Sorry, you need to enable JavaScript to visit this website.

കേന്ദ്ര ഏജൻസികൾക്കെതിരെ സമരം ശക്തമാക്കി സി.പി.എം, 25ന് ബഹുജന കൂട്ടായ്മ

തിരുവനന്തപുരം- കേരളത്തിന്റെ വികസന പദ്ധതികൾ അട്ടിമറിക്കാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബി.ജെ.പി ശ്രമിക്കുകയാണെന്നും ഇതിനെതിരെ ഈ മാസം 25ന് പഞ്ചായത്ത് നഗരസഭ കേന്ദ്രങ്ങളിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുമെന്നും സി.പി.എം. കേരളത്തെ രക്ഷിക്കുക, വികസനം സംരക്ഷിക്കുക എന്നാവശ്യപ്പെട്ടാണ് കൂട്ടായ്മ സംഘടിപ്പിക്കുകയെന്ന് സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ വ്യക്തമാക്കി. 
സി.പി.എം പ്രസ്താവന
കേരളത്തിന്റെ വികസന പദ്ധതികളെ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിനെതിരെ കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. ഇതിന്റെ ഭാഗമായി നവംബർ 25 ന് വൈകുന്നേരം 5 മണിക്ക് പഞ്ചായത്ത്  നഗരസഭാ കേന്ദ്രങ്ങളിൽ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും.
സ്വർണ്ണ കള്ളക്കടത്ത് അന്വേഷിക്കുന്നതിന് പകരം കേന്ദ്ര അന്വേഷണ ഏജൻസികൾ എല്ലാ വികസന പദ്ധതികളും സ്തംഭിപ്പിക്കാൻ നോക്കുകയാണ്. കെഫോൺ, ഇമൊബിലിറ്റി, ടോറസ് പാർക്ക്, ലൈഫ് മിഷൻ തുടങ്ങിയ പദ്ധതികളിൽ അവർ ഇടപെട്ടു കഴിഞ്ഞു. ഇതിന്റെ തുടർച്ചയാണ് കിഫ്ബി വഴി വായ്പ എടുക്കുന്നത് തന്നെ നിയമ വിരുദ്ധമാണെന്നുള്ള സി.എ.ജിയുടെ റിപ്പോർട്ട്. ഇതുവഴി സംസ്ഥാനത്താകെ നടത്തുന്ന 60,000 കോടിയുടെ വികസന പ്രവർത്തനങ്ങൾ നിർത്തിവെയ്പ്പിക്കുന്നതിനാണ് ശ്രമിക്കുന്നത്. സ്‌കൂളുകളുടെ ആധുനിക വത്ക്കരണം, ആശുപത്രികളുടെ നിലവാരം മെച്ചപ്പെടുത്തൽ, ദേശീയപാത വികസനം, റോഡുകൾ  പാലങ്ങൾ എന്നിവയുടെ നിർമ്മാണം തുടങ്ങിയ വികസന പദ്ധതികൾ ഇല്ലാതാക്കാനുള്ള നീക്കം കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇത്തരത്തിൽ വികസനത്തിന്റെ ഈ നേട്ടം എൽ.ഡി.എഫിന് രാഷ്ട്രീയമായി അനുകൂലമാകുമെന്ന് ഭയന്നാണ് യു.ഡി.എഫ്  ബി.ജെ.പി കൂട്ടുകെട്ട് ഇത്തരം സങ്കുചിത പ്രവർത്തനത്തിന് തയ്യാറാകുന്നത്.
അതോടൊപ്പം പ്രളയവും കോവിഡും പോലുള്ള മഹാദുരന്തങ്ങളെ സമചിത്തതയോടെ അഭിമുഖീകരിക്കുകയും ജനങ്ങളെ ഒറ്റക്കെട്ടായി അണിനിരത്തി അതിജീവിക്കുന്നതിന് സമർത്ഥമായ നേതൃത്വം നൽകുകയും ചെയ്ത മുഖ്യമന്ത്രിയേയും സഹപ്രവർത്തകരേയും അപകീർത്തിപ്പെടുത്തുവാനുള്ള ആസൂത്രിത ശ്രമവുമുണ്ട്. കേന്ദ്ര ഏജൻസികളെ ഈ ലക്ഷ്യത്തോടെ ദുരുപയോഗപ്പെടുത്തുകയാണ്. എൽ.ഡി.എഫ് സർക്കാരിന്റെ നേതൃത്വത്തിൽ നടത്തുന്ന വികസനപ്രവർത്തനങ്ങൾ അട്ടിമറിക്കാനും അതിന്റെ നേനൃത്വത്തെ കരിവാരി തേയ്ക്കാനും നടക്കുന്ന നികൃഷ്ട നീക്കങ്ങൾക്കെതിരെ ശക്തമായ ജനവികാരം വളർത്തിക്കൊണ്ടുവരണം.
ഭകേരളത്തെ രക്ഷിക്കുക, വികസനം സംരക്ഷിക്കുക' എന്ന മുദ്രാവാക്യം ഉയർത്തി വികസന സംരക്ഷണ ദിനമായാണ് ഈ പരിപാടി സംഘടിപ്പിക്കുക. ഈ പ്രക്ഷോഭത്തിൽ കേരളത്തിന്റെ വികസനം ആഗ്രഹിക്കുന്ന മുഴുവൻ ബഹുജനങ്ങളും അണിചേരണമെന്നും എ വിജയരാഘവൻ പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.
 

Latest News