സി.ബി.ഐയുടെ പ്രവർത്തനം സംബന്ധിച്ച് സുപ്രധാനമായ വിധിയാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ നിന്നുണ്ടായത്. സംസ്ഥാന സർക്കാരുകളുടെ സമ്മതമില്ലാതെ സി. ബി.ഐക്ക് കേസന്വേഷണം നടത്താനാകില്ലെന്നതായിരുന്നു പ്രസ്തുത വിധി. സി.ബി.ഐയുടെ ഭാഗത്തുനിന്ന് സമീപകാലത്തുണ്ടായ പല അന്വേഷണങ്ങളും പരിശോധിച്ചാൽ ഈ വിധി വളരെയധികം പ്രസക്തമാണെന്ന് പറയാൻ സാധിക്കും.
സി.ബി.ഐ കൂട്ടിലടച്ച തത്തയാണെന്ന സുപ്രീം കോടതിയുടെ പരാമർശമുണ്ടായത് ഏഴ് വർഷങ്ങൾക്ക് മുമ്പായിരുന്നു. കൽക്കരി ഖനി കുംഭകോണവുമായി ബന്ധപ്പെട്ട സി.ബി.ഐ അന്വേഷണത്തിന്റെ ഘട്ടത്തിലാണ് 2013 മേയിൽ സുപ്രീം കോടതിയിലെ ബെഞ്ചിൽ നിന്ന് ഇത്തരമൊരു പരാമർശമുണ്ടായത്. ഇതിന് പുറമെ 2013 ൽ തന്നെ ഗുവാഹതി ഹൈക്കോടതി പുറപ്പെടുവിച്ച മറ്റൊരു വിധിയും പ്രസക്തമാണ്. സി.ബി.ഐ ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു അന്നത്തെ വിധി. ഇതിനെതിരായ ഹരജി ഇപ്പോഴും തീർപ്പാകാതെ സുപ്രീം കോടതിയിൽ കിടക്കുകയാണ്.
സി.ബി.ഐയെ കുറിച്ചുള്ള നിരീക്ഷണങ്ങളും വിധികളും അന്നത്തെ സാഹചര്യത്തിൽ പരിശോധിക്കുമ്പോൾ കൗതുകകരമായ ചില വസ്തുതകൾ കൂടി വായിച്ചെടുക്കേണ്ടതുണ്ട്. അതിലൊന്ന് കേന്ദ്രം കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സർക്കാർ ഭരിക്കുമ്പോഴായിരുന്നു അതൊക്കെ ഉണ്ടായത് എന്നതാണ്. ഇപ്പോൾ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സി.ബി.ഐ ഉൾപ്പെടെയുള്ള ഏജൻസികളെ രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നതിനുള്ള ഉപകരണമാക്കുന്നതിന്റെ ഇരകളിൽ അവരും ഉൾപ്പെടുന്നുണ്ടെന്നതാണ് അതിന് കാരണം. മറ്റൊന്ന് അക്കാലത്ത് രാജ്യസഭയിലെ ബി.ജെ.പി ഗ്രൂപ്പിന്റെ നേതാവായിരുന്ന പരേതനായ അരുൺ ജെയ്റ്റ്‌ലിയുടെ നിരീക്ഷണമാണ്. സി.ബി.ഐയെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നതിന്റെ നിരവധി ഉദാഹരണങ്ങൾ പരിശോധിച്ചാൽ പ്രസ്തുത അന്വേഷണ ഏജൻസിയുടെ വിശ്വാസ്യത നഷ്ടമായിരിക്കുന്നു എന്നായിരുന്നു ജെയ്റ്റ്‌ലി അന്ന് പ്രസ്താവിച്ചത്. പിന്നീട് ജെയ്റ്റ്‌ലി കേന്ദ്ര മന്ത്രിയായിരിക്കുമ്പോഴും ഇപ്പോൾ അദ്ദേഹത്തിന്റെ പാർട്ടി ഭരിച്ചുകൊണ്ടിരിക്കുമ്പോഴും സി.ബി.ഐ കൂട്ടിലടച്ച തത്ത മാത്രമല്ല പലപ്പോഴും രാഷ്ട്രീയ എതിരാളികൾക്കെതിരെയുള്ള വേട്ടനായ ആയും ഉപയോഗിക്കപ്പെടുന്നുവെന്നതിന് നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടാനാകും. എന്നു മാത്രമല്ല സി.ബി.ഐക്കൊപ്പം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ആദായ നികുതി വകുപ്പ് എന്നിവയെയും ബി.ജെ.പി സർക്കാർ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
യഥാർത്ഥത്തിൽ സി.ബി.ഐ കേന്ദ്ര അന്വേഷണ ഏജൻസിയെന്ന നിലയിലാണ് അറിയപ്പെടുന്നതെങ്കിലും പാർലമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലല്ല അത് പ്രവർത്തിക്കുന്നത്. ദൽഹി സ്‌പെഷ്യൽ പോലീസ് എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. പ്രസ്തുത നിയമപ്രകാരം അതിന്റെ അധികാര പരിധിയാകട്ടെ, ദൽഹിയും മറ്റു കേന്ദ്ര ഭരണ പ്രദേശങ്ങളുമാണ്. ഈ നിയമത്തിലെ അഞ്ചാം വകുപ്പ് അനുസരിച്ച് സി.ബി.ഐയുടെ അന്വേഷണ പരിധി കേന്ദ്ര ഭരണ പ്രദേശങ്ങൾക്കപ്പുറം വ്യാപിപ്പിക്കാമെന്ന് പറയുന്നുണ്ടെങ്കിലും ആറാം വകുപ്പ് പ്രകാരം അതാത് സംസ്ഥാനങ്ങൾ അനുമതി നൽകുന്നില്ലെങ്കിൽ അതിന് സാധ്യമല്ലെന്ന് വ്യവസ്ഥയുണ്ട്. എന്നാൽ അഞ്ചാം വകുപ്പ് മാത്രം ഉദ്ധരിച്ച് കേന്ദ്ര സർക്കാർ പല സംസ്ഥാനങ്ങളുടെയും അനുമതിയില്ലാതെ രാഷ്ട്രീയ വിരോധം വെച്ച് അന്വേഷണം നടത്തുകയും സംസ്ഥാന സർക്കാരുകളെ വേട്ടയാടുകയും ചെയ്യുന്ന പ്രവണത വർധിച്ചുവരികയാണ്. പ്രത്യേകിച്ചും തങ്ങളുടെ ഇഷ്ടത്തിനൊത്ത് നിൽക്കാത്ത സംസ്ഥാനങ്ങൾക്കു നേരെയാണ് ഈ സമീപനം സ്വീകരിക്കുന്നത്. സ്വതന്ത്ര ഏജൻസിയെന്നാണ് പറയപ്പെടാറുള്ളതെങ്കിലും പ്രധാനമന്ത്രിക്ക് കീഴിലുള്ള പേഴ്‌സണൽ ആന്റ് പബ്ലിക് ഗ്രീവൻസ് മന്ത്രാലയത്തിന് കീഴിലാണ് ഇത് പ്രവർത്തിക്കുന്നതെന്നതുകൊണ്ടു തന്നെ അതിന്റെ നിഷ്പക്ഷതയും സംശയത്തിന്റെ നിഴലിലാണ്.
ഈ സാഹചര്യത്തിലാണ് സി.ബി.ഐ അന്വേഷണത്തിനുള്ള പൊതുസമ്മതം പിൻവലിക്കുന്ന തീരുമാനം ചില സംസ്ഥാനങ്ങൾ സമീപ നാളുകളിൽ കൈക്കൊണ്ടത്. കേരളം, രാജസ്ഥാൻ, ബംഗാൾ, ഝാർഖണ്ഡ്, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, പഞ്ചാബ്, മിസോറം എന്നീ സംസ്ഥാനങ്ങളാണ് സി.ബി.ഐ അന്വേഷണത്തിനുള്ള പൊതുസമ്മതം റദ്ദാക്കിയത്. ഇത് വളരെയധികം ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്ന ഘട്ടത്തിലാണ് പരമോന്നത കോടതിയിൽ നിന്നുള്ള സുപ്രധാനമായ വിധിയുണ്ടായിരിക്കുന്നത്. കേരളത്തിൽ രാഷ്ട്രീയമായ വേട്ടയാടലിനും സർക്കാരിനെ അസ്ഥിരമാക്കുന്നതിനുള്ള വഴിയൊരുക്കുന്നതിനും സി.ബി.ഐ ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളെ കെട്ടഴിച്ചുവിട്ടിരിക്കുകയാണ് ബി.ജെ.പി സർക്കാർ. അന്വേഷണ പരിധിയിൽ പെടുന്ന വിഷയങ്ങൾ ഒഴിവാക്കി മറ്റു വിഷയങ്ങൾ കണ്ടെത്തുകയും അതിന്റെ പേരിൽ വിശ്വാസ്യത സ്വയം നഷ്ടപ്പെടുത്തുന്ന സമീപനങ്ങളാണ് ഈ അന്വേഷണ ഏജൻസികളെല്ലാം സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. മാത്രവുമല്ല, രാഷ്ട്രീയ വിരോധം തീർക്കുന്നതിന് ബി.ജെ.പിക്കാർ നൽകുന്ന വ്യാജ പരാതികൾ പോലും അന്വേഷണത്തിന് ഉപയോഗിച്ച് എതിരാളികളെ വേട്ടയാടുന്നതിനും ശ്രമിക്കുന്നു. ഈയൊരു പശ്ചാത്തലത്തിൽ പരമോന്നത കോടതിയിൽ നിന്നുണ്ടായിരിക്കുന്ന വിധിക്ക് ഏറെ രാഷ്ട്രീയ പ്രാധാന്യവും മാനങ്ങളുമുണ്ട്.






