ദുബായില്‍ ആഡംബര വീട് സ്വന്തമാക്കി മോഹന്‍ലാല്‍

ദുബായ്- മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ ദുബായില്‍ വീട് സ്വന്തമാക്കി. ദീപാവലി ആഘോഷിക്കാന്‍ ദുബായിലെത്തിയ മോഹന്‍ലാല്‍ വീടിന്റെ ഗൃഹപ്രവേശന ചടങ്ങുകളും ഈ യാത്രയിലാണ് നടത്തിയത്. 

ദുബായ് തന്റെ രണ്ടാമത്തെ വീടാണെന്നാണ് ലാല്‍ എപ്പോഴും പറയാറുള്ളത്. ദുബായിലെ ആര്‍.പി ഹൈറ്റ്‌സിലാണ് മോഹന്‍ലാല്‍ ആഡംബര അപ്പാര്‍ട്‌മെന്റ് സ്വന്തമാക്കിയിരിക്കുന്നത്. പുതിയ വീട്ടില്‍ നിന്നുള്ള ചിത്രങ്ങളും സമൂഹമാധ്യമത്തില്‍ വൈറലായിക്കഴിഞ്ഞു. 

താരത്തിന്റെ ബാല്യകാല സുഹൃത്തും തിരനോട്ടം സിനിമയുടെ സംവിധായകനുമായ അശോക് കുമാറിനും കുടുംബത്തിനുമൊപ്പം വീട്ടില്‍നിന്നുള്ള ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അശോകിന്റെ ഭാര്യ ബീനാ അശോക് ആണ് ലാലിനും കുടുംബത്തിനുമൊപ്പം പുതിയ വീട്ടില്‍ നിന്നുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. 

ലാലുവിനും സുചിക്കും വീട്ടിലെത്തിയ അപ്രതീക്ഷിത വിരുന്നുകാര്‍ എന്നു പറഞ്ഞാണ് ബീന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.
മോഹന്‍ലാലിന്റെ ആദ്യ ചിത്രത്തിന്റെ സംവിധായകന്‍ തന്നെ പുതിയ വീട്ടിലെ ആദ്യ അതിഥിയായി എന്നും ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചിരിക്കുന്നു. നേരത്തെ ദുബായിലെ വീട്ടില്‍ മോഹന്‍ലാല്‍ പാചകം ചെയ്യുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നെങ്കിലും ഇത് പുതുതായി വാങ്ങിയ വീടാണെന്ന കാര്യം വ്യക്തമല്ലായിരുന്നു.

നേരത്തെ ബുര്‍ജ് ഖലീഫയിലും മോഹന്‍ലാല്‍ അപ്പാര്‍ട്‌മെന്റ് സ്വന്തമാക്കിയതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ താരം മൗനം പാലിച്ചു.
 

Latest News