വിഷമം നേരിട്ടപ്പോള്‍  കമല്‍ഹാസന്‍  പറഞ്ഞു തന്ന സൂത്രം തുണയായി -ഉര്‍വശി

ചെന്നൈ-സുരരൈ പോട്ര്, മൂക്കുത്തി അമ്മന്‍, പുത്തന്‍ പുതു കാലൈ എന്നീ മൂന്ന് ഹിറ്റ് ചിത്രങ്ങളിലെ മികച്ച പ്രകടനവുമായി തമിഴ് പ്രേക്ഷകര്‍ക്ക് മുമ്പില്‍ ശ്രദ്ധേയയായിരിക്കുകയാണ് ഉര്‍വശി. മൂന്ന് ചിത്രങ്ങളിലെയും കഥാപാത്രങ്ങള്‍ ജനപ്രീതി നേടിയിരിക്കെ തന്റെ സിനിമാ അഭിനയ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടി ഇപ്പോള്‍. ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിലാണ് 90 കളിലെ തന്റെ സിനിമാജീവിതത്തെ പറ്റി നടി സംസാരിച്ചത്.
ഹാസ്യവേഷങ്ങള്‍ അനായാസം ചെയ്യുന്ന ഒരു മുന്‍നിര നായിക നടിയെന്ന തരത്തില്‍ സിനിമയില്‍ താന്‍ തിളങ്ങിയതിനു പിന്നില്‍ നടന്‍ കമല്‍ ഹാസന്റെ വലിയ പ്രചോദനുമുണ്ടായിരുന്നെന്ന് ഉര്‍വശി പറയുന്നു.
അക്കാലഘട്ടത്തില്‍ ഗ്ലാമര്‍ വേഷങ്ങളോ, ഇഴുകിയഭിനയിക്കേണ്ട റൊമാന്റിക് വേഷങ്ങളോ ചെയ്യില്ലെന്ന തന്റെ നിബന്ധനകള്‍ തമിഴ് സിനിമയില്‍ ഒരു ഘട്ടത്തില്‍ പ്രതിസന്ധിയായി വന്നിരുന്നെന്നാണ് നടി പറയുന്നത്. 'മലയാളത്തില്‍ ഇത് പ്രശ്‌നമായിരുന്നില്ല, പക്ഷെ തമിഴില്‍ ഇത്തരം സീനുകള്‍ ഒഴിവാക്കിയിട്ട് എങ്ങനെ ഒരു നായികാ കഥാപാത്രം ചെയ്യുമെന്ന ചോദ്യം വന്നു. പിന്നീട് മൈക്കിള്‍ മദന കാമരാജന്‍ എന്ന സിനിമയിലൂടെ കമല്‍ സാര്‍ ഒരു ട്രെന്‍ഡ് തുടങ്ങി. നല്ല ഹ്യൂമര്‍ ചെയ്യേണ്ട നിഷ്‌കളങ്കമായ കഥാപാത്രങ്ങളായിരുന്നു അതിലെ രണ്ടു കഥാപാത്രങ്ങളും,'ഉര്‍വശി പറയുന്നു.
ഹാസ്യ കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് കമല്‍ഹാസന്‍ ആണ് തന്നെ ഉപദേശിച്ചതെന്നും നടി പറയുന്നു.
'നീ നന്നായി അഭിനയിക്കുന്ന നടിയാണ്. നല്ല കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുക, ഹ്യൂമര്‍ ചെയ്യുന്നതിന് നടിമാര്‍ പ്രത്യേകിച്ച് നായിക നടിമാര്‍ കുറവാണ് എന്നും അദ്ദേഹം പറഞ്ഞു തന്നു, 'ഭാഗ്യരാജന്‍ സാര്‍ എന്റെ ഗുരുവാണ്. അതിന് ശേഷം എന്റെ ഏറ്റവും വലിയ ഗുരുവാണ് കമല്‍ ഹാസന്‍ സാര്‍,'- ഉര്‍വശി പറഞ്ഞു.

Latest News