തിരുവനന്തപുരം - മുഖ്യധാരാ മാധ്യമങ്ങളെ അടക്കം നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടുള്ള പോലീസ് ആക്ട് ഭേദഗതി നിലവില്‍ വന്നു. സ്ത്രീകള്‍ക്കെതിരായുള്ള സൈബര്‍ അതിക്രമങ്ങളെ ചെറുക്കാന്‍ എന്ന പേരില്‍ കൊണ്ടുവന്ന പോലീസ് ആക്ട് ഭേദഗതി മാധ്യമങ്ങളെ വരുതിയിലാക്കാന്‍ ലക്ഷ്യം വെക്കുന്നു. സര്‍ക്കാരിനും നേതാക്കള്‍ക്കുമെതിരെയുള്ള വാര്‍ത്തകള്‍ നല്‍കുന്നതില്‍നിന്നു മാധ്യമങ്ങള്‍ക്ക് ഇതോടെ പിന്‍മാറേണ്ടിവരും.
പോലീസ് ആക്ടില്‍ 118 (എ) എന്ന ഉപവകുപ്പ് ചേര്‍ത്താണ് ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. ഇതനുസരിച്ച് ഒരു വാര്‍ത്തക്കെതിരെ ആര്‍ക്കു വേണമെങ്കിലും മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയോ മാധ്യമ സ്ഥാപനത്തിനെതിരെയോ ഏതു പോലീസ് സ്റ്റേഷനിലും പരാതി നല്‍കാം. ആരും പരാതി നല്‍കിയില്ലെങ്കില്‍ പോലീസിന് സ്വമേധയാ കേസെടുക്കാം. വാര്‍ത്തയിലൂടെ ഒരാള്‍ക്ക് മാനഹാനി ഉണ്ടായെന്ന് തോന്നിയാല്‍ മറ്റാര്‍ക്കു വേണമെങ്കിലും പരാതി നല്‍കാം.
ജാമ്യമില്ലാത്ത വകുപ്പ് ആയതിനാല്‍ അറസ്റ്റ് ചെയ്യാം. അറസ്റ്റ് ചെയ്യാന്‍ മജിസ്‌ട്രേറ്റിന്റെ അനുമതിയോ വാറണ്ടോ ആവശ്യവുമില്ല. ശിക്ഷയായി അഞ്ചു വര്‍ഷം വരെ തടവോ 10,000 രൂപ പിഴയോ രണ്ടും കൂടിയോ ചുമത്താം. ഭീഷണി, അധിക്ഷേപം, അപമാനം, അപകീര്‍ത്തി എന്നിവ ഉള്‍ക്കൊള്ളുന്ന എന്തും ഏത് വിനിമയ ഉപാധി വഴി പ്രസിദ്ധീകരിച്ചാലും പ്രചരിപ്പിച്ചാലും കേസെടുക്കാം. ഭേദഗതിയിലൂടെ മാധ്യമങ്ങളെ പോലീസിനെ ഉപയോഗിച്ച് നിയന്ത്രിക്കാനുള്ള നീക്കമാണിതെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.






