Sorry, you need to enable JavaScript to visit this website.

സിനിമാ പോസ്റ്ററുകൾ മാറിനിൽക്കും, സ്ഥാനാർഥികളുടെ പ്രചാരണങ്ങൾക്ക് മുന്നിൽ

കണ്ണൂർ - തദ്ദേശ തെരഞ്ഞെടുപ്പിൽ സിനിമാ പോസ്റ്ററുകളെ വെല്ലുന്ന പ്രചാരണവുമായി വിവിധ സ്ഥാനാർഥികൾ സോഷ്യൽ മീഡിയയിൽ നിറയുന്നു. സൂപ്പർ ഹിറ്റായ സിനിമകൾക്കു പുറമെ, ചിത്രീകരണം തുടങ്ങാനിരിക്കുന്ന സിനിമകളുടെ പോസ്റ്ററുകളെ പോലും അനുകരിച്ചാണ് സ്ഥാനാർഥികൾ പോസ്റ്ററുകളും സോഷ്യൽ മീഡിയ പരസ്യങ്ങളും ഒരുക്കുന്നത്. ഇതിനു വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.
സി.പി.എം ആണ് വ്യത്യസ്ത പരസ്യ രീതിക്കു തുടക്കം കുറിച്ച് ആദ്യം പോസ്റ്ററുകൾ പുറത്തു വിട്ടത്. സൂപ്പർ ഹിറ്റായ ബാലേട്ടൻ, ഞാൻ പ്രകാശൻ തുടങ്ങിയ സിനിമകളുടെ പോസ്റ്ററുകളേയും പരസ്യ വാചകങ്ങളേയും അനുകരിച്ചു പുറത്തിറക്കിയ പരസ്യത്തിനു വൻ സ്വീകാര്യത ലഭിച്ചതിനു പിന്നാലെയാണ് വ്യത്യസ്ത ശൈലിയിലുള്ള പോസ്റ്ററുകൾ ഇറക്കിയത്. ഇതിനു തുടർച്ചയായി കോൺഗ്രസും ബി.ജെ.പിയും ലീഗും സ്ഥാനാർത്ഥികൾക്കായി വ്യത്യസ്ത പരസ്യങ്ങൾ പരീക്ഷിച്ചു തുടങ്ങി. സോഷ്യൽ മീഡിയയിലാണ് ഇതിന്റെ ആദ്യ പരീക്ഷണം നടക്കുന്നത്. ഇത്തരം പോസ്റ്ററുകൾ മണിക്കൂറുകൾക്കകം വൈറലാവുന്നുമുണ്ട്. മുന്നണികളും സ്ഥാനാർഥികളുമാണ് ഇത്തരം പരസ്യത്തിന്റെ ആശയങ്ങൾ നൽകുന്നത്. ഇതിനനുസരിച്ചു ഫോട്ടോയെടുത്തു ഡിസൈൻ ചെയ്യേണ്ട ജോലി മാത്രമേ സ്റ്റുഡിയോകൾക്കുള്ളൂ. 


മുൻകാലങ്ങളിൽ സ്ഥാനാർഥികളെ പ്രത്യേക വ്യക്തിത്വമായാണ് വോട്ടർമാർക്കിടയിൽ അവതരിച്ചിപ്പിച്ചിരുന്നത്. എന്നാൽ ഇന്ന് ട്രെൻഡ് മാറി. ഏറ്റവും ലളിതമായി സാധാരണക്കാരിൽ ഒരാളായാണ് സ്ഥാനാർഥിയെ അവതരിപ്പിക്കുന്നത്. ഇവരുടെ ജോലി അടക്കമുള്ളവ പ്രതിഫലിക്കുന്ന ഫോട്ടോകളാണ് മിക്കപ്പോഴും പരസ്യങ്ങൾക്കായി ഉപയോഗിക്കുന്നത്. ഇതുവഴി സ്ഥാനാർഥികളായ കർഷക തൊഴിലാളികളും തയ്യൽ തൊഴിലാളികളും അടക്കം അവരുടെ തൊഴിൽ പ്രതിഫലിക്കുന്ന പശ്ചാത്തലത്തിലാണ് പോസ്റ്ററുകളിൽ പ്രത്യക്ഷപ്പെടുന്നത്. മാത്രമല്ല, സ്ഥാനാർഥിയുടെ ഫോട്ടോ മാത്രം നൽകി വന്ന പരമ്പരാഗത ശൈലി വിട്ട് ഇപ്പോൾ മറ്റുള്ളവർക്കൊപ്പം സ്ഥാനാർഥി നിൽക്കുന്നതാണ് ട്രെൻഡ്. 


കോവിഡ് പശ്ചാത്തലത്തിൽ പ്രചാരണ പ്രവർത്തനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ പരമാവധി ആളുകളിലേക്കു എത്തുന്ന വിധത്തിലാണ് ഇത്തവണ പ്രചാരണ തന്ത്രം ഒരുങ്ങുന്നത്. സോഷ്യൽ മീഡിയയെ ആണ് പ്രധാനമായും ആശ്രയിക്കുന്നത്. മാത്രമല്ല, വോട്ടഭ്യർഥിച്ചു പോകുമ്പോൾ പോലും മാസ്‌ക് അടക്കമുള്ളവ ഉപയോഗിക്കണമെന്ന കർശന നിർദേശം നിലനിൽക്കേ, സ്ഥാനാർഥിയുടെ മുഖം വോട്ടർമാരുടെ മനസ്സിൽ പതിയിക്കാനും ഈ പുതിയ പ്രചാരണ ശൈലിക്കു സാധിക്കുമെന്ന് ഇവർ കരുതുന്നു. 


നേരത്തേതിൽ നിന്നും വ്യത്യസ്തമായി പോസ്റ്റർ പ്രചാരണത്തിൽ അടക്കം വിവിധ രാഷ്ട്രീയ പാർട്ടികൾ വ്യത്യസ്ത നിറങ്ങൾ പരീക്ഷിക്കുന്നുണ്ട്. സി.പി.എമ്മിനു ചുവപ്പും, കോൺഗ്രസിനു നീലയും ലീഗിനു പച്ചയുമെന്ന പരമ്പരാഗത ശൈലി ഉപേക്ഷിച്ച് വോട്ടർമാരുടെ ശ്രദ്ധയിൽ പെട്ടെന്നെത്തുന്ന വിധത്തിൽ ഏത് നിറവും പോസ്റ്ററുകളിൽ ഉപയോഗിക്കാൻ തയാറാവുന്നുണ്ട്. സോഷ്യൽ മീഡിയയിലാകട്ടെ, സി.പി.എമ്മും ലീഗും ബി.ജെ.പിയുമാണ് കൂടുതൽ സജീവം. ഒരു പോസ്റ്റിട്ടാൽ മിനിട്ടുകൾക്കകം അത് ലോകമെമ്പാടും എത്തിക്കാനുള്ള ശേഷി ഇവർ ഇതിനകം കൈവരിച്ചു കഴിഞ്ഞു. 

 

Latest News