വാഷിങ്ടന്‍- മധ്യ പൂര്‍വേഷ്യന്‍ മേഖലയിലെ അധികാര സമവാക്യങ്ങള്‍ തന്നെ മാറ്റിമറിച്ചേക്കാവുന്ന 23 ബില്യണ്‍ ഡോളറിന്റെ യുഎസ്-യുഎഇ ആയുധ കരാര്‍ നീക്കം റദ്ദാക്കാന്‍ നിയമം കൊണ്ടു വരാനൊരുങ്ങി യുഎസ് സെനറ്റ്. ഡ്രോണുകളും മറ്റു വന്‍ ആയുധ സംവിധാനങ്ങളും യുഎഇക്ക് വില്‍ക്കുന്ന ട്രംപിന്റെ ഈ പദ്ധതി റദ്ദാക്കാന്‍ ഡെമോക്രാറ്റ്, റിപബ്ലിക്കന്‍ സെനറ്റര്‍മാരാണ് രംഗത്തുള്ളത്. എഫ്-35 പോര്‍വിമാനങ്ങളും മിസൈലുകളും അടക്കം വന്‍ സന്നാഹങ്ങള്‍ യുഎഇക്ക് വില്‍ക്കാനുള്ള ട്രംപിന്റെ പദ്ധതി റദ്ദാക്കാന്‍ നാലു വ്യത്യസ്ത ബില്ലുകളാണ് ഡെമോക്രാറ്റ് സെനറ്റര്‍മാരായ ബോബ് മെനെന്‍ഡസ്, ക്രിസ് മര്‍ഫി എന്നിവരും റിപബ്ലിക്കന്‍ സെനറ്റര്‍ റാന്‍ഡ് പോളും അവതരിപ്പിക്കുന്നത്.
ഈ ആയുധ വില്‍പ്പനയുമായി മുന്നോട്ടു പോകാനുള്ള ട്രംപ് ഭരണകൂടത്തിന്റെ അമിതോത്സാഹത്തില്‍ യുഎസ് കോണ്‍ഗ്രസ് അംഗങ്ങളും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പദ്ധതി സംബന്ധിച്ച് ഔദ്യോഗിക നോട്ടീസ് കഴിഞ്ഞയാഴ്ചയാണ് കോണ്‍ഗ്രസിന് ലഭിച്ചത്. യുഎഇ ഈ മാരകായുധങ്ങള്‍ എന്തിനാണ് ഉപയോഗിക്കുക എന്ന ആശങ്കയാണ് യുഎസ് നിയമനിര്‍മാണ സഭകളായ സെനറ്റ്, കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രകടിപ്പിച്ചത്.
തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് ട്രംപ് അധികാരമൊഴിയാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഈ ആയുധ ഇടപാട് തടയാന്‍ സെനറ്റ് അംഗങ്ങള്‍ രംഗത്തുവന്നത്. ഇതു വൈകിപ്പിക്കാമെങ്കിലും വേഗത്തില്‍ തടയാന്‍ കഴിഞ്ഞേക്കില്ല.






