Sorry, you need to enable JavaScript to visit this website.

പേരറിവാളനെ വിട്ടയയ്ക്കണമെന്ന് കമല്‍ ഹാസന്‍

ചെന്നൈ-രാജീവ് ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്ന പേരറിവാളനെ വിട്ടയയ്ക്കണമെന്ന ആവശ്യവുമായി നടന്‍ കമല്‍ ഹാസന്‍. 30 വര്‍ഷമായി ജയിലില്‍ കഴിയുന്ന പേരറിവാളന് വൈകിയെങ്കിലും നീതി ലഭിക്കണമെന്ന് കമല്‍ ഹാസന്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു കമല്‍ ഹാസന്റെ പ്രതികരണം. ശരിയായ രീതിയിലാണോ പേരറിവാളന്റെ വിചാരണ നടക്കുന്നതെന്ന സംശയം കമല്‍ ഹാസന്‍ പ്രകടിപ്പിച്ചു. 30 വര്‍ഷം പൂര്‍ത്തിയായിട്ടും പേരറിവാളന്റെ ജയില്‍ വാസം തുടരുകയാണ്. കോടതികള്‍ വെറുതെ വിട്ടെങ്കിലും ഗവര്‍ണറുടെ ഒരു ഒപ്പിന് വേണ്ടി കാത്തിരിക്കുകയാണ്. വൈകി കിട്ടുന്ന നീതിയെങ്കിലും നല്‍കണമെന്നും പേരറിവാളനെ വിട്ടയയ്ക്കണെന്നും കമല്‍ ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു.  മകനു വേണ്ടി 29 വര്‍ഷം നിയമപോരാട്ടം നടത്തിയ പേരറിവാളന്റെ അമ്മ അര്‍പ്പുതമ്മാളിന്റെ പോരാട്ടം അവസാനിപ്പിക്കുന്നതിന് വേണ്ടി കുറ്റം ചെയ്യാത്ത പേരറിവാളനെ വെറുതെ വിടണമെന്നും മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി ഫേസ്ബുക്ക് വീഡിയോയിലൂടെ ആവശ്യപ്പെട്ടു. 19ാം വയസ്സില്‍ ജയിലില്‍ അടക്കപ്പെട്ട പേരറിവാളന് 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പരോള്‍ ലഭിച്ചത്. പേരറിവാളന്റെ മോചനം ആവശ്യപ്പെട്ട് സിനിമ മേഖലയിലെ നിരവധി പ്രമുഖരാണ് രംഗത്തെത്തിയിരിക്കുന്നത്. പേരറിവാളന്റെ ജയില്‍ മോചനത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ച ഫയലില്‍ 2 വര്‍ഷം കഴിഞ്ഞിട്ടും ഗവര്‍ണര്‍ അംഗീകാരം നല്‍കാത്തതില്‍ സുപ്രീം കോടതി നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

Latest News