മുംബൈ സാഹിത്യോത്സവത്തില്‍ വിഖ്യാത ചിന്തകന്‍ ചോംസ്‌കിയുടെ പരിപാടി അപ്രതീക്ഷിതമായി റദ്ദാക്കി

മുംബൈ- ടാറ്റ സ്‌പോണ്‍സര്‍ ചെയ്യുന്ന മുംബൈ സാഹിത്യോത്സവില്‍ നടക്കാനിരുന്ന വിഖ്യാത യുഎസ് ചിന്തകനും സാമൂഹിക വിമര്‍ശകനുമായ നോം ചോംസ്‌കിയും ചരിത്രകാരന്‍ വിജയ് പ്രശാദും തമ്മിലുള്ള സംഭാഷണം സംഘാടകര്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കി. വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന പരിപാടി മണിക്കൂറുകള്‍ക്കു മുമ്പാണ് അധികൃതര്‍ ഒഴിവാക്കിയതെന്ന് ചോംസ്‌കിയും പ്രശാദും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. സൂമിം ഓണ്‍ലൈനായി വെള്ളിയാഴ്ച വൈകുന്നേരത്തേക്കായിരുന്നു ഈ സംഭാഷണം നിശ്ചിയിച്ചിരുന്നത്. ഇതു സോഷ്യല്‍ മീഡിയയില്‍ ലൈവ് ചെയ്യാനിരുന്നതുമാണ്. 

ടാറ്റയ്‌ക്കെതിരെ പ്രസ്താവന നടത്താനുള്ള ഇരുവരുടെയും തീരുമാനത്തെ തുടര്‍ന്നാണ് സംഘാടകരുടെ നടപടി. ടാറ്റ പോലുള്ള കോര്‍പറേറ്റുകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന പരിപാടിയില്‍ പങ്കെടുക്കരുതെന്ന് ചോംസ്‌കിയോട് ആവശ്യപ്പെട്ട് 50ഓളം ആക്ടിവിസ്റ്റുകളും പൗരാവകാശ പ്രവര്‍ത്തകരും സംയുക്തമായി ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഇരുവരും ടാറ്റയ്‌ക്കെതിരെ പ്രസ്താവന ഇറക്കാന്‍ ഒരുങ്ങിയത്. ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമവും ടാറ്റ ഉള്‍പ്പെടെയുള്ള കോര്‍പറേറ്റു കമ്പനികളുടെ പരിസ്ഥിതി ചട്ടലംഘനങ്ങളും ആദിവാസികളുടെ അവകാശങ്ങളുമെല്ലാം സംഭാഷണത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നതായി വിജയ് പ്രശാദ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. 

യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിജയ് പ്രശാദ് ട്രൈകോണ്ടിനന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ റിസര്‍ച് എക്‌സിക്യൂട്ടീവ് ഡയറക്ടറും ലെഫ്‌റ്റ്വേഡ് ബുക്ക്‌സ് ചീഫ് എഡിറ്ററുമാണ്.


 

Latest News