Sorry, you need to enable JavaScript to visit this website.

പരിശ്രമം തുടരുക, പ്രായം തടസ്സമല്ല

ബുക്കർ ടി വാഷിംഗ്ടൺ പറഞ്ഞ വളരെ പ്രസിദ്ധമായ വചനമുണ്ട്: വിജയത്തെ അളക്കേണ്ടത് എത്തിപ്പെട്ട പദവികളെആസ്പദമാക്കിയല്ല; മറിച്ച്വിജയത്തിലെത്താൻ തരണം ചെയ്തപ്രതിബന്ധങ്ങളുടെ വലിപ്പമനുസരിച്ച് ആയിരിക്കണം. സ്വർണ്ണ സമൃദ്ധിയുടെ നാളിൽ കൊളറാഡോയിൽ മാസങ്ങളോളം ഖനനത്തിലേർപ്പെട്ട ഒരാൾ നിരാശനായി ഒടുവിൽ തന്റെ ശ്രമം ഉപേക്ഷിക്കുകയും പണി ആയുധങ്ങൾ മറ്റൊരാൾക്ക് വിൽക്കുകയും ചെയ്തു. ആശയറ്റ് പിൻവാങ്ങിയ ചങ്ങാതി കുഴിച്ച സ്ഥലത്ത് തന്നെ ഉപകരണങ്ങൾ വാങ്ങിയ ആൾ പണി തുടർന്നു. അവിടെ കേവലം മൂന്നടി താഴെ സ്വർണ്ണ മുണ്ടായിരുന്നുവത്രേ! അധ്വാനം ശ്രമകരമാവുമ്പോൾ, പ്രതിസന്ധികൾ സങ്കീർണ്ണമാവുമ്പോൾ ഇട്ടേച്ചു പോവുകയല്ല വേണ്ടത്. ഫിനിഷിംഗ് ലൈനിനോടടുത്ത് എത്തിയതായി കരുതി ശ്രമം തുടരുകയാണ് വേണ്ടത്. വിജയം അത്തരക്കാർക്ക് സുനിശ്ചിതമായിരിക്കുമെന്നത് അവിതർക്കമാണ്. 
ആനപ്പന്തിയിലൂടെ നടന്ന ഒരാൾ അയാൾക്കുണ്ടായ സംശയം ആനയെ പരിശീലിപ്പിക്കുന്നവനോട് ചോദിച്ചത് നോക്കൂ. ഈ ആനകളെയെല്ലാം നിസ്സാരമായ കയറിട്ടാണ് കെട്ടിയിരിക്കുന്നത്. എന്തുകൊണ്ടാണ് ഇത്ര ശക്തിയിട്ടുണ്ടായിട്ടും ആനകൾ അത് പൊട്ടിച്ച് സ്വതന്ത്രരാവാത്തത്? 


ഈ ചോദ്യം കേട്ട പരിശീലകന്റെ മറുപടി ഊഹിക്കാമോ? എങ്കിൽ,കേട്ടോളൂ. കുട്ടിയാനയായിരിക്കുമ്പോൾ മുതൽ അത്തരം കയർ ഉപയോഗിച്ചാണ്അവയെ കെട്ടിയത്. ആ കുഞ്ഞ് പ്രായത്തിൽ അവയ്ക്കത് പൊട്ടിച്ചു പോവാനുള്ള ശേഷിയില്ലായിരുന്നു. അവ എത്ര വളർന്നിട്ടും കയറിന്റെ ശക്തിയേക്കാൾ വളർന്നതായി അവർക്ക് അനുഭവപ്പെടാത്തേടത്തോളം കാലം അവയെ തളയ്ക്കാൻ ആ കയർ തന്നെ ധാരാളമാണത്രെ. ഇത്തരം ആർജ്ജിത നിസ്സഹായതയിൽ കുരുങ്ങി ജീവിതം നിരാശപൂരിതമായി കഴിയുന്നയെത്രയെത്ര പേരാണ് നമുക്കിടയിലുള്ളത്,പ്രത്യേകിച്ചും പ്രവാസ ഭൂമിയിൽ. വന്ന അതേ തൊഴിലിൽ തുടർന്ന് അന്നത്തെ അതേ ശമ്പളത്തിൽ കഴിഞ്ഞു കൂടിജീവിതം പഴയ ആ കയറിൽ തളച്ചിടപ്പെട്ട ഒരു പാട് പേരെ ഗൾഫ് നാടുകളിൽ കാണാം. യൗവന തീക്ഷ്ണത മുഴുവനും മണലാരണ്യത്തിൽ സർഗ്ഗരഹിതമായി ഹോമിച്ച് ഒടുവിൽ തിരികെ ഒരു പിടി രോഗങ്ങളുമായി അവശ നിലയിൽ മടങ്ങുന്നവരാണവരിലധികവും. 
നിർഭാഗ്യകരമെന്ന് പറയട്ടെ അവരിൽചിലർ ആരോഗ്യത്തോടെ നാട്ടിലേക്ക് മടങ്ങാനാവാതെ, പ്രാർത്ഥനാഭരിതമായ ബന്ധു സന്ദർശനങ്ങൾ പോലുമില്ലാത്ത മരുഭൂ മഖ്ബറകളിലേക്ക് അകാലത്തിൽ പൊടുന്നനെ വീണടിയുന്നു. 


പലരുംകേട്ടിട്ടുള്ള ഒരു പഴയ കഥ കൂടി ഓർമ്മയിലെത്തുന്നു. ആയിരത്തി തൊള്ളായിരത്തി നാൽപതുകളിൽ അറുപത്തിയഞ്ചാമത്തെ വയസ്സിൽ വെറും തൊണ്ണൂറ്റി ഒൻപത് ഡോളർ സോഷ്യൽ സെക്യൂരിറ്റി സ്‌കീമും ഒരു ചെറിയ വീടും ഒരു ഉടഞ്ഞ കാറുമായി ജീവിച്ച അയാൾ തീരുമാനിച്ചു. ഒരു മാറ്റം വേണം. തന്റെകടുംബവും സുഹൃത്തുക്കളും ഇഷ്ടപ്പെടുന്ന പൊരിച്ച കോഴിയുടെ റസിപ്പിയുമായി അയാൾ കെന്റക്കിയിലെ തന്റെ വീട്ടിൽ നിന്നും ഇറങ്ങി രാജ്യമാകെ റെസ്‌റ്റോറന്റുകളിൽ കയറിയിറങ്ങി നടന്നു. ചില്ലറയല്ല, ആയിരത്തി ഒൻപത് റെസ്റ്റാറന്റുകൾ. അവയിൽ നിന്നെല്ലാം നിഷേധ സ്വരം കേട്ടിട്ടും അയാൾ പിൻവാങ്ങിയില്ല. കാരണം അയാളുടെ റെസിപ്പിയിൽ അയാൾക്ക് അത്രമേൽ വിശ്വാസമുണ്ടായിരുന്നു. ആയിരത്തി പത്താമത്തെ റെസ്‌റ്റോറന്റിൽ അയാളുടെ റസിപ്പി സ്വീകരിച്ചു. ആരായിരുന്നു അയാളെന്നല്ലേ? ലോകമാസകലം ബ്രാഞ്ചുകളുള്ള കെ.എഫ്.സിയുടെ ഉപജ്ഞാതാവ് കേണൽ ഹാർട്‌ലാൻഡ് സാൻഡേഴ്‌സ് ആയിരുന്നു അയാൾ. ഇനി സ്വയം ചോദിക്കുക: ഒരു മാറ്റത്തിനായുള്ള പരിശ്രമം ഉപേക്ഷിക്കാനുള്ള പ്രായമായോ?

Latest News