Sorry, you need to enable JavaScript to visit this website.

പ്രവാസം സമ്മാനിച്ചത് വിജ്ഞാനത്തിന്റെ വിത്തുകൾ

പ്രവാസം മലയാളികൾക്കു സമ്മാനിച്ചത് ജീവിതോപാധി മാത്രമല്ല, പരിജ്ഞാനത്തിന്റെ വലിയൊരു സമ്പത്തു കൂടിയാണ്. പ്രവാസത്തിന്റെ ആദ്യ നാളുകളിൽ കുടിയേറിയവരിൽ ഭൂരിഭാഗവും തൊഴിൽ രഹിതരും വിദ്യാഭ്യാസമായി പിന്നോക്കം നിൽക്കുന്നവരുമായിരുന്നു. അത്തരക്കാരിൽ മിക്കവരും കഠിനാധ്വാനത്തിലൂടെ തങ്ങളുടെ ജീവിതം കെട്ടിപ്പടുത്തുവെന്നു മാത്രമല്ല, അനുഭവ സമ്പത്തിനാൽ അറിവിന്റെ ഉറവിടങ്ങളായി മാറുകയുമായിരുന്നു. ലോക പരിചയം മാത്രമല്ല, സാങ്കേതികമായും ശാസ്ത്രീയമായുമെല്ലാമുള്ള അറിവുകളും അവർ സമ്പാദിച്ചു. അത്തരത്തിൽപ്പെട്ട ഒരാളാണ് തായിഫിലെ ഒരു വിശ്രമ കേന്ദ്രത്തിന്റെയും  കൃഷിയിടത്തിന്റെയും ചുമതലക്കാരനായ ആലുവ സ്വദേശി നൗഷാദ്. 22 വർഷം മുൻപാണ് നൗഷാദ് തായിഫ്-അൽബാഹ റോഡിലെ വദ്‌ലിയയിൽ എത്തുന്നത്. പ്രകൃതി സൗന്ദര്യം മുറ്റി നിൽക്കുന്ന ഗ്രാമീണ പ്രദേശം. ജലസമൃദ്ധിയാലും അനുകൂല കാലാവസ്ഥയാലും ഫലഭൂയിഷ്ഠമായ ഭൂമി. മലകളാൽ ചുറ്റപ്പെട്ട താഴ്‌വാരങ്ങൾ. മേയുന്ന ആട്ടിൻ പറ്റങ്ങളും ഒട്ടക കൂട്ടങ്ങളും നാടൻ കോഴികളും കന്നുകാലികളുമെല്ലാം ഈ ഗ്രാമത്തിന് കൂടുതൽ ചാരുത പകരുന്നു. അതോടൊപ്പം വമ്പൻ സാറ്റലൈറ്റ് റിസീവർ അടക്കമുള്ള ആധുനികതയുടെ അടയാളങ്ങളും. കൃഷിയെ ഏറെ ഇഷ്ടപ്പെടുന്ന ഗ്രാമീണരായ സ്വദേശികളും അവർക്കു സഹായികളായുള്ള വിവിധ ദേശക്കാരും. അങ്ങനെ എല്ലാം കൊണ്ടും മനസിന് കുളിർമയേകുന്ന പ്രദേശമാണിവിടം. 
നൗഷാദ് ഇവിടെ എത്തുന്ന കാലത്ത് ഈ സൗന്ദര്യമൊന്നും ഈ പ്രദേശത്തിനുണ്ടായിരുന്നില്ല. ഏതാണ്ട് ഒരു ഏക്കറോളം വരുന്ന തരിശായ ഭൂമിയിലെ ചെറിയൊരു ഷെഡ് മാത്രമായിരുന്നു നൗഷാദിനെ ജോലിക്കായി നിയമിക്കപ്പെട്ട സ്ഥലത്തുണ്ടായിരുന്നത്. ആദ്യമൊക്കെ വല്ലാത്ത ഒറ്റപ്പെടലുകൾ അനുഭവപ്പെട്ടുവെങ്കിലും സ്‌പോൺസർ ഹമൂദ് ഒഫി സഹജോലിക്കാരനെപോലെയും സുഹൃത്തിനെപോലെയും ആയതോടെ അതെല്ലാം വിട്ടകന്നു. പിന്നീട് ഇരുവരും ചേർന്ന് ഈ തരിശുഭൂമിയെ മികച്ച കൃഷിയിടവും അതിമനോഹരമായ വിശ്രമ കേന്ദ്രവുമായി മാറ്റിയെടുക്കുകയായിരുന്നു. ഇന്ന് സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ഒട്ടേറെ പേർ ഈ വിശ്രമ കേന്ദ്രത്തിൽ ചെലവഴിക്കുന്നതിനും വൈവിധ്യമാർന്ന കൃഷിയിടങ്ങൾ സന്ദർശിച്ച് പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതിനുമായി എത്തുന്നുണ്ട്. താമസ മുറികൾ, പരിപാടികൾ അവതരിപ്പിക്കാൻ വേണ്ടിയുള്ള സ്റ്റേജോടുകൂടിയ ഹാളുകൾ, ഫുട്‌ബോൾ, ബാഡ്മിന്റൺ തുടങ്ങിയ കായിക മത്സരങ്ങൾക്കുള്ള കളിസ്ഥലം, അതിമനോഹരമായ സ്വമ്മിംഗ് പൂൾ എന്നിവയാൽ സമ്പന്നമായ വിശ്രമ കേന്ദ്രത്തിന്റെ പ്രധാന ആകർഷണീയത കോമ്പൗണ്ടിനകത്തുള്ള ഫലവൃക്ഷങ്ങളും പൂക്കളുമൊക്കെയാണ്.

 
തായിഫിൽ എത്തുമ്പോൾ കൃഷിയുമായി ഒരു ബന്ധവുമില്ലാതിരുന്ന നൗഷാദ് ഇന്ന് മികച്ചൊരു കൃഷിക്കാരനാണ്. അതുപോലെ മികച്ചൊരു കെട്ടിട പണിക്കാരനും മെയ്ക്കാടും പ്ലമ്പറും, ഇലകട്രീഷ്യനുമൊക്കെയാണ്. ഏതു പണിയും നൗഷാദിനു വഴങ്ങും. വിശ്രമ കേന്ദ്രത്തിൽ എത്തുന്നവരോടൊപ്പം ആടാനും പാടാനും നൗഷാദ് റെഡി. ചെറിയൊരു ഗായകൻ കൂടിയാണിദ്ദേഹം. വിശ്രമ കേന്ദ്രത്തിന്റെ ഒഴിഞ്ഞ പ്രദേശങ്ങൾ മുന്തിരി പന്തലുകളാൽ അതി മനോഹരമാക്കിയിരിക്കുകയാണ്. വിശ്രമ കേന്ദ്രത്തിലേക്കുള്ള വഴി മുന്തിരി വള്ളികളുടെ  ആർച്ചുകൊണ്ട് അലംകൃതമാക്കിയിരിക്കുന്നു. പാതയോരത്തോടു ചേർന്ന സ്ഥലങ്ങളിൽ വിവിധ വർണങ്ങളിലുള്ള പുഷ്പങ്ങൾ, ചെറു നാരങ്ങ, കാന്താരി ഉൾപ്പെടെ വിവിധയിനം പച്ചമുളകുകൾ,  വൈവധ്യ വർണങ്ങളിലുള്ള കാപ്‌സിക്കം, മുരിങ്ങ, കറിവേപ്പില, തക്കാളി, വഴുതന, റോസ്, മുല്ലപ്പൂ, അത്തിപ്പഴം, മാതളം തുടങ്ങിയവയാൽ സമ്പന്നം. കണ്ണിനും മനസിനും കുളിരേകുന്നതാണ് ഈ കാഴ്ചകൾ. കാന്താരിയും കറിവേപ്പിലയും മുരിങ്ങയുമെല്ലാം നൗഷാദ് അവധിക്ക് നാട്ടിൽ പോയപ്പോൾ കൊണ്ടു വന്നതാണ്. അതുപോലെ നാട്ടിലേക്കു പോകുമ്പോൾ മുന്തിരി വള്ളികളും ജർജിൽ, മല്ലിയില വിത്തുകൾ തുടങ്ങിയവയുമായാണ് നൗഷാദിന്റെ യാത്ര. ആലുവ തായിക്കാട്ടുകരയിലെ വീട്ടുവളപ്പിൽ ഇവയെല്ലാം വെച്ചു പിടിപ്പിച്ചും നൗഷാദ് ശ്രദ്ധ നേടിയിട്ടുണ്ട്. 
വളരെ മനോഹരമായ വിശ്രമ കേന്ദ്രം പണി കഴിച്ചത് മറ്റാരുടെയും സഹായമില്ലാതെ കഫീൽ ഹമൂദും നൗഷാദും ചേർന്നായിരുന്നു. സ്‌പോൺസറായ ഹമൂദ് മികച്ച കൃഷിക്കാരനും നല്ല പണിക്കാരനുമാണ്. നൗഷാദിനൊപ്പം നിന്ന് ഏതു ജോലിയും ചെയ്യാൻ സമർഥൻ. പല ജോലികളും നൗഷാദ് പഠിച്ചെടുത്തത് ഇദ്ദേഹത്തിൽനിന്നുമായിരുന്നു. വിശ്രമ കേന്ദ്ര കോമ്പൗണ്ടിനു പുറത്തിറങ്ങിയാൽ അതിമനോഹരമായ കൃഷിയിടമാണ്. പച്ചവിരിച്ചു നിൽക്കുന്ന ഈ കൃഷിയിടം അതിമനോഹരമാണ്. മല്ലി ഇല, ജർജിൽ, ഷിഫ്ത് തുടങ്ങി വിവിധ തരം ഇലവർഗങ്ങളുടെ പാടങ്ങൾ, അതിനു ചന്തം പകർന്ന് ക്വാളിഫഌവർ, കാബേജ്, ബ്രക്കോളി, ബീറ്റ്‌റൂട്ട്, ബീൻസ്, കൂസ പാടങ്ങൾ. ഇല വർഗങ്ങളുടെ വിളവെടുപ്പാണ് ഇപ്പോൾ കാര്യമായി നടക്കുന്നത്. മുന്തിരിയുടെയും ബീൻസിന്റെയുമെല്ലാം വിളവെടുപ്പ് കഴിഞ്ഞു. ഓരോ വിളകളെക്കുറിച്ചും അവയുടെ വളർച്ചക്ക് അനുയോജ്യമായ കാര്യങ്ങളെക്കുറിച്ചുമെല്ലാം നൗഷാദ് വാചാലനാണ്. ശാസ്ത്രീയമായി ഓരോ വിഷയവും അറബ് ആശയവിനിമയത്തിലൂടെ തന്നെ മനസിലാക്കി പൂർണമായും അതിൽ വ്യാപൃതനായാണ് കൃഷിയെയും ഇവിടെത്തെ ഭൂമിയേയും സ്‌നേഹിച്ച് സന്തോഷവാനായി നൗഷാദ് ഇവിടെ കഴിയുന്നത്. ആദ്യകാലങ്ങളിൽ ഒറ്റപ്പെട്ട, ആളനക്കമൊന്നും ഇല്ലാതിരുന്ന പ്രദേശമായിരുന്നു ഇതെങ്കിൽ ഇന്ന് മലയാളികളടക്കം നിരവധിപേരാണ് വിശ്രമ കേന്ദ്രത്തിൽ ചെലവഴിക്കാനും കൃഷിയടങ്ങൾ കണ്ട് ആസ്വദിക്കാനുമായി ഇവിടെ എത്തുന്നത്. 

Latest News