രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനം തമിഴ്‌നാട് ഗവര്‍ണറുടെ തീരുമാനത്തെ ആശ്രയിച്ചെന്ന് സിബിഐ

ന്യൂദല്‍ഹി- മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന പ്രതികളുടെ മോചനം തമിഴ്‌നാട് ഗവര്‍ണറുടെ തീരുമാനത്തെ ആശ്രയിച്ചാണിരിക്കുന്നതെന്ന് സിബിഐ സുപ്രീം കോടതിയെ അറിയിച്ചു. പ്രതികളുടെ നേരത്തേയുള്ള മോചനം ഗവര്‍ണറും ഹര്‍ജിക്കാരനും തമ്മിലുള്ള വിഷയമാണ്, ഇതില്‍ സിബിഐക്ക് പങ്കില്ലെന്ന് ശനിയാഴ്ച സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സിബിഐ പറഞ്ഞു. അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ ബന്‍വരിലാല്‍ പുരോഹിതില്‍ നിന്നും അപേക്ഷയൊന്നും ലഭിച്ചിട്ടില്ലെന്നും സിബിഐ സത്യവാങ്മൂലത്തില്‍ പറയുന്നു. 

രാജീവ് വധക്കേസ് പ്രതികളെ മോചിതരാക്കണമെന്ന് 2018ല്‍ തമിഴ്‌നാട് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇത് ഗവര്‍ണറുടെ തീരുമാനവും കാത്തുകെട്ടിക്കിടക്കുകയാണ്. ഇതു സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സിബിഐ കൂടി ഭാഗമായ മള്‍ട്ടി ഡിസിപ്ലിനറി മോനിറ്ററിങ് ഏജന്‍സിയുടെ അന്തിമ റിപോര്‍ട്ട് ഗവര്‍ണര്‍ കാത്തിരിക്കുകയാണെന്ന് സെപ്തംബറില്‍ ഗവര്‍ണറുടെ സെക്രട്ടറി മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.

രാജീവ് വധത്തിനു പിന്നിലെ വിശാല ഗൂഢാലോചന സംബന്ധിച്ച് ഇപ്പോഴും അന്വേഷണം നടന്നു വരികയാണെന്നും സിബിഐ സുപ്രീം കോടതിയെ അറിയിച്ചു.

Latest News