Sorry, you need to enable JavaScript to visit this website.

ശിവശങ്കറിനെ കസ്റ്റംസിന് പേടിയാണോ എന്ന് കോടതി, അഞ്ചു ദിവസം കസ്റ്റഡിയിൽ വിട്ടു

കൊച്ചി- മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ കോടതി അഞ്ചു ദിവസത്തേക്കു കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു. അന്വേഷണ സംഘത്തിന്റെ ആരോപണത്തിലെ ഗൗരവം പരിഗണിച്ച് അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയിൽ വിടാൻ തീരുമാനിക്കുന്നതായി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വ്യക്തമാക്കി. പത്തു ദിവസത്തെ കസ്റ്റഡിയാണ് കസ്റ്റംസ് ആവശ്യപ്പട്ടത്. ജയിലിൽനിന്ന് വിഡിയോ കോൺഫറൻസ് വഴി എം. ശിവശങ്കറും കോടതിയിൽ ഹാജരായിരുന്നു. ശിവശങ്കറിനെതിരെ കസ്റ്റംസിന് ശക്തമായ എന്ത് തെളിവുണ്ടെന്ന് ചോദിച്ച കോടതി ശിവശങ്കറിനെ കസ്റ്റംസിന് ഭയമാണോ എന്ന ചോദ്യവും ഉയർത്തി. ശിവശങ്കറിനെ മനപ്പൂർവം കുടുക്കാൻ ശ്രമിക്കുകയാണെന്നും സ്വപ്നയുടെ മൊഴി പ്രകാരം ഇപ്പോൾ ചോദ്യം ചെയ്യണം എന്നു പറയുന്നതിൽ അടിസ്ഥാനമില്ലെന്നും ശിവശങ്കറിന്റെ അഭിഭാഷകൻ വാദിച്ചു. പ്രതികളിൽ ചിലരിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യണമെന്നായിരുന്നു കസ്റ്റംസ് അഭിഭാഷകരുടെ വാദം.
എന്തിന് കസ്റ്റഡിയിൽ ചോദ്യം ചെയ്യണം എന്നതിന് കൃത്യമായ കാരണം വ്യക്തമാക്കാൻ അന്വേഷണ സംഘത്തിനു സാധിച്ചിട്ടില്ലെന്നും വിമർശനം ഉയർത്തി. അദ്ദേഹത്തിന്റെ ഉയർന്ന പദവികൾ ഒന്നും കസ്റ്റഡി അപേക്ഷയിൽ രേഖപ്പെടുത്തിയിട്ടില്ല. മാധവൻനായരുടെ മകൻ ശിവശങ്കർ എന്നു മാത്രം രേഖപ്പെടുത്തിയിരിക്കുന്നത് എന്തു കൊണ്ടാണെന്നും കോടതി ചോദിച്ചു.
 

Latest News