Sorry, you need to enable JavaScript to visit this website.

ഫോൺ വിളി തട്ടിപ്പ്; നാൽപത് പ്രവാസികൾ അറസ്റ്റിൽ

ദുബായ് - ഫോൺവരിക്കാരെ വിളിച്ച് വിലപിടിപ്പുള്ള സമ്മാനങ്ങൾ വാഗ്ദാനം ചെയ്ത പണം തട്ടുന്ന സംഘത്തെ ദുബായ് പൊലീസ് പിടികൂടി. ടെലികോം കമ്പനികളിൽ നിന്നാണെന്ന വ്യാജേന വൻതുക സമ്മാനം ലഭിച്ചിട്ടുണ്ടെന്നും ഇതു ലഭിക്കണമെങ്കിൽ നിശ്ചിത തുക തങ്ങൾക്കു ട്രാൻസ്ഫർ ചെയ്തു തരണമെന്നുമാണ് സംഘം ആവശ്യപ്പെട്ടിരുന്നത്. ഇതു വിശ്വസിച്ച് പണം നൽകിയ നിരവധി പേർ വഞ്ചിക്കപ്പെട്ടു. ഫ്രിജ് മുറാർ മേഖലയിലെ ഒരു രഹസ്യ കേന്ദ്രത്തിൽ പോലീസ് സംഘം നടത്തിയ റെയ്ഡിലാണ് 40 അംഗ സംഘത്തെ പിടികൂടിയത്. ഈ സമയത്ത് ഇവർ ആയിരക്കണക്കിന് ആളുകളെ ഫോണിൽ വിളിച്ച് തട്ടിപ്പ് നടത്തി വരികയായിരുന്നു. പിടിയിലായവരെല്ലാം പാക്കിസ്ഥാൻ സ്വദേശികളാണ്. 

പ്രദേശത്തെ രണ്ട് ഫഌറ്റുകൾ കേന്ദ്രീകരിച്ച് തട്ടിപ്പ് നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നാണ് റെയ്ഡ് നടത്തിയതെന്ന് ദുബായ് പോലീസ് സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ കേണൽ ഉമർ മുഹമ്മദ് ബിൻ ഹമദ് പറഞ്ഞു. പിടിയിലായ 40 പേരിൽ ഓരോരുത്തരുടേയും പക്കൽ നാലു വീതം ഫോണുകളാണ് ഉണ്ടായിരുന്നത്. വ്യത്യസ്ത പേരുകളിൽ രജിസ്റ്റർ ചെയ്ത് സിം കാർഡുകൾ ഉപയോഗിച്ചാണ് ഇവർ ഫോൺവിളി തട്ടിപ്പ് നടത്തി വന്നിരുന്നത്. 

ഒരു ഫഌറ്റിൽ നിന്ന് 23 പേരേയും മറ്റൊരു ഫഌറ്റിൽ നിന്ന് 17 പേരേയുമാണ് പിടികൂടിയത്. എല്ലാ മൊബൈൽ ഫോണുകളും സിം കാർഡുകളും പോലീസ് പിടിച്ചെടുത്തു. 115 സിം കാർഡുകളും 60,000 ദിർഹം പണമായും ഇവിടെ നിന്നും പോലീസിനു ലഭിച്ചു. അപരിചിതർക്ക് പണം നൽകി അവരുടെ പേരിൽ സിം കാർഡ് എടുത്തായിരുന്നു ഇവരുടെ തട്ടിപ്പെന്നും കേണൽ ഉമർ പറഞ്ഞു.

വിസിറ്റ് വിസയിൽ എത്തി കാലാവധി തീർന്നിട്ടും രഹസ്യമായി രാജ്യത്തു തങ്ങിയ പാക്കിസ്ഥാനി പൗരന്മാരാണ് പിടിയിലായ എല്ലാവരും. ഇവർ അറബിയും ഇംഗ്ലീഷും സംസാരിച്ചും ആളുകളെ വിശ്വസിപ്പിക്കുന്ന രീതിയിൽ മാന്യതയോടെ സംസാരിച്ച് വശീകരിച്ചുമാണ് ഫോൺ വിളികൾ നടത്തിയിരുന്നത്. 

ഇത്തരം ഫോൺവിളി തട്ടിപ്പുകളെ കുറിച്ച് ധാരാളം പരാതികൾ ലഭിക്കുന്നതായും പോലീസ് പറഞ്ഞു. ഇത്തരം ഫോൺകോളുകൾ ലഭിച്ചാൽ ഉടൻ വിവരമറിയിക്കണമെന്നും പോലീസ് മുന്നറിയിപ്പു നൽകി. 901 എന്ന നമ്പറിലേക്ക് വിളിച്ചാണ് ഇത്തരം തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യേണ്ടത്. രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ഇത്തിസലാത്ത് ഉപഭോക്താക്കൾക്ക് ഇത്തരം തട്ടിപ്പുകളെ കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  
 

Latest News