ഹാഫിസ് സഈദിന് പാക് കോടതി 10 വര്‍ഷം കൂടി തടവ് വിധിച്ചു

ലാഹോര്‍- മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ജമാഅത്തുദ്ദഅ്‌വ നേതാവുമായ ഹാഫിസ് സഈദിന് പാക്കിസ്ഥാനിലെ ഭീകര വിരുദ്ധ കോടതി 10 വര്‍ഷം കൂടി ജയില്‍ ശിക്ഷ വിധിച്ചു. നിലവില്‍ ലാഹോറില്‍ അതീവ സുരക്ഷയുള്ള കോട് ലഖ്പത് ജയിലില്‍ കഴിയുന്ന ഹാഫിസിന് രണ്ട് ഭീകരവാദ കേസുകളിലാണ് പുതിയ ശിക്ഷ വിധിച്ചത്.
അമേരിക്ക തലയ്ക്ക് 10 ദശലക്ഷം ഡോളര്‍ വിലയിട്ട യു.എന്‍ ഭീകര പട്ടികയിലുള്ള ഹാഫിസിനെ കഴിഞ്ഞ വര്‍ഷം ജൂലൈ 17 നാണ് ഭീകരതക്ക് പണം നല്‍കിയതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. രണ്ട് കേസുകളില്‍ ഈ വര്‍ഷം ഫെബ്രുവരയില്‍ 11 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. ഹാഫിസടക്കം ജമാഅത്തുദ്ദഅ്‌വയുടെ നാല് നേതാക്കള്‍ക്കാണ് ഭീകര വിരുദ്ധ കോടതി (എ.ടി.സി) ഇന്നലെ രണ്ട് കേസുകളിലായി ജയില്‍ ശിക്ഷ വിധിച്ചത്.
ഹാഫിസ് സഈദിനും അടുത്ത സഹായികളായ സഫര്‍ ഇഖ്ബാല്‍, യഹ്‌യാ മുജാഹിദ് എന്നിവര്‍ക്ക് പത്തര വര്‍ഷം വീതവും ഹാഫിസിന്റെ അളിയന്‍ റഹ്്മാന്‍ മക്കിക്ക് ആറു മാസവുമാണ് തടവ്.
ജമാഅത്തുദ്ദഅ്‌വ നേതാക്കള്‍ക്കെതിരെ ഭീകര വിരുദ്ധ വകുപ്പ് ഇതുവരെ 41 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 24 എണ്ണത്തില്‍ വിധി പ്രഖ്യാപിച്ചു. ബാക്കി കേസുകള്‍ വിചാരണയിലാണ്. നാല് കേസുകളിലാണ് ഇതുവരെ ഹാഫിസിനെതിരെ ശിക്ഷ വിധിച്ചത്.
2008 ല്‍ ആറ് അമേരിക്കക്കാര്‍ ഉള്‍പ്പെടെ 166 പേര്‍ കൊല്ലപ്പെട്ട മുംബൈ ആക്രമണം നടത്തിയെന്ന് കരുതുന്ന ലഷ്‌കറെ ത്വയ്യിബയുടെ മുന്‍നിര സംഘടനയാണ് ഹാഫിസ് സഈദ് നേതൃത്വം നല്‍കുന്ന ജമാഅത്തുദ്ദഅ്‌വ.

 

Latest News