ദോഹ - ഖത്തറിലെ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികൾക്കായി യൂത്ത് ഫോറവും വിദ്യാർഥി സംഘടനയായ സ്റ്റുഡന്റ്‌സ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന 22- ാമത് ഇന്റർ സ്‌കൂൾ മത്സരങ്ങളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. നവംബർ 17 വെള്ളിയാഴ്ച ഉച്ചക്ക് ഒന്ന് മുതൽ അബൂഹമൂറിലെ ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ ആണ് മത്സരങ്ങൾ നടക്കുക.
സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി പ്രസംഗം, പ്രബന്ധ രചന, ക്വിസ്, കഥ പറയൽ, ഖുർആൻ പാരായണം, മനഃപാഠം, ഡിബേറ്റ് തുടങ്ങിയ ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക.
സ്‌കൂളുകൾ വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമാണ് പങ്കെടുക്കാൻ അവസരമുണ്ടാവുക. പ്രസംഗം, കഥ പറയൽ എന്നീ മത്സര ഇനങ്ങൾ മലയാള ഭാഷയിലാവും നടക്കുക.
ഹയർ സെക്കണ്ടറി ക്ലാസുകളിലെ വിദ്യാർഥികൾക്ക് ദോഹ മതാന്തര സംവാദ കേന്ദ്രവുമായി ചേർന്ന് സംഘടിപ്പിക്കുന്ന ഇന്റർ സ്‌കൂൾ ഡിബേറ്റും അരങ്ങേറും.
പരിപാടിയുടെ നടത്തിപ്പിനായി ജംഷീദ് ഇബ്രാഹീമിനെ ജനറൽ കൺവീനറായും മുനീർ ജലാലുദ്ദീൻ, താസീൻ അമീൻ എന്നിവരെ കൺവീനർമാരായും തെരഞ്ഞെടുത്തു.
മുഹമ്മദ് ഷബീർ, ഉസ്മാൻ പുലാപ്പറ്റ, മുബാറക് മുഹമ്മദ്, സുനീർ പുതിയോട്ടിൽ, ജാബിർ ജലാൽ, ഷമീർ മണാലിൽ, ഷുഐബ് മുഹമ്മദ്, ഷറീൻ, കാമിൽ മുഖ്താർ, അജാസ്, ഹബീബ് എന്നിവരെ വിവിധ വകുപ്പ് തലവന്മാരായും തെരഞ്ഞെടുത്തു. യൂത്ത് ഫോറം പ്രസിഡന്റ് എസ്.എ. ഫിറോസ് അദ്ധ്യക്ഷനായി.
വിജയികൾക്ക് സർട്ടിഫിക്കറ്റ്, ട്രോഫികൾ എന്നിവയും ഓവറോൾ ചാമ്പ്യൻ സ്‌കൂളിനും രണ്ടും മൂന്നും സ്ഥാനക്കാർക്കും റോളിംഗ് ട്രോഫികളും സമ്മാനിക്കും.






