Sorry, you need to enable JavaScript to visit this website.

പക്ഷിയുടെ ജീവൻ രക്ഷിച്ച 'റൗല'ക്ക്  നന്ദി പറഞ്ഞ് ദുബായ് ഭരണാധികാരി

ദുബായ് ബീച്ചിൽ പക്ഷി പരിക്കേറ്റു കിടക്കുന്നതിന്റെയും ചികിത്സിക്കുന്നതിന്റെയും ദൃശ്യങ്ങൾ.

ദുബായ് - ഒരു പക്ഷിയുടെ ജീവൻ രക്ഷിക്കാൻ സമയോചിതമായി ഇടപെട്ട മാധ്യമ പ്രവർത്തകയെയും ദുബായ് മുനിസിപ്പാലിറ്റി അധികൃതരെയും മുക്തകണ്ഠം പ്രശംസിച്ച് ദുബായ് ഭരണാധികാരി. 
ദുബായ് ബീച്ചിലൂടെ നടന്നു പോകുമ്പോൾ ഒരു പക്ഷി പരിക്കേറ്റ് ശരീരം അനക്കാൻ പോലും സാധിക്കാതെ കിടക്കുന്നത് കണ്ട എഴുത്തുകാരിയും മാധ്യമ പ്രവർത്തകയുമായ റൗല അൽഖത്തീബ് ദുബായ് മുനിസിപ്പാലിറ്റി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. 
പക്ഷിയുടെ ഫോട്ടോയും ലൊക്കേഷനും വാട്‌സ് ആപ്പിലൂടെ നൽകാൻ നിർദേശിച്ചതനുസരിച്ച് ഇവർ അയച്ചു കൊടുത്തു. അര മണക്കൂറിനകം ദുബായ് മുനിസിപ്പാലിറ്റി അധികൃതർ എത്തി പക്ഷിയെ എടുത്ത് ചികിത്സിക്കുന്നതിനായി കൊണ്ടുപോകുകയായിരുന്നു. ഇക്കാര്യം റൗല ട്വിറ്ററിലൂടെ പങ്കുവെക്കുകയും ചെയ്തു. 


ഇതിനുള്ള പ്രതികരണമെന്നോണമാണ് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം കൃതജ്ഞത രേഖപ്പെടുത്തി ട്വിറ്ററിൽ മറുപടി കുറിച്ചത്. 'റൗലാ... ഭൂമിയിൽ അനുകമ്പ കാണിക്കുന്നവർക്ക് ദൈവം കാരുണ്യം ചെയ്യും. നിങ്ങളുടെ മനോഹരമായ കഥക്ക് നന്ദി. ദുബായ് മുനിസിപ്പാലിറ്റിക്കും നന്ദി. പരിപാവനമായ നാടിന് ദൈവം കാരുണ്യം ചൊരിയട്ടെ. മൂല്യങ്ങളില്ലാതെ സംസ്‌കാരത്തിൽ യാതൊരു അർഥവുമില്ല. മാനവികതക്ക് അർഥം നൽകുന്നത് മൂല്യങ്ങളാണ്' -ഇതാണ് യു.എ.ഇ ഭരണാധികാരിയുടെ ട്വീറ്റ്.

 

 

Tags

Latest News