ചോ: നീണ്ട ഇടവേളക്കു ശേഷം ജനുവരിയിലെ ഏഷ്യൻ ടൂറിൽ സിന്ധു കളത്തിലിറങ്ങുകയാണ്. ഒരു വർഷത്തോളം മത്സര ബാഡ്മിന്റണിൽ നിന്ന് വിട്ടുനിന്നത് പ്രയാസകരമായിരുന്നോ?
ഉ: വളരെ പ്രതീക്ഷയോടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്. കോവിഡ് കാരണം എവിടെയും ടൂർണമെന്റ് നടക്കുന്നുണ്ടായിരുന്നില്ല. തിരിച്ചുവരുമ്പോൾ ആരോഗ്യപരിരക്ഷക്ക് വളരെ പ്രാധാന്യമുണ്ട്. സംഘാടകർക്കും ഇത് എളുപ്പമല്ല. പല രാജ്യങ്ങളിൽ നിന്ന് വരുന്നവരാണ് കളിക്കാർ. ഈ ഇടവേളയിൽ കളിക്കാർ സമീപനവും ടെക്‌നിക്കുമൊക്കെ മാറ്റിയിട്ടുണ്ടാവും. അതിനാൽ കോവിഡിനു ശേഷം മറ്റൊരു വ്യത്യസ്തമായ കളിയാവും കാണുക. ഞാനും മാറ്റങ്ങളുമായി കാത്തിരിക്കുകയാണ്.
ചോ: ടൂർണമെന്റിനു വേണ്ടിയുള്ള ഒരുക്കങ്ങളുടെ കാര്യത്തിലും കോവിഡ് മാറ്റം വരുത്തിയിട്ടുണ്ടോ?
ഉ: മുൻകാലത്ത് നിരന്തരം ടൂർണമെന്റുകളും യാത്രകളുമായിരുന്നു. കോവിഡ് കാരണം ടൂർണമെന്റുകൾ നിലച്ചപ്പോൾ ട്രയ്‌നിംഗ്, മത്സര ഷെഡ്യൂളുകളിലൊക്കെ മാറ്റങ്ങളുണ്ടായി. പുതിയ കാര്യങ്ങളും പുതിയ ടെക്‌നിക്കുകളും പഠിക്കാൻ ധാരാളം സമയം കിട്ടി. ടൂർണമെന്റുകളിൽ അവ പരീക്ഷിക്കാനുള്ള വെമ്പലിലാണ് ഞാൻ. ഫിറ്റ്‌നസും ഏറെ മെച്ചപ്പെട്ടു. ഇനി വേണ്ടത് ടൂർണമെന്റുകൾ ആരംഭിക്കുകയാണ്.
ചോ: സിന്ധു അറിയപ്പെട്ടു തുടങ്ങുന്ന കാലത്ത് സയ്‌ന നേവാളായിരുന്നു ഇന്ത്യയിലെ ഒന്നാം നമ്പർ. എങ്ങനെയാണ് നിങ്ങൾ തമ്മിലുള്ള ബന്ധം?
ഉ: രണ്ടു കളിക്കാർ തമ്മിലുള്ള വൈരം സ്‌പോർട്‌സിന് ഗുണമാണ്. ഒരുപാട് കളിക്കാർക്ക് പ്രചോദനമായിരുന്നു സയ്‌ന. രാജ്യത്തിനു വേണ്ടിയും ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കി. പിന്നീട് എന്നെ കണ്ട് ഒരുപാട് പേർ വളർന്നു. മത്സരങ്ങളും വൈരവുമൊക്കെ ഇന്ത്യൻ ബാഡ്മിന്റണിനാണ് ഗുണം ചെയ്തത്. ഇന്ത്യൻ ബാഡ്മിന്റൺ ഇപ്പോൾ മുന്നിലാണ്. ഒരുപാട് കുട്ടികൾ ബാഡ്മിന്റണിനെ കരിയറായി സ്വീകരിക്കുന്നു. ഒരുപാട് പുരുഷ താരങ്ങളും ഇതിന് കാരണക്കാരാണ്.
ചോ: ഒളിംപിക്‌സ് നീട്ടിവെച്ചതോടെ ലോക ഒന്നാം നമ്പറെന്ന നിലയിൽ ഒളിംപിക്‌സിൽ പങ്കെടുക്കാം. ലോക ചാമ്പ്യൻ എന്ന പട്ടം ഒരു ഭാരമാണോ?
ഉ: യഥാർഥത്തിൽ ലോക ചാമ്പ്യൻ എന്ന പദവി പിരിമുറുക്കമല്ല, ഉത്തരവാദിത്തമാണ് നൽകുന്നത്. 2016 ലേതു പോലെയായിരിക്കില്ല അടുത്ത ഒളിംപിക്‌സിൽ ഞാൻ പങ്കെടുക്കുക. കൂടുതൽ പ്രതീക്ഷകളുണ്ടാവും. എന്നാൽ ഏറ്റവും നന്നായി കളിക്കണമെന്ന ഒരൊറ്റ ചിന്തയുമായാവും ഞാൻ ഒളിംപിക്‌സിനെ സമീപിക്കുക. 100 ശതമാനം അർപ്പിക്കാനാവുക എന്നതാണ് പ്രധാനം. എന്നാൽ ആരാധകർ എന്നിൽ നിന്ന് പ്രതീക്ഷിക്കുന്നത് സ്വർണമാണ്, അതുതന്നെയാണ് പരമമായ ലക്ഷ്യം. പക്ഷെ ഒളിംപിക്‌സ് മറ്റേതെങ്കിലും ടൂർണമെന്റ് പോലെയല്ല. എല്ലാ കളിക്കാരും ഒരുങ്ങിത്തന്നെയാണ് വരിക. ആ ദിവസങ്ങളിൽ ആർക്ക് ഏറ്റവും നന്നായി കളിക്കാനാവുന്നു എന്നതാണ് പ്രധാനം.
ചോ: നാല് മിന്നൽ ചോദ്യങ്ങളാണ്
1. ആരാണ് ഇഷ്ടപ്പെട്ട കളിക്കാരൻ/കളിക്കാരി?
ഉ: വിരാട് കോഹ്്‌ലി, ക്രിസ്റ്റിയാനൊ റൊണാൾഡൊ, റോജർ ഫെദരർ, റഫായേൽ നദാൽ
2. ഇഷ്ട ഭക്ഷണം?
ഉ: ഹൈദരാബാദി ബിരിയാണി. ഞാൻ ഹൈദരാബാദുകാരിയാണല്ലോ? ഇറ്റാലിയനും ചൈനീസും ഇഷ്ടമാണ്.
3. ഇഷ്ടപ്പെട്ട പരമ്പര?
ഉ: ക്വീൻ ഓഫ് സൗത്ത് ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി ഷോകളും കാണാറുണ്ട്.
4. ബാഡ്മിന്റൺ കളിക്കാരിയായില്ലെങ്കിൽ?
ഉ: ഡോക്ടറാവണമെന്നായിരുന്നു ആഗ്രഹം. ബാഡ്മിന്റൺ കളിക്കാരി തന്നെ മികച്ചത്.