Sorry, you need to enable JavaScript to visit this website.

വയനാട്ടിലേക്ക് തുരങ്ക പാത വരുമോ?

ഭരണം അവസാനിക്കാൻ ആറ് മാസം ബാക്കി നിൽക്കേ നടത്തിയ പ്രഖ്യാപനങ്ങളിലൊന്നാണ് വയനാട്ടിലേക്കുള്ള തുരങ്ക പാത. വിസ്മൃതിയിലാണ്ട കോഴിക്കോട് മോണോ റെയിലിന്റെ  അവസ്ഥ ഇതിനും വരുമായിരിക്കും. എന്നിരുന്നാലും കാൽ നൂറ്റാണ്ടിനിപ്പുറം വയനാട്ടിലേക്കുള്ള ബദൽ പാത ചിന്താവിഷയമായത് സ്വാഗതാർഹമാണെന്നതിൽ സംശയമില്ല. ഇഛാശക്തിയുള്ള ഏതെങ്കിലും രാഷ്ട്രീയക്കാരന് പിൽക്കാലത്ത് നടപ്പാക്കാമല്ലോ. കേരളത്തിന്റെ മറ്റു പ്രദേശങ്ങളെ വയനാടുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് കോഴിക്കോട്-ബംഗളുരു ഹൈവേയിലെ താമരശ്ശേരി ചുരം. 


ഈ ചുരത്തിലൂടെയുള്ള യാത്ര അവിസ്്മരണീയ അനുഭവമാണെന്നതിൽ സംശയമില്ല. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്ന് വയനാട്ടിലേക്കെത്താൻ രണ്ട് ചുരങ്ങൾ വേറെയുമുണ്ട്. തലശ്ശേരി-മാനന്തവാടി റോഡും വടകര-പക്രന്തളം-മാനന്തവാടി റോഡും. എന്നിരുന്നാലും താമരശ്ശേരി ചുരത്തിലൂടെയാണ് കൂടുതൽ ട്രാഫിക്. ശക്തമായ മഴയിലും മണ്ണിടിച്ചിലിൽ താമരശ്ശേരി ചുരത്തിൽ ഗതാഗത സ്തംഭനമുണ്ടായത് മറക്കാറായിട്ടില്ല. തുരങ്കപാത നിലവിൽ വരുമ്പോൾ ഇതിന് ശാശ്വത പരിഹാരമാവും. 
കോഴിക്കോട്  ജില്ലയിലെ ആനക്കാംപൊയിൽ കള്ളാടി- മേപ്പാടി തുരങ്കപാത പദ്ധതി  യാഥാർഥ്യമാവുമെന്ന പ്രതീക്ഷയിലാണ് മലയാളികൾ.  കോഴിക്കോട്-വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ച് ചുരം ബദൽപാതയായി ഉപയോഗിക്കാവുന്ന തുരങ്കപാതയെന്ന കാലങ്ങളായുള്ള ആവശ്യമാണ് ഇതോടെ നിറവേറാൻ പോകുന്നത്. പദ്ധതിയുടെ സർവേ നടപടികൾ ഇതിനോടകം ആരംഭിച്ചു. 


ആനക്കാംപൊയിലിനു സമീപമുള്ള മറിപ്പുഴയിലെ സ്വർഗംകുന്നിൽ നിന്നും ആരംഭിച്ച് വയനാട്ടിലെ മേപ്പാടിക്കു സമീപം എത്തി നിൽക്കുന്ന തുരങ്കപാതയാണ് പദ്ധതിയുടെ പ്രധാന സവിശേഷത. തുടക്കവും ഒടുക്കവും പൂർണമായും  സ്വകാര്യ ഭൂമിയിലാണ്. പരിസ്ഥിതിക്കോ ജൈവ സമ്പത്തിനോ ദോഷമില്ലാത്ത തരത്തിലാണ് പാത വിഭാവനം ചെയ്തിട്ടുള്ളത്. കുണ്ടൻതോടിൽ 70 മീറ്റർ നീളത്തിൽ രണ്ട് വരി പാലം, സ്വർഗംകുന്നിലേക്ക് രണ്ട് കിലോമീറ്റർ നീളത്തിൽ രണ്ടുവരി പാത, ആധുനിക സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള രണ്ടു വരി തുരങ്കപാത എന്നിവയാണ് പദ്ധതിയിൽ ഉണ്ടാവുക. തുരങ്കത്തിന് ഏഴു കിലോമീറ്റർ നീളം വരുമെന്നാണ് കണക്കാക്കുന്നത്. നിർമ്മാണമാരംഭിച്ചാൽ മൂന്നു വർഷം കൊണ്ട് പൂർത്തിയായേക്കും.
താമരശ്ശേരി ചുരത്തിന് ബദൽപാതയൊരുക്കണമെന്ന കാലങ്ങളായുള്ള ആവശ്യമാണ് ഇതോടെ നിറവേറാൻ പോവുന്നത്. ചെങ്കുത്തായ മലനിരകളും വനഭൂമി വിട്ടുകിട്ടുന്നതിലുള്ള പ്രയാസങ്ങളും തടസ്സങ്ങളായിരുന്നു. ചിപ്പിലിത്തോട് മരുതിലാവ് വഴിയും ആനക്കാംപൊയിൽ വെള്ളരിമല വഴിയുമുള്ള സാധ്യതകൾ പരിശോധിച്ചിരുന്നു.
തിരുവനന്തപുരം ആസ്ഥാനമായുള്ള റൂബി സോഫ്റ്റ് ടെക് 2015ൽ  ബദൽപാതകളുടെ സാധ്യതകൾ പരിശോധിക്കുന്നതിനിടയിലാണ്  നിർദിഷ്ടപാതയുടെ ആശയം കടന്നുവന്നത്. ഉപരിതലം വഴിയാവുമ്പോൾ പാത വനഭൂമിയിലൂടെയായിരിക്കും കടന്നുപോവേണ്ടിവരികയെന്നും അതിനു പകരം മല തുരന്ന് തുരങ്കം നിർമ്മിച്ചാൽ ഈ പ്രതിസന്ധി മറികടക്കാമെന്നുമായിരുന്നു പഠന റിപ്പോർട്ട്.

Latest News