Sorry, you need to enable JavaScript to visit this website.

ട്വിറ്ററിനു ബദലായി സ്വദേശി ആപ്പ് ടൂറ്റര്‍

ട്വിറ്ററിനെ പരസ്യമായി വെല്ലുവിളിച്ച് ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ച ബദല്‍ ആപ്പ് ടൂറ്റര്‍ രംഗത്ത്. ട്വിറ്ററിന്റെ അനീതിയെ ചെറുക്കാനാണ് ടൂറ്റര്‍ എന്ന് നിര്‍മാതാക്കള്‍ പറയുന്നു. ട്വിറ്ററിനു സമാനമായ നിറവും ഇന്റര്‍ഫേസുമായാണ് ടൂറ്റര്‍ എത്തിയിരിക്കുന്നത്. സ്വദേശി സോഷ്യല്‍ നെറ്റ്വര്‍ക്ക് എന്നാണ് വിശേഷണം. എന്നാല്‍ പലതും ട്വിറ്ററില്‍ നിന്നും പകര്‍ത്തിയതാണ്. സ്വന്തമായി ഇന്ത്യയ്ക്ക് ഒരു സോഷ്യല്‍ നെറ്റ്വര്‍ക്ക് ഇല്ലെങ്കില്‍ നാം അമേരിക്കന്‍ കമ്പനിയുടെ ഡിജിറ്റല്‍ കോളനി മാത്രമായിരിക്കും. ഇതിനു മറുപടിയാണ് ടൂറ്റര്‍ എന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ജുലൈ മുകല്‍ ടൂറ്റര്‍ ആക്ടീവ് ആയി ഉണ്ടെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ ട്വിറ്ററില്‍ ഇതു ട്രെന്‍ഡ് ആയതോടെയാണ് പലരും ശ്രദ്ധിക്കുന്നത്. 

നിലവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ സിങ്, സംഘപരിവാര്‍ സഹയാത്രികന്‍ സദ്ഗുരു, ബിജെപി എന്നിവര്‍ക്ക് ഔദ്യോഗിക വെരിഫൈഡ് അക്കൗണ്ടുകള്‍ ടൂറ്ററില്‍ ഉണ്ട്. 

ട്വിറ്ററില്‍ ചെയ്യുന്ന പോലെ ഏതാണ്ടെല്ലാ കാര്യങ്ങളും ടൂറ്ററിലും ചെയ്യാം. ട്വീറ്റിനു പകരം ടൂറ്റ് ആണ്. ട്വിറ്ററിലെ പക്ഷിക്കു പകരം ടൂറ്ററില്‍ ശംഖാണ് മുദ്രാ ചിത്രം. ഒരു വര്‍ഷം 1000 രൂപ നല്‍കിയാള്‍ ടൂറ്റര്‍ പ്രോയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുമാകും. എന്നാല്‍ സൈറ്റില്‍ ഈ പണം അടക്കാനുള്ള സൗകര്യം നല്‍കിയിട്ടില്ല. പ്രോ വേര്‍ഷനില്‍ എന്തെല്ലാമുണ്ടെന്നും വ്യക്തമല്ല. 

സ്വദേശിയാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും പ്രൈവസി പോളിസി പൂര്‍ണമായും സ്വദേശിയല്ല. യുഎസ് ഭരണഘടനാ വകുപ്പിലെ സ്വകാര്യതാ സംരക്ഷണ നയങ്ങളും യുഎസ് കോടതിയുടെ ഉത്തരവുകളും ഇതില്‍ പറയുന്നുണ്ട്. കോപ്പിയടിച്ചപ്പോള്‍ പറ്റിയ പിഴവാകാം ഇത്.
 

Latest News