript to visit this website.
Friday , January   15, 2021
Friday , January   15, 2021

പാട്ടിൽ വിരിയുന്ന വർണദളങ്ങൾ 

1979. ഹരിപ്പാട്ടുകാരനായ ഒരു യുവകവിയെ തേടി നാന സിനി മാ വാരികയിൽ നിന്നും ഒരു കത്തു വന്നു. ഉടനെ പുറപ്പെട്ട് കൊല്ലത്ത് കുങ്കുമം വാരികയിലെത്തി ഉടമ, കൃഷ്ണസ്വാമി റെഡ്ഡ്യാരെ കാണാനായിരുന്നു കത്തിലെ നിർദ്ദേശം. റെഡ്ഡ്യാരെ നേരത്തെ പരിചയമുള്ള കവി, പിറ്റേന്ന് കൊല്ലത്ത് അദ്ദേഹത്തിന്റെ ഓഫീസിലെത്തി. മുറിയിലപ്പോൾ മുടി നീട്ടിവളർത്തിയ ഒരു ചെറുപ്പക്കാരനിരിക്കുന്നു. റെഡ്ഡ്യാർ അദ്ദേഹത്തെ കവിക്ക് പരിചയപ്പെടുത്തി-ഇത് ബാലചന്ദ്രമേനോൻ. സിനിമ സംവിധായകനാണ്. കവിയെ മേനോനും പരിചയപ്പെടുത്തി-ഇത് ദേവദാസ്. നമ്മുടെ സിനിമയ്ക്ക് ഇദ്ദേഹമാണ് പാട്ടുകൾ എഴുതുന്നത്. 


കുങ്കുമം ഗ്രൂപ്പ്, രാധ എന്ന പെൺകുട്ടി എന്ന സിനിമയുടെ നിർമാണം  തുടങ്ങിയ സമയമായിരുന്നു അത്. ദേവദാസ്, മുമ്പൊരിക്കൽ റെഡ്ഡ്യാരോട് ഒ രു സിനിമയിൽ പാട്ടെഴുതാനുള്ള തന്റെ മോഹം സൂചിപ്പിച്ചിരുന്നു. അദ്ദേഹം നോക്കാം എന്നു പറഞ്ഞതുമാണ്. സിനിമാ ലോകമല്ലെ, പറച്ചിലുകൾ പല തും പാഴ്‌വാക്കുകൾ ആകുന്ന ഇടം എന്നുകരുതി ദേവദാസ് അക്കാര്യം മറന്ന താണ്. പക്ഷെ, അത് മറക്കാതെ ഓർത്തുവച്ച റെഡ്ഡ്യാർ, തന്റെ പുതിയ ചിത്ര  ത്തിൽ അദ്ദേഹത്തിന് ഒരവസരം നൽകുകയായിരുന്നു. 4 പാട്ടുകളാണ് ബാല ചന്ദ്രമേനോൻ, ദേവദാസിനോട് ആവശ്യപ്പെട്ടത്. അവ പെട്ടെന്നെഴുതി തന്റെ അസോസിയേറ്റ് എ.ടി.അബുവിനെ ഏൽപ്പിക്കാൻ നിർദ്ദേശിച്ച് മേനോൻ മദ്രാ സിലേക്ക് മടങ്ങി. വൈകാതെ ദേവദാസ് തന്റെ ആദ്യ സിനിമാ ഗാനമെഴുതി- 
കാട്ടുക്കുറിഞ്ഞി പൂവും ചൂടി 
സ്വപ്‌നം കണ്ട് മയങ്ങും പെണ്ണ്...
തുടർന്ന് മൂന്നു ഗാനങ്ങൾ കൂടി അദ്ദേഹം രചിച്ച് അബുവിന് നൽകി. റെക്കോർഡിംഗിന്റെ തലേന്ന് ദേവദാസ് മദ്രാസിലെത്തി. ശ്യാം ആയിരുന്നു ചിത്രത്തിന്റെ സംഗീത സംവിധായകൻ. പാട്ടിന്റെ വരികൾ വായിച്ചു കേട്ട ശ്യാം, നല്ല അഭിപ്രായം പറഞ്ഞത് ദേവദാസിന് വലിയ ആത്മവിശ്വാസം പക ർന്നു. കാട്ടുക്കുറിഞ്ഞി പൂവും ചൂടി...എന്ന ഗാനം ആ വർഷത്തെ സൂപ്പർ ഹി റ്റ് ഗാനങ്ങളിലൊന്നായി തീർന്നു. രാധ എന്ന പെൺകുട്ടിയിലെ പാട്ടുകൾ ശ്ര ദ്ധേയമായത് ഗാനരചയിതാവ് എന്ന നിലയിൽ ദേവദാസിന് കരിയറിൽ വലിയ ഗുണം ചെയ്തു. കലിക, പ്രേമഗീതങ്ങൾ, കേൾക്കാത്ത ശബ്ദം എന്നിങ്ങനെ ബാലചന്ദ്രമേനോന്റെ മൂന്നു പടങ്ങളിൽ കൂടി തുടർച്ചയായി പാട്ടുകളെഴുതാ ൻ അദ്ദേഹത്തിന് അവസരം കിട്ടി. പ്രേമഗീതങ്ങൾ എന്ന ചിത്രത്തിലൂടെയാണ് ദേവദാസ്, ട്യൂണിന് അനു സരിച്ച് പാട്ടെഴുതി തുടങ്ങുന്നത്. ജോൺസൺ ആയിരുന്നു ചിത്രത്തിന്റെ സം ഗീത സംവിധായകൻ. എഴുതി തയ്യാറാക്കിയ ഗാനങ്ങളുമായി ചെന്ന ദേവദാ സിനോട് തന്റെ കൈയ്യിലുള്ള ചില ട്യൂണുകൾക്കനുസരിച്ച് വരികൾ എഴുതാ ൻ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. വലിയ ബുദ്ധിമുട്ടില്ലാതെ ദേവദാസ് പാട്ടുകളെഴുതി. നീ നിറയൂ ജീവനിൽ പുളകമായ് എന്ന സൂപ്പർഹിറ്റ് ഗാനം അങ്ങനെ പിറന്നു. സ്വപ്‌നം വെറുമൊരു സ്വപ്‌നം, മുത്തും മൂടി പൊന്നും നീ ചൂടിവാ എന്നീ ഗാനങ്ങളും ആ സിനിമയ്ക്കായി ദേവദാസ് എഴുതി. 


എൺപ തുകളുടെ തുടക്കത്തിൽ കൗമാര-യൗവനങ്ങളുടെ കോളജ് ജീവിത സ്വപ്‌നങ്ങളിലെ നിറച്ചാർത്തുകളത്രയും ചാലിച്ച് ചേർത്ത് ആഘോഷമാക്കിയ പ്രേമ ഗീതങ്ങൾ എന്ന ചിത്രത്തിന്റെ അഭൂതപൂർവമായ വിജയത്തിന് പിന്നിൽ ദേവ ദാസിന്റെ പാട്ടുകൾക്കുള്ള പങ്ക് ചെറുതല്ല.  കന്നിപ്പൂമാനം കണ്ണും നട്ടു ഞാൻ നോക്കിയിരിക്കേ...ദേവദാസ് എഴുതിയ മറ്റൊരു സൂപ്പർഹിറ്റ് പാട്ടാണ്. കേൾക്കാത്ത ശബ്ദത്തിലെ ആ ഗാനത്തി ന്റെ സംഗീതവും ജോൺസൺ മാഷുടേതാണ്. പാട്ടുകളുടെ റെക്കോർഡിങി നായി മദ്രാസിൽ നിന്നും ദേവദാസും ജോൺസണും ട്രെയിനിൽ തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. ഫസ്റ്റ്ക്ലാസ് കംപാർട്ടുമെന്റിലിരുന്ന് ജോൺസ ൺ ടേപ്പ്‌റെക്കോർഡറിൽ ഒരു ട്യൂൺ ദേവദാസിനെ കേൾപ്പിച്ചു. ഉടനെ പാട്ടി ന്റെ പല്ലവിയും അനുപല്ലവിയും അദ്ദേഹമെഴുതി. ചരണം തിരുവനന്തപുരത്ത് എത്തിയാണ് എഴുതിയത്. അർഥസമ്പുഷ്ടമായ വരികൾ സംഗീതം കൊണ്ട് എളുപ്പം ഭാവസാന്ദ്രമാക്കാൻ ജോൺസണ് കഴിഞ്ഞപ്പോൾ കന്നിപ്പൂമാനം ക ണ്ണും നട്ടു ഞാൻ എന്ന ഗാനം അനശ്വരതയുടെ കൊടുമുടി കയറി.  
1981 ജനുവരി. കൊല്ലത്തെ കുമാർ തിയേറ്ററിൽ കുങ്കുമം ഗ്രൂപ്പിന്റെ താളം മനസിന്റെ താളം എന്ന സിനിമയുടെ പ്രിവ്യൂ നടക്കുന്നു. പ്രിവ്യൂവിന് കൃഷ് ണസ്വാമി റെഡ്ഡ്യാരോടൊപ്പം അന്നത്തെ ഏറ്റവും പ്രസിദ്ധനായ സിനിമാ നിർ മാതാവ് എവർഷൈനിന്റെ തിരുപ്പതി ചെട്ടിയാരും എത്തിയിട്ടുണ്ട്. ചിത്രത്തി ൽ ദേവദാസ് എഴുതി, ദേവരാജൻ മാസ്റ്റർ ഈണമിട്ട ഒരു പാട്ടുണ്ട്-താളം തെ റ്റിയ ജീവിതങ്ങൾ/തിരകളിലാടും തോണികൾ. ചെട്ടിയാരെ ആ പാട്ട് എന്തെന്നില്ലാതെ വശീകരിച്ചു. റെഡ്ഡ്യാരോട് ആരാണ് ഈ പാട്ടെഴുതിയത് എന്നദ്ദേഹം ചോദിച്ചു. ദേവദാസാണ് എന്നു പറഞ്ഞപ്പോൾ തനിക്കുടനെ അയാളെ കാണണമെന്നായി ചെട്ടിയാർ. 
എവർഷൈൻ നൽകിയ ഫ്‌ളൈറ്റ് ടിക്കറ്റിൽ ദേവദാസ് തിരുവനന്തപുരത്തുനിന്നും മദ്രാസിലേക്ക് പറന്നു. ചെട്ടിയാരെ കണ്ടു. അദ്ദേഹം തന്റെ പു തിയ പടമായ നിഴൽയുദ്ധത്തിലെ പാട്ടുകളെഴുതാനുള്ള ചുമതല ദേവദാസിനെ ഏൽപ്പിച്ച് ഒരു ഹോട്ടലിൽ പാർപ്പിച്ചു. 
എന്നാൽ 16 ദിവസം എവർഷൈനിന്റെ ആളുകളാരും അങ്ങോട്ട് തിരിഞ്ഞുനോക്കിയില്ല. 17-ാം ദിവസം രാത്രി 9 മണിക്ക് ആളെത്തി അദ്ദേഹത്തെ ഓഫീസിലേക്ക് വിളിപ്പിച്ചു. ചെന്നപ്പോൾ അവിടെ എവർഷൈന്റെ പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവും ചെട്ടിയാരുടെ മകനുമായ ലക്ഷ്മണൻ, സംവിധായകൻ ബേബി(ലിസ ബേബി)തിരക്കഥാകൃത്ത് പാപ്പനംകോട് ലക്ഷ്മണൻ, സംഗീത സംവിധായകൻ കെ.ജെ.ജോയ്, ക്യാമറാമാൻ ജെ.വില്യംസ് തുടങ്ങിയ വരൊക്കെയുണ്ട്. അർദ്ധരാത്രി കഴിഞ്ഞപ്പോഴാണ് പ്രൊഡക്ഷൻ എക്‌സിക്യൂട്ടിവ് ദേവദാസിനോട് നർദ്ദേശിക്കുന്നത്-നാളെ രാവിലെ സുശീലാമ്മയുടെ പാട്ടിന്റെ റെക്കോർഡിംഗ് ആണ്. പാട്ട് ഉടനെ എഴുതണം. ആദ്യം ഒന്ന് അന്ധാളിച്ച ദേവദാസ് പാതിരാവിലെപ്പൊഴോ പാട്ടെ ഴുതി. അദ്ദേഹത്തിന്റെ ജീവിതത്തിലും മലയാളികളുടെ മനസിലും ഒരുകാലത്ത് ഹിറ്റായി മാറിയ സപ്തസ്വരരാഗ ധാരയിലലിയുവാൻ/എൻസ്വപ്‌നവേദിയിൽ ഞാനിരുന്നു എന്ന ഗാനത്തിന്റെ പിറവി അങ്ങനെ ആയിരുന്നു.   


ദേവരാജൻ മാഷുമായി വലിയ അടുപ്പം സൂക്ഷിക്കാൻ കഴിഞ്ഞ അപൂർവം ചില പാട്ടെഴുത്തുകാരിൽ ഒരാളാണ് ദേവദാസ്. താളം മനസിന്റെ താളം എന്ന സിനിമയിലൂടെ ആയിരുന്നു അദ്ദേഹം ദേവരാജനെ ആദ്യം പരിചയപ്പെ ടുന്നത്. അത്ര പെട്ടെന്നൊന്നും ആരെയും അടുപ്പിക്കാത്ത ദേവരാജൻ ആദ്യ കാഴ്ചയിൽ തന്നെ ദേവദാസിനെ ഇഷ്ടപ്പെട്ടു. 4 സിനിമകളിലെ അദ്ദേഹം ദേ വരാജൻ മാഷുമായി സഹകരിച്ചുള്ളൂ എങ്കിലും അത് ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരുപിടി അനുഭവങ്ങളാണ് തനിക്ക് സമ്മാനിച്ചത് എന്ന് ദേവദാസ് വ്യക്തമാക്കി.  
ശ്യാം, ദേവരാജൻ മാസ്റ്റർ, ജോൺസൺ, കെ.ജെ.ജോയ്, എം.കെ.അർജുനൻ, രവീന്ദ്രൻ, രഘുകുമാർ, ജെറി അമൽദേവ്, മോഹൻ സിത്താര, ആർ. സോമശേഖരൻ, എ.ടി.ഉമ്മർ തുടങ്ങി 26 ഓളം സംഗീത സംവിധായകർക്കൊപ്പം പ്രവർത്തിക്കാനുള്ള ഭാഗ്യം കിട്ടിയ ഗാനരചയിതാവാണ് ദേവദാസ്. ഏതാണ്ട് 35 ഓളം സിനിമകളിലായി 140-ലേറെ ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. 
ഒരുകാലത്ത് മലയാളി മനസിലേറ്റി നടന്ന ഗാനങ്ങളായിരുന്നു അവയി ൽ മിക്കതും. 41 വർഷങ്ങളായി സിനിമയിൽ പാട്ടെഴുത്തുകാരനായി തുടരുന്ന ദേവദാസിനെ 2018-ൽ മാത്രമാണ് കേരള സംഗീത നാടക അക്കാദമി ഗുരുപൂജ അവാർഡു നൽകി അംഗീകരിച്ചത്. അദ്ദേഹത്തെ മലയാളികൾ പലരും മറന്നു. പക്ഷെ, വരികളിലൂടെ പാട്ടിന്റെ വർണദളങ്ങൾ വിരിയിച്ച് അദ്ദേഹം അനശ്വരനാണിന്നും!