Sorry, you need to enable JavaScript to visit this website.

ടെലികോം കമ്പനികളിൽ സൗദിവൽക്കരണം ഉയർന്നു

റിയാദ് - രാജ്യത്ത് പ്രവർത്തിക്കുന്ന ടെലികോം കമ്പനികളിൽ സൗദിവൽക്കരണം 88 ശതമാനമായി ഉയർന്നതായി ടെലികോം റെഗുലേറ്ററി അതോറിറ്റിയായ കമ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ (സി.ഐ.ടി.സി) അറിയിച്ചു. ടെലികോം കമ്പനികളിൽ സൗദിവൽക്കരണം ഉയർത്താനും ഉന്നത തസ്തികകൾ പൂർണമായി സ്വദേശിവൽക്കരിക്കാനും ആവശ്യപ്പെടുന്ന തീരുമാനങ്ങൾ സി.ഐ.ടി.സി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ടെലികോം കമ്പനികളിൽ സി.ഇ.ഒ തസ്തികകൾ പൂർണമായും സൗദിവൽക്കരിച്ചിട്ടുണ്ട്. ഒന്നാം ലെവലിലുള്ള സൂപ്പർവൈസറി തസ്തികളിൽ സൗദിവൽക്കരണം 75 ശതമാനമായും രണ്ടാം ലെവലിലുള്ള സൂപ്പർവൈസറി തസ്തികകളിൽ സ്വദേശിവൽക്കരണം 80 ശതമാനമായും ഉയർന്നിട്ടുണ്ട്. 
ടെലികോം കമ്പനികളിൽ മൊത്തത്തിലുള്ള സൗദിവൽക്കരണ അനുപാതം 88 ശതമാനമായി ഉയർന്നിട്ടുണ്ട്. ടെലികോം മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കാനും യോഗ്യരായ സ്വദേശികൾക്ക് മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഭാഗമായാണ് സൗദിവൽക്കരണം ഉയർത്താൻ ടെലികോം കമ്പനികളെ നിർബന്ധിക്കുന്ന തീരുമാനങ്ങൾ സി.ഐ.ടി.സി പ്രഖ്യാപിച്ചത്. 
ടെലികോം മേഖലയിൽ സൗദിവൽക്കരണ ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നതിന് 'ഫ്യൂച്ചർ സ്‌കിൽസ്' ഇനീഷ്യേറ്റീവ് എന്ന പേരിൽ പുതിയ പദ്ധതി കമ്യൂണിക്കേഷൻ ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം അടുത്തിടെ ആരംഭിച്ചിരുന്നു. കൊറോണ മഹാമാരിക്കിടെയും വലിയ നേട്ടം കൈവരിക്കാൻ പദ്ധതിയിലൂടെ സാധിച്ചു. 
പദ്ധതി വഴി 25,000 ത്തിലേറെ സ്വദേശി യുവതീയുവാക്കൾക്ക് മികച്ച തൊഴിൽ മേഖലകളിൽ പരിശീലനം നൽകുകയും 5,000 ലേറെ യുവതീയുവാക്കൾക്ക് ടെലികോം, ഐ.ടി മേഖലയിൽ തൊഴിൽ ലഭ്യമാക്കുകയും ചെയ്തു. സർക്കാർ വകുപ്പുകളുമായും മുൻനിര കമ്പനികളുമായും സംരംഭകരുമായും സഹകരിച്ച്, ടെലികോം, ഐ.ടി മേഖലയിൽ തൊഴിൽ വിപണിയുടെ ആവശ്യവും തൊഴിൽ പരിശീലന കോഴ്‌സുകൾ പൂർത്തിയാക്കി പുറത്തിറങ്ങുന്നവരുടെ യോഗ്യതകളും തമ്മിലെ വിടവ് നികത്തുന്നതിനുള്ള സുസ്ഥിര മാതൃക സൃഷ്ടിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 
ടെലികോം, ഐ.ടി മേഖലാ തൊഴിലുകൾ സൗദിവൽക്കരിക്കാനുള്ള തീരുമാനം കഴിഞ്ഞ ഒക്‌ടോബറിൽ മാനവശേഷി, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി പുറപ്പെടുവിച്ചിരുന്നു. 
ടെലികോം, ഐ.ടി മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും കമ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയവും മാനവശേഷി വികസന നിധിയും ടെലികോം, ഐ.ടി നാഷണൽ കമ്മിറ്റിയും സൗദി കൺസിൽ ഓഫ് ചേംബേഴ്‌സും നേരത്തെ ഒപ്പുവെച്ച കരാറിന്റെ തുടർച്ചയെന്നോണമാണ് ടെലികോം, ഐ.ടി മേഖലാ തൊഴിലുകൾ സൗദിവൽക്കരിക്കാനുള്ള തീരുമാനം മാനവശേഷി, സാമൂഹിക വികസന മന്ത്രി പ്രഖ്യാപിച്ചത്.
 

Tags

Latest News