തളിപ്പറമ്പ് - പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം ഗള്‍ഫിലേക്കു കടന്ന പിതാവിനെ അറസ്റ്റു ചെയ്തു. ഖത്തറില്‍ ഹോട്ടല്‍ ബിസിനസ് നടത്തുന്ന തളിപ്പറമ്പ് കുറുമാത്തൂര്‍ സ്വദേശിയായ 46 കാരനെയാണ് തളിപ്പറമ്പ് പോലീസ് കണ്ണൂര്‍ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റു ചെയ്തത്. പ്രതിക്കെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കോവിഡിനു മുമ്പ് നാട്ടിലെത്തിയ ഇയാള്‍, വീട്ടില്‍ വെച്ചാണ് മകളെ പല തവണ പീഡിപ്പിച്ചത്. പിന്നീട് കഴിഞ്ഞ ഒക്‌ടോബറില്‍ തിരികെ ഖത്തറിലേക്കു മടങ്ങി. കഴിഞ്ഞ മാസം 28 നു വീട്ടില്‍ തലകറങ്ങി വീണ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് വ്യക്തമായത്.
ബന്ധുവും അയല്‍വാസിയുമായ 15 കാരന്റെ പേരാണ് പെണ്‍കുട്ടി ആദ്യം പറഞ്ഞത്. തുടര്‍ന്ന് മൊഴികളില്‍ വൈരുദ്ധ്യം കണ്ടതിനെത്തുടര്‍ന്ന് വനിതാ ഉദ്യോഗസ്ഥര്‍ വിശദമായി സംസാരിച്ചപ്പോഴാണ് പിതാവാണ് പീഡിപ്പിച്ചതെന്ന് വ്യക്തമായത്. വിവരം പുറത്തു പറഞ്ഞാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.
ഇയാളുടെ നിര്‍ദേശമനുസരിച്ചാണ് ആദ്യം ബന്ധുവായ പതിനഞ്ചുകാരന്റെ പേര് പറഞ്ഞത്.
ശരിയായ വിവരം പുറത്തു വന്നതിനെത്തുടര്‍ന്ന് പ്രതിക്കെതിരെ പോക്‌സോ വകുപ്പനുസരിച്ച് കേസെടുക്കുകയും ലുക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു.
ഇന്നലെ രാവിലെ ഖത്തറില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തിലിറങ്ങിയപ്പോഴാണ് തളിപ്പറമ്പ് സി.ഐ സത്യനാഥന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഖത്തറിലുള്ള മലയാളികളും ബന്ധുക്കളും ഇടപെട്ടതിനെത്തുടര്‍ന്നാണ് പ്രതി നാട്ടിലേക്കു മടങ്ങാന്‍ സന്നദ്ധമായത്. വൈദ്യപരിശോധനക്കു ശേഷം പ്രതിയെ മജിസ്‌ട്രേറ്റു മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.






