റിയാദ് - ഖത്തറിനൊപ്പം ഗൾഫ് ഉച്ചകോടിയിൽ ബഹ്‌റൈൻ പങ്കെടുക്കില്ലെന്നും ഖത്തറിനൊപ്പം ഒരു വേദിയിൽ ഒരുമിച്ച് ഇരിക്കില്ലെന്നും ബഹ്‌റൈൻ വിദേശ മന്ത്രി ശൈഖ് ഖാലിദ് ബിൻ അഹ്മദ് അൽഖലീഫ പറഞ്ഞു. ഗൾഫ് സഹകരണ കൗൺസിലിൽ ഖത്തറിന്റെ അംഗത്വം മരവിപ്പിക്കണം. ഖത്തർ അനുദിനം ഇറാനുമായി കൂടുതൽ അടുത്തുകൊണ്ടിരിക്കുകയാണ്.
വിദേശ സൈന്യങ്ങളെ ഖത്തർ കൊണ്ടുവരുന്നു. ഇത് ഗൾഫ് രാജ്യങ്ങളുടെ സുരക്ഷക്ക് ഗുരുതരമായ ഭീഷണിയാണ്. ഗൾഫ് സഹകരണ കൗൺസിൽ തകരാതെ സംരക്ഷിക്കുന്നതിന് നടത്തേണ്ട ശരിയായ ചുവടുവെപ്പ് ഖത്തറിന്റെ അംഗത്വം മരവിപ്പിക്കുകയാണ്. ഖത്തർ വിവേകം വീണ്ടെടുക്കുകയും ഉപാധികൾ അംഗീകരിക്കുകയും വേണം. അതല്ലെങ്കിൽ ഖത്തർ ഗൾഫ് സഹകരണ കൗൺസിലിൽ നിന്ന് പുറത്തു പോകുന്നതാണ് നല്ലത്.
ഖത്തറിന്റെ ഭ്രാന്തൻ നയങ്ങൾ ഗൾഫ് രാജ്യങ്ങളുടെ ദേശീയ സുരക്ഷക്ക് ഭീഷണിയാണ്. ഇത് കണക്കിലെടുത്താണ് ഖത്തറിനെ തങ്ങൾ ബഹിഷ്‌കരിച്ചത്. തങ്ങളുടെ രാജ്യങ്ങൾക്കെതിരായ ഗൂഢാലോചനകൾ അവസാനിപ്പിക്കണമെന്ന നീതിപൂർവമായ ഉപാധികൾ അംഗീകരിക്കാത്തത് ഗൾഫ് സഹകരണ കൗൺസിലിനെ ഖത്തർ മാനിക്കുന്നില്ല എന്നതിന് തെളിവാണ്. ഉപാധികൾ അംഗീകരിക്കാതെയുള്ള ഇപ്പോഴത്തെ ഒളിച്ചോട്ടം ഗൾഫ് ഉച്ചകോടി വരെ തുടരാമെന്നാണ് ഖത്തർ കരുതുന്നതെങ്കിൽ നിലവിലെ ഇതേ സ്ഥിതിയിൽ ഗൾഫ് ഉച്ചകോടിയിൽ ബഹ്‌റൈൻ പങ്കെടുക്കില്ല. നിലപാടുകൾ സ്വീകരിക്കുന്നതിന് ആർജവം കാണിക്കേണ്ട സമയമാണിത്. ദശകങ്ങൾക്കു മുമ്പ് ബഹ്‌റൈനിൽ നിന്ന് വേർപെട്ട് സ്വതന്ത്ര രാജ്യമായി മാറിയതു മുതൽ ഖത്തറിന്റെ ഗൂഢാലോചനകളും ഉപദ്രവങ്ങളും ഏറ്റവും കൂടുതൽ അനുഭവിച്ചത് ബഹ്‌റൈൻ ആണ്. സ്വന്തം ജനതയെ മാനിക്കാത്ത ഭരണാധികാരികളാണ് ഖത്തറിലേത്. ത്വാലിബ് ബിൻ ശുറൈം, ബിൻ ശാഫി അടക്കമുള്ള അറബ് ഗോത്ര നേതാക്കളെ അവർ അപമാനിക്കുന്നു. ഇത്തരമൊരു രാജ്യത്തിന് ഗൾഫ് സഹകരണ കൗൺസിലിന്റെ ഭാഗമായി പ്രവർത്തിക്കുന്നതിന് അർഹതയില്ലെന്നും ബഹ്‌റൈൻ വിദേശ മന്ത്രി പറഞ്ഞു.