തിരുവനന്തപുരം- ക്വാറന്റീനിലായിരുന്ന യുവതിയെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പീഡിപ്പിച്ച കേസിൽ വഴിത്തിരിവ്. പീഡനം നടന്നിട്ടില്ലെന്നും പരസ്പര സമ്മതതത്തോടെയുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്നും യുവതി സത്യവാങ്മൂലം നൽകി. ഇതോടെ കേസിൽ അറസ്റ്റിലായ ഹെൽത്ത് ഇൻസ്‌പെക്ടർക്ക് ജാമ്യം നൽകി. കോവിഡ് സർട്ടിഫിക്കറ്റ് നൽകാമെന്ന് പറഞ്ഞ് യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി കെട്ടിയിട്ട് പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. കുളത്തൂപ്പുഴ സ്വദേശിയായ യുവതിയാണ് കേസിലെ പരാതിക്കാരി. മലപ്പുറത്ത് ജോലിക്ക് പോയി മടങ്ങി വന്ന് ക്വാറന്റീനിലായിരുന്ന താൻ കോവിഡ് പരിശോധനക്ക് ശേഷം ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ വിളിച്ചിരുന്നു. സർട്ടിഫിക്കറ്റ് നൽകാനായി ഇൻസ്‌പെക്ടർ തന്നെ വീട്ടിലേക്ക് വിളിപ്പിക്കുകയും അവിടെ എത്തിയപ്പോൾ കെട്ടിയിട്ട് പീഡിപ്പിച്ചുവെന്നുമായിരുന്നു പരാതി. രാത്രി മുഴുവൻ കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് ഇവർ പോലീസിൽ നേരത്തെ പരാതി നൽകിയിരുന്നത്. ഈ കേസിലാണ് ഇപ്പോൾ വഴിത്തിരിവുണ്ടായത്.