പനജി- ഗോവയില്‍ ഭര്‍ത്താവിന്റെ പോറ്റമ്മമാരും അമ്മായികളുമായ രണ്ടു വൃദ്ധ സഹോദരിമാരെ യുവതി വാടക കൊലയാളിയുടെ സഹായത്തോടെ കൊല്ലപ്പെടുത്തി. മാര്‍ത്ത ക്ലെമന്ഷ്യ ലോബോ (64), വെര ലോബോ (62) എന്നിവരാണ് ഞായറാഴ്ച രാത്രി കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതികളായ റൊവിന ലോബോ (29), വാടക കൊലയാളി ശുഭന് രാജ്യബല്ലി (28) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. റൊവിനയുടെ ഭര്‍ത്താവ് ജുലിയോ ലോബോ (32) കുട്ടിക്കാലം മുതല്‍ അമ്മായിരമാരുടെ കൂടെയാണ് കഴിഞ്ഞിരുന്നത്. ജുലിയോയെ പോറ്റിവളര്‍ത്തിയത് അവിവാഹിതരായ ഈ അമ്മായിമാരായിരുന്നു. വിവാഹ ശേഷം ഭാര്യ റൊവിനയേയും അമ്മായിമാരുടെ വീട്ടിലേക്കാണ് കൊണ്ടു വന്നത്. എന്നാല്‍ റൊവിനയും അമ്മായിമാര്ക്കുമിടയില് സ്വരചേര്‍ച്ച ഉണ്ടായിരുന്നില്ല. ഇതാണ് കൊലാതകത്തിലേക്ക് നയിച്ചതെന്ന് സംശയിക്കപ്പെടുന്നു. അമ്മായിമാര് ദ്രോഹിക്കുന്നതായി റൊവിന പരാതിപ്പെട്ടിരുന്നു. നോര്‍ത്ത് ഗോവയിലെ സൊയ്ലിമിലാണ് കുടുംബം കഴിഞ്ഞിരുന്നത്.
കൊലപാതകത്തിന് പദ്ധതിയിട്ട റൊവിന കൂട്ടുപ്രതിയായ ശുഭത്തെ ജോലി ഏല്‍പ്പിക്കുകയായിരുന്നു. ഭര്‍ത്താവ് ജൂലിയോ വീട്ടിലില്ലാത്ത സമയം നോക്കി ഞായറാഴ്ച രാത്രി വീട്ടിലെത്തിയ ശുഭവും റൊവിനയും കൂടി വയോധിക സഹോദരിമാരെ പെഡസ്റ്റര് ഫാന്‍ ഉപയോഗിച്ച് അടിച്ചു വീഴ്ത്തുകയായിരുന്നു. ശേഷം മൂര്‍ച്ഛയേറിയ ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൊല നടത്തിയ ശേഷം രക്ഷപ്പെട്ട റൊവിനയേയും ശുഭത്തേയും പോലീസ് അറസ്റ്റ് ചെയ്തു. ഏഴു വയസ്സുകാരി മകളെ വീട്ടില്‍ ഉപേക്ഷിച്ച് ഒരു വയസ്സുള്ള മകനുമായാണ് പ്രതി റൊവിന കടന്നത്. ജൂലിയോ വീട്ടിലെത്തിയപ്പോള്‍ കൊലപാതകത്തിന് ദൃക്സാക്ഷിയായ മകളാണ് സംഭവം അച്ഛനോട് വിവരിച്ചത്.






