ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് ഒ.ടി.ടി റിലീസിന്

ആലപ്പുഴ- തിയറ്ററുകള്‍ തുറക്കാന്‍ വിഷുവരെ കാത്തിരിക്കേണ്ട സാഹചര്യത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിച്ചു നായകനായി അഭിനയിച്ച ബിഗ് ബജറ്റ് ചിത്രം കുറുപ്പ് ഒ.ടി.ടി. റിലീസിന് ഒരുങ്ങുകയാണ്. 
കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം.  ദുല്‍ഖര്‍ സല്‍മാന്‍ സുകുമാരക്കുറുപ്പായെത്തുന്ന ചിത്രം 35 കോടി മുതല്‍മുടക്കിലാണ് പൂര്‍ത്തിയാക്കുന്നത്. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്‌ളൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി 105 ദിവസങ്ങളാണ് ചിത്രീകരണം പൂര്‍ത്തിയാക്കാനെടുത്തത്. 
പെരുന്നാള്‍ റിലീസായി എത്താനിരുന്നതാണെങ്കിലും കോവിഡ് ലോക്ക്ഡൗണിനിടെ മാറ്റി വയ്ക്കുകയായിരുന്നു. ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്. 
ദേശീയ അവാര്‍ഡ് ജേതാവായ വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
കേരള ചരിത്രത്തില്‍ തന്നെ അനിതര സാധാരണമായ ഒരു സംഭവമായിരുന്നു അബുദാബിയിലെ മറൈന്‍ കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്ന സുകുമാരക്കുറുപ്പ് നടത്തിയ കൊലപാതകം. മരണ ശേഷം കിട്ടുന്ന ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ കള്ള തെളിവുണ്ടാക്കാനായി തന്റെ ശരീര പ്രകൃതമുള്ളയാളെ കെണ്ടത്തി കൊലപ്പെടുത്തി മുങ്ങിയ ആളാണ് സുകുമാരക്കുറുപ്പ്. 

Latest News