Sorry, you need to enable JavaScript to visit this website.

സൗദിയില്‍ അധ്യാപകരാകാനും ഇനി മുതല്‍ ലൈസന്‍സ്

റിയാദ് - അധ്യാപകര്‍ക്ക് ബാധകമാക്കുന്ന പ്രൊഫഷനല്‍ ലൈസന്‍സുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ എജുക്കേഷന്‍ ആന്റ് ട്രെയിനിംഗ് ഇവാലുവേഷന്‍ കമ്മീഷന്‍ പ്രഖ്യാപിച്ചു. ലൈസന്‍സുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളും വ്യവസ്ഥകളും പരീക്ഷാ തീയതികളും പ്രഖ്യാപിച്ചിട്ടുണ്ട്.
നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും അനുസൃതമായി അനുവദിക്കുന്ന രേഖയാണ് അധ്യാപകര്‍ക്കുള്ള പ്രൊഫഷനല്‍ ലൈസന്‍സ് എന്ന് കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. ലൈസന്‍സ് അനുവദിക്കുന്നതിനുള്ള സംവിധാനം ഈ വര്‍ഷം ആരംഭിക്കും. സ്വകാര്യ സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ നാലു വര്‍ഷത്തിനകം പ്രൊഫഷനല്‍ ലൈസന്‍സ് നേടിയിരിക്കണം.
ലൈസന്‍സ് ലഭിക്കുന്നവര്‍ക്ക് വിവിധ ലെവലുകള്‍ക്കും സമയപരിധിക്കും അനുസരിച്ച് അധ്യാപന തൊഴിലില്‍ ഏര്‍പ്പെടാന്‍  യോഗ്യതയുണ്ടാകും. പൊതുവായതും പ്രത്യേകവുമായ വിദ്യാഭ്യാസ നിലവാരം അളക്കുന്നതിന് രൂപംനല്‍കിയ ടെസ്റ്റ് വിജയിക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രൊഫഷനല്‍ ലൈസന്‍സ് അനുവദിക്കുക. പരീക്ഷക്ക് രണ്ടു ഭാഗങ്ങളുണ്ട്. ആദ്യത്തേത് ജനറല്‍ എജുക്കേഷനല്‍ ടെസ്റ്റും രണ്ടാമത്തേത് സ്‌പെഷ്യലൈസ്ഡ് ടെസ്റ്റുമായിരിക്കും.
വ്യത്യസ്ത ദിവസങ്ങളിലായി നടക്കുന്ന ടെസ്റ്റുകളുടെ സമയം ഒന്നര മണിക്കൂര്‍ വീതമാകും. 37 സ്‌പെഷ്യാലിറ്റികളിലാണ് അധ്യാപകര്‍ക്ക് പ്രൊഫഷനല്‍ ലൈസന്‍സ് അനുവദിക്കുക. നേരത്തെ നടത്തിയ യോഗ്യതാ പരീക്ഷയില്‍ വിജയിച്ച അധ്യാപകരുടെ രജിസ്‌ട്രേഷന് ഡിസംബര്‍ ആറിന് സൈറ്റ് തുറക്കും. രജിസ്റ്റര്‍ ചെയ്യാത്ത, അല്ലെങ്കില്‍ യോഗ്യതാ പരീക്ഷയില്‍ പ്രവേശിക്കാത്ത അധ്യാപകര്‍ക്ക് ഡിസംബര്‍ 15 ന് ലൈസന്‍സ് പരീക്ഷക്കുള്ള രജിസ്‌ട്രേഷന് അവസരമൊരുക്കും. പ്രൊഫഷനല്‍ ലൈസന്‍സ് ടെസ്റ്റുകളുടെ (സ്‌പെഷ്യാലിറ്റി ടെസ്റ്റ്) ആദ്യ കാലയളവ് ജനുവരി 23 മുതല്‍ 30 വരെയാകും. പ്രൊഫഷനല്‍ ലൈസന്‍സ് ടെസ്റ്റുകളുടെ (ജനറല്‍ എജുക്കേഷനല്‍ ടെസ്റ്റ്) രണ്ടാം കാലയളവ് മാര്‍ച്ച് 20 മുതല്‍ 26 വരെയാകും. ഫലപ്രഖ്യാപനവും ലൈസന്‍സ് അനുവദിക്കലും മെയ് 30 നായിരിക്കും.
സര്‍വീസിലുള്ള അധ്യാപകരിലും അധ്യാപന വൃത്തിയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവരിലും പെട്ട ബാച്ചിലര്‍ ബിരുദവും അതില്‍ ഉയര്‍ന്ന ബിരുദവും ലഭിച്ചവര്‍ക്കാണ് ലൈസന്‍സ് അനുവദിക്കുക. നിയമം പ്രാബല്യത്തില്‍ വരുമ്പോള്‍ അധ്യാപന വൃത്തിയില്‍ മുഴുകിയ യൂനിവേഴ്‌സിറ്റി ബിരുദത്തില്‍ കുറവ് വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കും ലൈസന്‍സുകള്‍ അനുവദിക്കും. വിദ്യാഭ്യാസ, പ്രൊഫഷനല്‍ ജോലികളുടെ വികസനവുമായി ബന്ധപ്പെട്ട സംയോജിത സംവിധാനത്തിന്റെ ഭാഗമാണ് പ്രൊഫഷനല്‍ ലൈസന്‍സ്. കഴിവുകള്‍ നിരന്തരം വികസിപ്പിക്കാനും മെച്ചപ്പെടുത്താനും ഇത് അധ്യാപകരെ പ്രോത്സാഹിപ്പിക്കും.

 

Latest News