കാരുണ്യമെന്നാല്‍ ഇങ്ങനെ, അതിരും അളവുമില്ലാതെ...

ദുബായ്- മാതാപിതാക്കളെ നഷ്ടപ്പെട്ട രണ്ട് ഇന്ത്യന്‍ സഹോദരിമാര്‍ക്ക് യു.എ.ഇ സ്ഥിരതാമസാനുമതി രേഖയായ 10 വര്‍ഷത്തെ ഗോള്‍ഡന്‍ കാര്‍ഡ് വിസ അനുവദിച്ചു. അവരുടെ മുത്തച്ഛനും മുത്തശ്ശിക്കും ഗോള്‍ഡന്‍ വിസ നല്‍കി. ദുബായിലെ കനേഡിയന്‍ യൂണിവേഴ്‌സിറ്റിയിലും റിപ്ടണ്‍ സ്‌കൂളിലും ചേര്‍ന്നു പഠിക്കാന്‍ പെണ്‍കുട്ടികള്‍ക്കു മുഴുവന്‍ സ്‌കോളര്‍ഷിപ്പും അനുവദിച്ചതായും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സും (ജി.ഡി.ആര്‍.എഫ്.എ.) ദുബായ് പോലീസും അറിയിച്ചു. കുടുംബാന്തരീക്ഷത്തില്‍നിന്നുകൊണ്ട് പഠനം പൂര്‍ത്തിയാക്കാന്‍ ഇരുവര്‍ക്കും മുത്തശ്ശിക്കും മുത്തച്ഛനുമൊപ്പം താമസിക്കാനും സൗകര്യമേര്‍പ്പെടുത്തി.
സി.ഐ.ഡി. വിക്ടിം സ്‌പോര്‍ട് പ്രോഗ്രാമിന്റെ ഭാഗമായാണ് ജി.ഡി.ആര്‍.എഫ്.എ.യുടെ പിന്തുണയോടെ ഇവരെ ഗോള്‍ഡന്‍ കാര്‍ഡ് വിസയ്ക്ക് പരിഗണിച്ചത്.

മാതാപിതാക്കള്‍ മരിച്ചതോടെ സഹോദരിമാരായ പെണ്‍കുട്ടികളെ ഇവരുടെ മുത്തച്ഛനും മുത്തശ്ശിയും യു.എ.ഇയിലേക്ക് കൊണ്ടുവരുകയായിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോഴും ഇന്ത്യന്‍ സര്‍ക്കാരുമായി കൂടിയാലോചിച്ചാണ് പ്രത്യേക പരിഗണന നല്‍കി പെണ്‍കുട്ടികളെ യു.എ.ഇയിലേക്കു കൊണ്ടുവന്നത്. ദുബായില്‍ താമസിച്ചു പഠിക്കാനുള്ള കുട്ടികളുടെ മാതാപിതാക്കളുടെ ആഗ്രഹം പൂര്‍ത്തീകരിക്കുകയായിരുന്നു ലക്ഷ്യം. വിവരമറിഞ്ഞതോടെ ദുബായ് പോലീസ് ഇവരുമായി ആശയവിനിമയം നടത്തിയതായും അഡ്മിനിസ്‌ട്രേറ്റീവ് അഫയേഴ്‌സ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അഹമ്മദ് റഫീ പറഞ്ഞു. പെണ്‍കുട്ടികളില്‍ ഒരാള്‍ക്ക് കനേഡിയന്‍ യൂണിവേഴ്‌സിറ്റിയില്‍ നാലുവര്‍ഷത്തെ എന്‍ജിനിയറിംഗ് പഠനം പൂര്‍ത്തിയാക്കാന്‍ മൂന്നു ലക്ഷത്തോളം ദിര്‍ഹമാണ് അനുവദിച്ചതെന്ന് വൈസ് ചാന്‍സലറും പ്രസിഡന്റുമായ പ്രൊഫസര്‍ കരിം ചെല്ലി വിശദീകരിച്ചു. രണ്ടാമത്തെ കുട്ടിക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാനായതില്‍ സന്തോഷമെന്ന് റിപ്ടണ്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഡേവിഡ് കൂക്കും വ്യക്തമാക്കി.

ജി.ഡി.ആര്‍.എഫ്.എ ഡയറക്ടര്‍ ജനറല്‍ ലഫ്റ്റനന്റ് ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി ഗോള്‍ഡന്‍ വിസ ജനറല്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നടന്ന ചടങ്ങില്‍ ഇവര്‍ക്ക് കൈമാറി. ദുബായ് പോലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ അഫയേഴ്‌സ് അസിസ്റ്റന്റ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹീം അല്‍ മന്‍സൂരി, ജി.ഡി.ആര്‍.എഫ്.എ. ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍, ഹ്യൂമന്‍ റിസോഴ്‌സസ് ആന്‍ഡ് ഫിനാന്‍സ് അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അവാദ് അല്‍ അവീം, ദുബായ് പോലീസ് സി.ഐ.ഡി. ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ ജമാല്‍ സാലിം അല്‍ ജല്ലാഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

Latest News