Sorry, you need to enable JavaScript to visit this website.

മാർച്ച് മുതൽ ഇസ്രായിലിലേക്ക് ഇത്തിഹാദ് പ്രതിദിന സർവീസ് നടത്തും

അബുദാബി- അടുത്ത വർഷം മാർച്ചോടെ ഇസ്രായിലിലേക്ക് ദിവസവും വിമാന സർവീസ് ആരംഭിക്കാൻ ഇത്തിഹാദ് എയർവേയ്സ്. അബുദാബിയിൽനിന്ന് ടെൽഅവീവിലേക്ക് മൂന്നു മണിക്കൂറും 25 മിനുറ്റുകളും ദൈർഘ്യം വരുന്ന യാത്ര ആഴ്ചയിൽ ഏഴു ദിവസവും ഉണ്ടായിരിക്കും. മാർച്ച് 28 നാണ് ആദ്യ സർവീസ്. രാവിലെ 9.45 ന് യാത്ര തിരിക്കുന്ന വിമാനം ഉച്ചയോടെ ടെൽ അവീവിലിലെത്തും. 1635 ദിർഹമായിരിക്കും എക്കണോമി ക്ലാസിലെ നിരക്ക്.
സെപ്റ്റംബർ 15 ന് വൈറ്റ് ഹൗസിൽ ഒപ്പുവെച്ച അബ്രഹാം കരാർ പ്രകാരം വ്യോമയാന രംഗത്ത് ഉൾപ്പെടെ വിവിധ മേഖലകളിൽ സഹകരിക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ ഉടമ്പടിയായിരുന്നു. 
ഒരു ഗൾഫ് രാജ്യത്തുനിന്നും ഇസ്രായിലിലേക്ക് വാണിജ്യ സർവീസ് നടത്തുന്ന ആദ്യ വിമാന കമ്പനിയാകും ഇത്തിഹാദ് എയർവേയ്‌സ്.
ഉഭയകക്ഷി കരാർ പ്രകാരം, ഇരു രാജ്യങ്ങളേയും നേരിട്ട് ബന്ധിപ്പിക്കുന്ന വിമാന സർവീസ് ആരംഭിക്കാൻ കഴിഞ്ഞതിൽ വളരേയധികം സന്തോഷമുണ്ടെന്ന് ഇത്തിഹാദ് ഓപറേഷൻസ് വിഭാഗം മേധാവി മുഹമ്മദ് അൽ ബലൂഖി പറഞ്ഞു. ഇതൊരു ചരിത്ര മുഹൂർത്തമായിരിക്കും. 
കരാറിന്റെ ഭാഗമായി 90 ദിവസത്തേക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ ഇരു രാജ്യങ്ങളും ധാരണയിലെത്തിയിട്ടുണ്ട്. നവംബർ 26 മുതൽ ഇസ്രയേലിലേക്ക് വിമാന സർവീസ് നടത്തുമെന്ന ഫ്ളയ് ദുബായ് കമ്പനിയുടെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് ഇത്തിഹാദ് എയർവേയ്‌സ് തീരുമാനം പ്രഖ്യാപിച്ചത്.
 

Tags

Latest News