അമേരിക്കൻ ഫുട്‌ബോൾ ടീമിൽ കളിക്കുന്ന ആറാമത്തെ അച്ഛനും മകനും ജോഡിയാണ് ക്ലോഡിയൊ റയ്‌നയും മകൻ ജിയോയും. ജിയോയുടെ നേട്ടത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. അമ്മ ഡാനിയേൽ ഈഗനും അമേരിക്കൻ താരമായിരുന്നു...
അച്ഛനും അമ്മയും ഫുട്‌ബോൾ താരങ്ങളാണ്. വ്യാഴാഴ്ച രാത്രി ജിയൊ റയ്‌നയും അമേരിക്കയുടെ കുപ്പായമിട്ടു. ജിയൊ പാനമക്കെതിരെ ഗോളടിക്കുകയും ചെയ്തു. പതിനെട്ടാം ജന്മദിനത്തിന് ഒരു ദിനം മുമ്പെ വെയ്ൽസിനെതിരെയായിരുന്നു ജിയോയുടെ അരങ്ങേറ്റം. അക്കാര്യത്തിൽ കൊച്ചു ജിയൊ അച്ഛനെയും അമ്മയെയും പിന്നിലാക്കി.
പിതാവ് ക്ലോഡിയൊ റയ്‌ന അമേരിക്കക്കു കളിച്ചത് ഇരുപതാം വയസ്സിലാണ് -കൃത്യമായി പറഞ്ഞാൽ 20 വയസ്സും അഞ്ചു മാസവും 26 ദിവസവും പ്രായമുള്ളപ്പോൾ. 1994 ജനുവരി 15 ന് നോർവെക്കെതിരായ സൗഹൃദ മത്സരത്തിൽ പകരക്കാരനായി അരങ്ങേറിയ റയ്‌ന 112 തവണ അമേരിക്കക്കു കളിച്ചു.
പത്തൊമ്പതു വയസ്സുള്ളപ്പോഴാണ് ജിയോയുടെ അമ്മ ഡാനിയേൽ ഈഗൻ അമേരിക്കക്കു വേണ്ടി അരങ്ങേറിയത്. 19 വയസ്സും ആറു മാസവും 14 ദിവസവും പ്രായമുള്ളപ്പോൾ. 1993 മാർച്ച് 14 ന് സൈപ്രസിനെതിരെയായിരുന്നു അരങ്ങേറ്റം. ആറു തവണ അമേരിക്കക്കു കളിച്ചു.
അമേരിക്കയുടെ കോച്ച് ഗ്രെഗ് ബെർഹാൾടറാണ് ജിയൊ റയ്‌നക്കു ദേശീയ ടീമിൽ അവസരമൊരുക്കിയത്. ക്ലോഡിയോക്കൊപ്പം പന്ത്രണ്ട് വർഷത്തോളം കളിച്ചിരുന്നു ഡിഫന്ററായ ബെർഹാൾടർ. ക്ലോഡിയോയും ജിയോയും ഒരു കാര്യത്തിൽ സാമ്യമുള്ളവരാണെന്ന് ബെർഹാൾടർ പറയുന്നു. ഒഴുക്കോടെ, അനായാസം ഇരുവരും കളിക്കളത്തിൽ നീങ്ങുന്നവരാണെന്ന് ബെർഹാൾടർ ചൂണ്ടിക്കാട്ടി. ജർമനിയിൽ ബൊറൂഷ്യ ഡോർട്മുണ്ടിന്റെ കളിക്കാരനാണ് ഇപ്പോൾ ജിയൊ.
18 തികയും മുമ്പെ അമേരിക്കൻ ടീമിൽ അരങ്ങേറാൻ സാധിച്ചത് വെറും 11 കളിക്കാർക്കാണ്. അവസാനം ഈ ഭാഗ്യം സിദ്ധിച്ചത് നാലു വർഷം മുമ്പ് ക്രിസ്റ്റ്യൻ പുലിസിച്ചിനായിരുന്നു.
വെയ്ൽസിനെതിരെ രണ്ടു പേർ ഈ അപൂർവ ക്ലബ്ബിൽ അംഗമായി. ഫോർവേഡായ ജിയോയും മിഡ്ഫീൽഡർ യൂനുസ് മൂസയും. യൂനുസ് മൂസയുടെ പതിനെട്ടാം ജന്മദിനം ഈ മാസം 29 നാണ്. ഒരു വർഷത്തെ ഇടവേളക്കു ശേഷമാണ് അമേരിക്കൻ ടീം കളിക്കുന്നത്. അതിനാൽ തന്നെ 10 പുതുമുഖങ്ങളെ ടീമിലുൾപെടുത്തിയിരുന്നു. എന്നാൽ ജിയോയെ പോലെ കഴിവു തെളിയിച്ച് ദേശീയ ടീമിൽ അരങ്ങേറുന്നവർ അത്യപൂർവമാണ്.
അച്ഛൻ ചില പൊടിക്കൈകൾ പറഞ്ഞുതന്ന് തന്നെ വീക്ഷിക്കുന്ന പ്രകൃതക്കാരനാണെന്നും എന്നാൽ അമ്മ എപ്പോഴും കഠിനാധ്വാനം ചെയ്യാൻ പ്രേരിപ്പിക്കുമെന്നും ജിയോ പറയുന്നു.
അമേരിക്കക്കു കളിക്കുന്ന ആറാമത്തെ അച്ഛനും മകനുമാണ് ക്ലോഡിയോയും ജിയോയും. ജിം, ജോർജ് ബ്രൗണുമാരും ഹാരി, ടൈ കിയഫുമാരും ജോ, ഫിലിപ് ഗ്യാവുമാരും ജോ, അലയ്ൻ മാക്കമാരും ടിം, ടയ്‌ലർ ട്വെൽമാൻമാരുമാണ് ഇതുവരെ കളിച്ചത്.
1994 ലോകകപ്പിന് മുമ്പ് അമേരിക്കയുടെ പുരുഷ, വനിതാ ടീമുകൾ കാലിഫോർണിയയിൽ ഒരുമിച്ച് പരിശീലനം നടത്തിയ ഘട്ടത്തിലാണ് ക്ലോഡിയൊ റയ്‌നയും ഇഗാനും കണ്ടുമുട്ടിയത്. 1997 ൽ അവർ വിവാഹിതരായി. 2002 ൽ ജിയൊ ജനിച്ചു. രണ്ടു ലോകകപ്പുകളിൽ അമേരിക്കയെ നയിച്ച ഒരേയൊരു കളിക്കാരനാണ് ക്ലോഡിയൊ. ഈഗൻ അമേരിക്കക്കു വേണ്ടി ഒരു ഗോളടിച്ചു, ക്ലോഡിയൊ എട്ടും. ക്ലൊഡിയൊ മാഞ്ചസ്റ്റർ സിറ്റിയുൾപ്പെടെ ടീമുകൾക്ക് കളിച്ചു.
അച്ഛന്റെ കളിക്കാലത്തെക്കുറിച്ച് ജിയോക്ക് വലിയ ഓർമകളൊന്നുമില്ല. ജനുവരി 18 നാണ് ഡോർട്മുണ്ടിന് വേണ്ടി ജിയൊ അരങ്ങേറിയത്. ജർമൻ ലീഗിൽ കളിക്കുന്ന പ്രായം കുറഞ്ഞ അമേരിക്കക്കാരനായി. യൂറോപ്യൻ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന പ്രായം കുറഞ്ഞ അമേരിക്കക്കാരനും ജിയൊ തന്നെ.