ഏറ്റവുമധികം പേർ കണ്ട ഐ.പി.എൽ ടൂർണമെന്റാണ് ഇക്കഴിഞ്ഞ പതിമൂന്നാം എഡിഷൻ എന്നാണ് ബി.സി.സി.ഐ അവകാശപ്പെടുന്നത്. ടെലിവിഷനിലും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും റെക്കോർഡ് കാഴ്ചക്കാരാണ് കോവിഡ് കാലത്ത് ഐ.പി.എൽ ആസ്വദിച്ചത്. സെപ്റ്റംബർ 19 ലെ ഉദ്ഘാടന മത്സരം കണ്ടത് 20 കോടി പേരാണ്. ഇംഗ്ലിഷ് പ്രീമിയർ ലീഗിനെ പോലും ഇക്കാര്യത്തിൽ ഐ.പി.എൽ കടത്തിവെട്ടി. പ്ലേഓഫിന് മുമ്പെ 700 കോടി വ്യൂയിംഗ് മിനിറ്റ്‌സ് എന്ന നാഴികക്കല്ല് ഐ.പി.എൽ പിന്നിട്ടതായി ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ (ബാർക്) ട്വീറ്റ് ചെയ്തു. കഴിഞ്ഞ സീസണിനെക്കാൾ 28 ശതമാനം കൂടുതൽ.
കാണികളില്ലാതെയാണ് യു.എ.ഇയിലെ മൂന്ന് വേദികളിൽ ഐ.പി.എൽ സുഗമമായി സമാപിച്ചത്. വലിയ സ്റ്റേഡിയങ്ങളിലെ നിശ്ശബ്ദതയിലാണ് കളി നടക്കുന്നതെന്നത് പക്ഷെ പ്രേക്ഷകർക്ക് ഒരിക്കലും തോന്നിയില്ല. അപൂർവമായേ ഗാലറികൾ പ്രേക്ഷകശ്രദ്ധയിൽ വന്നുള്ളൂ. ഗാലറിയിൽ പോലും വിരലിലെണ്ണാവുന്നവരേ ഉണ്ടായിരുന്നുള്ളൂ. ടീം ഉടമകളും കളിക്കാരുടെ ഉറ്റവരും മറ്റും. അവരിൽ മലയാളികൾ അപൂർവം. ക്രിക്കറ്റ് പ്രേമികൾ കളി കണ്ടത് ക്യാമറക്കണ്ണുകളിലൂടെ മാത്രം.
എന്നാൽ ഐ.പി.എല്ലിനെ കോടിക്കണക്കിന് സ്വീകരണമുറികളിലെത്തിച്ചവരിൽ ഒരു മലയാളിയുണ്ട്. ആലപ്പുഴ പുന്നപ്ര സ്വദേശി അരുൺകുമാർ. ബി. സി.സി.ഐയുടെ അംഗീകൃത ക്യാമറമാന്മാരുടെ പട്ടികയിലെ അംഗമാണ് അരുൺകുമാർ. മലയാളികൾ അപൂർവമായി ഉള്ള ക്യാമറാമാൻ ജോലിയിൽ 15 വർഷത്തോളമായി സജീവമാണ് അരുൺകുമാർ.
ഗാലറിയിൽ ആളുകളില്ലെന്ന സത്യം കാഴ്ചക്കാർക്ക് ഉണ്ടാവരുത് എന്ന ബോധത്തോടെയാണ് ഇത്തവണ കളി ഷൂട്ട് ചെയ്തതെന്ന് അരുൺകുമാർ പറയുന്നു. അക്കാര്യത്തിൽ പൂർണമായും വിജയിച്ചു. ചുറ്റും ആൾക്കാരുണ്ടെന്ന പ്രതീതിയാണ് സൃഷ്ടിച്ചത്. അന്താരാഷ്ട്ര മത്സരങ്ങൾ ഷൂട്ട് ചെയ്യാൻ ബി.സി.സി.ഐ അംഗീകരിച്ച പാനലിലെ ഏക മലയാളിയാണ് അരുൺകുമാർ.
നിരവധി രാജ്യങ്ങളിൽ പോയി കളി സംപ്രേഷണം ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റ് സംപ്രേഷണം ചെയ്യുന്ന സംഘത്തിൽ മലയാളികളെ താൻ കണ്ടിട്ടില്ലെന്ന് അരുൺകുമാർ പറയുന്നു.
ഐ.പി.എൽ കഴിഞ്ഞതോടെ അരുൺകുമാറിനെ പുതിയ ദൗത്യം തേടിയെത്തി. ഈ മാസം 26 ന് ആരംഭിക്കുന്ന ലങ്ക പ്രീമിയർ ലീഗ് ഷൂട്ട് ചെയ്യാനായി നേരെ ശ്രീലങ്കയിലേക്ക് പറക്കുകയാണ് ചെയ്തത്.
ഇത്തവണ ഐ.പി.എല്ലിൽ സുപ്രധാന പദവിയിൽ മറ്റൊരു മലയാളി കൂടിയുണ്ടായിരുന്നു. സ്‌കോററായി തൃശൂർ സ്വദേശി രമേശ് മന്നത്ത്. ഒരു അമ്പയറെ പോലെ ഏകാഗ്രത വേണ്ട ജോലിയാണ് സ്‌കോററുടേതെന്ന് രമേശ് പറയുന്നു.
ഇലക്ട്രോണിക് സ്‌കോറിംഗിലും മാന്വൽ സ്‌കോറിംഗിലും വിദഗ്ധനാണ് രമേശ്. സ്‌കോർ ബോർഡിൽ സ്‌കോർ പ്രദർശിപ്പിക്കുന്നതിനൊപ്പം ഓരോ കളിക്കാരന്റെയും റെക്കോർഡുകളും ടീമിന്റെ ചരിത്രവുമൊക്കെ സ്‌കോറർ ഓർമയിൽ വെച്ചു കൊണ്ടിരിക്കണം. എൺപതിലേറെ ഇന്റർനാഷനൽ മത്സരങ്ങളിൽ സ്‌കോററായി പ്രവർത്തിച്ചിട്ടുണ്ട് രമേശ്. കാണികളില്ലാത്തതിനാൽ ഇത്തവണത്തേത് പ്രത്യേക അനുഭവമായിരുന്നുവെന്ന് രമേശ് പറയുന്നു.