ഗര്‍ഭിണിയായ പുലി താനെയില്‍ അജ്ഞാതവാഹനം ഇടിച്ച് ചത്തു

മുംബൈ- മഹാരാഷ്ട്രയിലെ താനെയില്‍ ഗര്‍ഭിണിയായ പുലി അജ്ഞാതവാഹനം ഇടിച്ച് ചത്തു. മീര ഭായന്ദര്‍ ടൗണ്‍ഷിപ്പിലെ കാഷിമീര മേഖലയില്‍ മുംബൈ- അഹമ്മദാബാദ് ദേശീയപാതയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഞായറാഴ്ച പുലര്‍ച്ചെ 12.30 ഓടെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ പെണ്‍പുലിയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ പുലിയെ സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്കി(എസ്.എന്‍.ജി.പി.)ലെ ലെപ്പേഡ് റെസ്‌ക്യൂ സെന്ററില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ലെന്ന് എസ്.എന്‍.ജി.പി. ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ജി. മല്ലികാര്‍ജുന്‍ പറഞ്ഞു.ചികിത്സ നടക്കുന്നതിനിടെ 2.10 ഓടെയാണ് പുലി ചത്തത്. വാഹനം ഇടിച്ചതിനെ തുടര്‍ന്നുണ്ടായ ഒടിവുകളും പേശികള്‍ക്കുണ്ടായ തകരാറുമാണ് പുലിയുടെ മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മൂന്ന് കുഞ്ഞുങ്ങളാണ് പുലിയുടെ ഉദരത്തിലുണ്ടായിരുന്നത്.

Latest News