Sorry, you need to enable JavaScript to visit this website.

അഭിപ്രായ സ്വാതന്ത്ര്യം മതാനുയായികളെ വ്രണപ്പെടുത്തലല്ല -അൽഉസൈമിൻ

ജിദ്ദ - അഭിപ്രായ സ്വാതന്ത്ര്യത്തിലൂടെ മതാനുയായികളെ വ്രണപ്പെടുത്തലല്ല അർഥമാക്കുന്നതെന്ന് ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപറേഷൻ സെക്രട്ടറി ജനറൽ ഡോ. യൂസുഫ് അൽഉസൈമിൻ വ്യക്തമാക്കി. ഫ്രഞ്ച് വിദേശ മന്ത്രി ഴാൻ-യീവ്‌സ് ലെ ഡ്രിയാനുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഒ.ഐ.സി സെക്രട്ടറി ജനറൽ ഇക്കാര്യം വ്യക്തമാക്കിയത്. പ്രവാചകനെ അവഹേളിക്കുന്ന കാർട്ടൂണുകൾ ഫ്രാൻസിൽ പ്രസിദ്ധീകരിക്കുകയും ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ലോക മുസ്‌ലിംകളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന പ്രസ്താവനകൾ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്‌റോൺ നടത്തുകയും മുസ്‌ലിം ലോകത്ത് ഫ്രഞ്ച് ഉൽപന്ന ബഹിഷ്‌കരണങ്ങൾ ആരംഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഫ്രഞ്ച് വിദേശ മന്ത്രി ഒ.ഐ.സി സെക്രട്ടറി ജനറലുമായി ഫോണിൽ ബന്ധപ്പെട്ടത്. 


തീവ്രവാദം, ഭീകരത എന്നിവ നിരാകരിക്കുന്നതിൽ ഒ.ഐ.സിയുടെ നിലപാട് ഉറച്ചതാണ്. ഈ പ്രതിഭാസത്തിന് പ്രത്യേക മതവുമായോ ദേശീയതയുമായോ ബന്ധമില്ല. മതാനുയായികളുടെ വികാരങ്ങളെ വ്രണപ്പെടുത്തലും മതചിഹ്നങ്ങളെ അപകീർത്തിപ്പെടുത്തലുമല്ല അഭിപ്രായ സ്വാതന്ത്ര്യത്തിലൂടെ അർഥമാക്കുന്നതെന്നും ഡോ. യൂസുഫ് അൽഉസൈമിൻ ഫ്രഞ്ച് വിദേശ മന്ത്രിയോട് പറഞ്ഞു. ഒ.ഐ.സിയും ഫ്രാൻസും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ ഇരുവരും വിശകലനം ചെയ്തു. ഫ്രാൻസ് ഇസ്‌ലാമിനോട് ആദരവ് വെച്ചുപുലർത്തുന്നതായും ഒ.ഐ.സിയുമായുള്ള സഹകരണവും സംവാദവും ഫ്രാൻസ് ആഗ്രഹിക്കുന്നതായും ഫ്രഞ്ച് വിദേശ മന്ത്രി പറഞ്ഞു. 
 

Latest News