Sorry, you need to enable JavaScript to visit this website.
Friday , January   22, 2021
Friday , January   22, 2021

പ്രവാസി വിദ്യാർത്ഥികൾ: മാറേണ്ട മുൻഗണന 

മഹാമാരിയും അനുബന്ധ സങ്കീർണതകളും  സൃഷ്ടിച്ച പ്രതിസന്ധികളെയും പ്രയാസങ്ങളെയും അതിജീവിച്ചു ഈ അക്കാദമിക വർഷത്തിൽ വിവിധ കോഴ്‌സുകൾക്ക് പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ പ്രവേശനപഠന പ്രക്രിയയും തുടർ പ്രവർത്തനങ്ങളും ഒട്ടേറെ  സവിശേഷതകളോടെ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണല്ലോ. മഹാമാരിക്കൊപ്പം ജീവിക്കുക എന്ന സിദ്ധാന്തത്തിന്റെ ഭാഗമായി പ്രവേശന അനുബന്ധനടപടികളും  പൂർത്തീകരിക്കാൻ എല്ലാവരും കാണിക്കുന്ന ജാഗ്രതയും സൂക്ഷ്മതയും പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്. ഈ വർഷത്തെ വിവിധ സ്ഥാപങ്ങളിലേക്കുള്ള പ്രവേശന നടപടികൾ പലതും നീണ്ടു പോയത് കുറെയേറെ പ്രയാസങ്ങൾ സൃഷ്ടിച്ചുവെങ്കിലും അടുത്ത വർഷത്തെ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനു ശ്രമിക്കുന്നവർ ഒട്ടും അമാന്തം കാണിക്കാതെ പഠനപരിശീലന രംഗത്ത് സജീവമായി നിലകൊള്ളേണ്ട സമയമാണിപ്പോൾ എന്നത് മറന്നു കൂടാ.
പ്ലസ് ടു തലത്തിൽ പഠിച്ച് കൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് ദേശീയതലത്തിൽ തന്നെ ശ്രദ്ധേയമായ മികച്ച സ്ഥാപനങ്ങളിൽ തുടർപഠനാവസരം ലഭിക്കുന്നതിന് വേണ്ടിയുള്ള നടപടിക്രമങ്ങൾക്കും പ്രവേശന പരീക്ഷകൾക്കും കൂടുതൽ ജാഗ്രതയോടെയും സൂക്ഷ്മതയോടെയും തയ്യാറെടുക്കേണ്ട സമയമാണിപ്പോൾ.  മികവിന്റെ കേന്ദ്രങ്ങളായ സ്ഥാപനങ്ങളിൽ തുടർ പഠനത്തിനായി പ്രവാസി വിദ്യാർത്ഥികൾ കാര്യമായി എത്തിച്ചേരുന്നില്ല എന്ന നിരീക്ഷണം വളരെ പ്രബലമാണ്. ഇക്കാര്യത്തിൽ ഗഹനമായ അന്വേഷണം നടത്തുമ്പോൾ മനസ്സിലാകുന്നത് പ്രവാസികൾക്കിടയിൽ ഉള്ള അവബോധമില്ലായ്മയാണ് പ്രധാന വില്ലൻ എന്നതാണ്. അഭിരുചിയും താല്പര്യവും വ്യക്തിത്വത്തിന്റെ സവിശേഷതകളും വിലയിരുത്തി തങ്ങൾക്ക് അനുഗുണമായ കോഴ്‌സുകളും സ്ഥാപനങ്ങളും കണ്ടെത്തി പ്രവേശന രീതികളെയും നടപടികളെയും തിരിച്ചറിയാതെ പോകുന്നത് ഏറെ ഖേദകരമാണ്.
പ്രവേശന നടപടിക്രമങ്ങളിലും രീതികളിലും ചില പരിഷ്‌ക്കാരങ്ങൾക്ക്  സാധ്യതകൾ നിലവിലുണ്ടെങ്കിലും സ്ഥാപനങ്ങളുടെ പ്രവേശന രീതികളെക്കുറിച്ചുള്ള  ഏറെക്കുറെയുള്ള ധാരണയും അവഗാഹവും സൃഷ്ടിച്ചെടുത്ത്   കൃത്യമായ  മാർഗങ്ങളിലൂടെ മുന്നോട്ട് ചരിക്കുന്നതുതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കേണ്ടതുണ്ട്. ദേശീയഅന്തർ ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ പ്രൊഫഷണൽ ഡിഗ്രി  അടക്കമുള്ള കോഴ്‌സുകൾക്ക്   തുടർപഠനത്തിന് അവസരം ആഗ്രഹിക്കുന്നവർ   അതിനായുള്ള ഒരുക്കങ്ങൾ വ്യവസ്ഥാപിതമായും ശാസ്ത്രീയമായും  മുൻകൂട്ടിതന്നെ  നടത്തിയേ തീരൂ. തയ്യാറെടുപ്പുകളിൽ  ഉണ്ടാവുന്ന ഉപേക്ഷയും വീഴ്ചയും തുടർപഠന സാധ്യതകളെ വളരെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്,

പ്രവേശന രീതികളെ അറിയുക 

പ്രധാനപ്പെട്ട സ്ഥാപനങ്ങളുടെ പ്രവേശന രീതികളെക്കുറിച്ചും മറ്റു നടപടിക്രമങ്ങളെക്കുറിച്ചും വേണ്ടത്ര ധാരണ ഇല്ലാതിരിക്കുകയും അതുമൂലം പ്രവേശനം ലഭിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യം സർവ സാധാരണയാണിപ്പോൾ. പ്രമുഖ സ്ഥാപനങ്ങളിലെ മിക്ക കോഴ്‌സുകളിലെയും പ്രവേശനം  എൻട്രൻസ് പരീക്ഷ മുഖേനയാണ് പ്രവേശനം  നടക്കുന്നത് എങ്കിലും പല പരീക്ഷയുടെയും വിജ്ഞാപനം വേണ്ട രീതിയിൽ ശ്രദ്ധിക്കാത്തത് കൊണ്ടോ അവസാന തീയതിക്ക് മുമ്പായി അപേക്ഷ സമർപ്പിക്കാൻ ജാഗ്രത കാണിക്കാത്തത് കൊണ്ടോ പല അവസരങ്ങളും നഷ്ടപ്പെടുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. വിവിധ ബോർഡുകൾക്ക് കീഴിലുള്ള പ്ലസ്ടു കോഴ്‌സ് പൂർത്തിയാക്കുന്നതും പൊതു പരീക്ഷ നടക്കുന്നതും ഫെബ്രുവരി മാർച്ച് മാസങ്ങളിലാണ് എങ്കിലും മിക്ക പ്രവേശന പരീക്ഷയുടെയും വിജ്ഞാപനങ്ങൾ തലേ വർഷം അവസാനത്തോട് കൂടി പുറത്തിറങ്ങുന്ന സാഹചര്യമാണുള്ളത്.
പ്രവാസ ലോകത്ത് വിവിധ സ്‌കൂളുകളിൽ പഠിച്ച് കൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾ  വിവിധ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കാനും അതുവഴി മികവിന്റെ പര്യായങ്ങളായ സ്ഥാപനങ്ങളിൽ പ്രവേശനം നേടാനും വേണ്ടത്ര ജാഗ്രത  പുലർത്തുന്നത് കാണാറില്ല. അവബോധവും ധാരണയും ഉണ്ട് എന്ന് വിശ്വസിക്കപ്പെടുന്ന രക്ഷിതാക്കൾ പോലും വളരെ പ്രശസ്തവും ജനപ്രീതി ആർജ്ജിച്ചതുമായ പ്രവേശന നടപടിക്രമങ്ങളെക്കുറിച്ച് മാത്രമേ ബോധവാന്മാരായിട്ടുള്ളൂ എന്നതാണ് കാണാറുള്ളത് സയൻസ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് , മാനേജ്‌മെന്റ്, ഡിസൈൻ   അടക്കമുള്ള വിഷയങ്ങളിൽ ഉപരിപഠനത്തിനുള്ള മികച്ച സ്ഥാപനങ്ങളിൽ പ്രവേശനം ആഗ്രഹിക്കുന്ന മത്സരക്ഷമതയും താല്പര്യവും  ഉള്ള വിദ്യാർത്ഥികൾ ഇതിനായുള്ള ഒരുക്കങ്ങൾ വളരെ നേരത്തെ തന്നെ ആരംഭിക്കുക എന്നതാണ് ഏറ്റവും പ്രധാനമായിട്ടുള്ള കാര്യം. മിക്ക സ്ഥാപനങ്ങളിലെയും പ്രവേശനം നടക്കുന്നത് വളരെ വ്യവസ്ഥാപിതമായി നടത്തപ്പെടുന്ന പ്രവേശന പരീക്ഷകളിലൂടെയാണ്. പന്തണ്ടാം തരം  പഠനം പൂർത്തിയാക്കിയവർക്കും ഇപ്പോൾ പഠിച്ച് കൊണ്ടിരിക്കുന്നവർക്കും അപേക്ഷിക്കാവുന്ന നാല്പതോളം പ്രവേശന പരീക്ഷകൾ ഉണ്ട് എന്നതാണ് വസ്തുത. സയൻസ് വിദ്യാർത്ഥികൾക്ക് മാത്രമല്ല, ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് മേഖലകളിൽ പഠിച്ച് കൊണ്ടിരിക്കുന്നവർക്കും അപേക്ഷിക്കാവുന്ന നിരവധി മത്സര/പ്രവേശന പരീക്ഷകൾ നിലവിലുണ്ട് എന്നത് പലപ്പോഴും വിസ്മരിക്കപ്പെടുന്നുണ്ടോ എന്ന് തോന്നാറുണ്ട്  ഇത്തരം പ്രവേശന പരീക്ഷകൾക്ക് അപേക്ഷിക്കേണ്ട സമയം, അപേക്ഷിക്കുമ്പോൾ സമർപ്പിക്കേണ്ടുന്ന രേഖകൾ, പരീക്ഷ രീതി, സിലബസ്, ചോദ്യങ്ങളുടെ നിലവാരവും രീതിയും, പരീക്ഷാ കേന്ദ്രം എന്നീ കാര്യങ്ങളെക്കുറിച്ച് വളരെ കൃത്യമായ ധാരണയും അവബോധവും ഉണ്ടാവേണ്ടത് അനിവാര്യമാണ്. പലപ്പോഴും നാട്ടിലെ വില്ലേജ്, താലൂക്ക് ഓഫീസുകളിൽ നിന്നും മറ്റും  ആവശ്യമായ രേഖകൾ മുൻകൂട്ടി സംഘടിപ്പിക്കാൻ സാധിക്കാത്തത് മൂലം യഥാസമയം മത്സരപരീക്ഷകൾക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കാതെ പിന്തള്ളപ്പെടുന്നത് കഴിഞ്ഞ വർഷങ്ങളിൽ പ്രവാസ ലോകത്തെ ഒരു സ്ഥിരം കാഴ്ചയായിരുന്നു. വേണ്ട രേഖകളും മറ്റും കാലേക്കൂട്ടി തയ്യാറാക്കി വെക്കുന്നതിലൂടെ വലിയ തലവേദനകൾ ഒഴിവാക്കി കാര്യങ്ങൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാനാവുമെന്ന സൗകര്യവും ഉണ്ട്.

സാധാരണ പൊതു പരീക്ഷകളിൽനിന്ന് വ്യത്യസ്തമായി പഠന രീതിയിലും പരീക്ഷക്ക് വേണ്ട ഒരുക്കങ്ങളിലും വളരെ കാര്യമായിത്തന്നെ വ്യത്യസ്തമായ രീതിയാണ് പ്രവേശന പരീക്ഷകൾക്ക് സ്വീകരിക്കേണ്ടത്. വിഷയങ്ങളെക്കുറിച്ചുള്ള സമഗ്രമായ അറിവും കുറഞ്ഞ സമയത്തിനുള്ളിൽ പെട്ടെന്ന് തന്നെ സമാന സ്വഭാവമുള്ള ഉത്തരങ്ങളിൽ നിന്ന് ഏറ്റവും അനുയോജ്യമായത് കണ്ടെത്താനുള്ള വൈഭവവും കാര്യമായി പരിശോധിക്കപെടുന്ന പരീക്ഷകൾക്ക് അതിനനുസൃതമായ രീതിയിലുള്ള പരിശീലനം ഉണ്ടാവേണ്ടതുണ്ട്. അക്കാദമികമായ മികവും വൈഭവവും ഉള്ള കുട്ടികൾ പോലും മത്സര പരീക്ഷകളിൽ പുറന്തള്ളപ്പെടുകയോ പിന്നാക്കം പോവുകയോ ചെയ്യപ്പെടുന്നത് ഈ പരീക്ഷ രീതികളെ പരിചയിക്കാത്തത് കൊണ്ടും അതിനനുസൃതമായ രീതിയിലുള്ള പരിശീലനം സിദ്ധിക്കാത്തത് കൊണ്ടുമാണെന്നത് വ്യക്തമാണല്ലോ.  സമാന താല്പര്യമുള്ള കുട്ടികളുമായി സമ്പർക്കത്തിലേർപ്പെട്ടു സംയുക്ത പരിശീലനം, മികച്ച സ്ഥാപനങ്ങൾ നടത്തുന്ന ഓൺലൈൻ കോച്ചിങ്, ക്രാഷ് കോഴ്‌സുകൾ എന്നിവ സൗകര്യപൂർവം തെരഞ്ഞെടുക്കാവുന്നതാണ്. 
   
ഇപ്പോൾ 9, 10, 11 ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾ തങ്ങളുടെ അഭിരുചി എന്താണെന്നു മനസ്സിലാക്കി എടുക്കാനുള്ള ശ്രമങ്ങൾ കാലേക്കൂട്ടി നടത്തുകയും അവരവരുടെ അഭിരുചിക്കും , താല്പര്യത്തിനും  വ്യക്തിത്വ സവിശേഷതകൾക്കും അനുഗുണമായ കോഴ്‌സുകൾ തിരഞ്ഞെടുക്കുകയും അത്തരം കോഴ്‌സുകൾ പഠിപ്പിക്കപ്പെടുന്ന മികച്ച സ്ഥാപനങ്ങളെ കണ്ടെത്തി അവിടുത്തെ പ്രവേശന നടപടികൾക്കനുസൃതമായ രീതിയിൽ ഒരുക്കങ്ങൾ നടത്തുകയും ചെയ്യാനാവുക എന്നതാണ് പ്രായോഗികമായ രീതി.  കുട്ടികളുടെ  അഭിരുചികൾ ശാസ്ത്രീയമായി നിർണയിക്കാനുള്ള ഓൺലൈൻ സംവിധാനങ്ങൾ അടക്കം ഇന്ന് ലഭ്യമാണ് എന്നോർക്കണം. കനത്ത ഫീസ് നൽകി നിലവാരമില്ലാത്ത സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങളെ  ഉന്നത പഠനത്തിന് ആശ്രയിച്ച് ഭാവി ഒരു ചോദ്യചിഹ്നം ആക്കുന്നതിനു പകരം ഉന്നത നിലവാരം പുലർത്തുന്ന മികവിന്റെ കേന്ദ്രങ്ങളായി അറിയപ്പെടുന്ന സ്ഥാപനങ്ങളിലെ പ്രവേശന സാധ്യത ഉറപ്പു വരുത്താനുള്ള രീതിയിൽ മുൻഗണനാക്രമം മാറ്റി നിശ്ചയിക്കാൻ പ്രവാസി വിദ്യാർഥികളും രക്ഷിതാക്കളും അടിയന്തരമായി ശ്രദ്ധ ചെലുത്തുന്നത് ഏറെ ഉചിതമായിരിക്കും.
ഇത്തരം പ്രവേശനത്തിന് വേണ്ടി കുട്ടികളെ പരുവപ്പെടുത്തി എടുക്കുന്നതിൽ അധ്യാപകർക്കും രക്ഷിതാക്കൾക്കും വിദ്യാഭ്യാസ പ്രവർത്തകർക്കും ചെറുതല്ലാത്ത പങ്ക് വഹിക്കാനാവും എന്നതാണ് വസ്തുത. യഥാസമയത്ത് വിദ്യാർത്ഥികൾക്ക് അവബോധം സൃഷ്ടിച്ച് കൊടുക്കുകയും മികവിന്റെ കേന്ദ്രങ്ങളായ സ്ഥാപനങ്ങളിൽ പ്രവേശനം ലഭിച്ചാലുള്ള പഠന, പാഠ്യേതര അവസരങ്ങൾ എത്തിപ്പിടിക്കാനുള്ള പ്രചോദനം നൽകാനും സാധിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ ദീർഘകാല അടിസ്ഥാനത്തിലുള്ള പദ്ധതികൾ ആസൂത്രം ചെയ്ത പ്രവാസി വിദ്യാർത്ഥികൾക്ക് മികച്ച അവസരങ്ങൾ ഒരുക്കികൊടുക്കാൻ എല്ലാവർക്കും ബാധ്യതയുണ്ട്.