ന്യൂദല്‍ഹി- ബിഹാര്‍ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനത്തിലുണ്ടായ കാലതാമസം മഹാസഖ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രകടനത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് മുതിര്‍ന്ന നേതാവ് കോണ്‍ഗ്രസ് താരിഖ് അന്‍വര്‍ പറഞ്ഞു. കോണ്‍ഗ്രസ്
ഇതില്‍നിന്ന് പാഠം പഠിക്കണമെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സഖ്യവും സീറ്റ് വിഭജനവും കാലേക്കൂട്ടി പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു. മഹാസഖ്യത്തിലെ മറ്റു ഘടകകക്ഷികളേക്കാള്‍ മോശം പ്രകടനമാണ് കോണ്‍ഗ്രസ് കാഴ്ചവെച്ചതെന്നും ഹൈക്കമാന്റ് ഇതേക്കുറിച്ച് ആത്മപരിശോധന നടത്തുമെന്നും സമഗ്രമായി വിശകലനം ചെയ്യുമെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും ബിഹാറിലെ മുതിര്‍ന്ന നേതാവുമായ താരിഖ് അന്‍വര്‍ പറഞ്ഞു.
ബിഹാര്‍ വോട്ടെടുപ്പ് ഫലം കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ക്ക് താഴെയാണെന്നും മത്സരിച്ച 70 സീറ്റുകളില്‍ 19 എണ്ണം മാത്രം നേടാനായത് വലിയ തിരിച്ചടിയാണെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.
സാധാരണക്കാര്‍ക്കിടയില്‍ മാറ്റത്തിനായി വലിയ ആവേശമുണ്ടായിരുന്നു. പക്ഷേ ഞങ്ങള്‍ക്ക് അത് പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ല. 70 സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിച്ചപ്പോള്‍ 50 ശതമാനം സീറ്റുകളെങ്കിലും നേടാന്‍ സാധിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെന്നും മുന്‍ കേന്ദ്രമന്ത്രി പറഞ്ഞു. കോണ്‍ഗ്രസിനേയും മഹാസഖ്യത്തേയും ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ മുന്നോട്ടുപോകുമെന്നും ഇതിനായി തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിഹാറില്‍ മഹാസഖ്യത്തിന് തിരിച്ചടിയായത് കോണ്‍ഗ്രസിന്റെ മോശം പ്രകടനമാണെന്ന് തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്ത് നിരവധി നിരീക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എന്‍.ഡി.എ വോട്ടെടുപ്പില്‍ ചെറിയ വ്യത്യാസത്തിലാണ് അധികാരം നിലനിര്‍ത്തിയത്. പാര്‍ട്ടി ആത്മപരിശോധന നടത്തുമെന്നും അതിനായുള്ള നടപടികള്‍ തുടങ്ങിയെന്നും കോണ്‍ഗ്രസിന്റെ തെരരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കമ്മിറ്റി അംഗം കൂടിയായിരുന്നു താരിഖ് അന്‍വര്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിയടക്കം സംസ്ഥാനത്ത് നിരവധി പൊതുയോഗങ്ങള്‍ നടത്തി. തെരഞ്ഞെടുപ്പ് വേളയില്‍ ഉന്നത നേതൃത്വം സാധ്യമായ എല്ലാ പിന്തുണയും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഞങ്ങളുടെ ഭാഗത്ത് കുറവുകളുണ്ടായിരുന്നു, അല്ലാത്തപക്ഷം ഞങ്ങള്‍ 35-40 സീറ്റുകള്‍ നേടുമായിരുന്നു. സംഘടനയിലോ പ്രചാരണത്തിലോ എവിടെയാണ് കുറവുകളുണ്ടായെന്നത് വിശകലനം ചെയ്യും. കോണ്‍ഗ്രസിന്റെ പ്രകടനം എന്തുകൊണ്ട് പ്രതീക്ഷക്കൊത്തുയര്‍ന്നില്ല എന്ന് കണ്ടെത്തും -അദ്ദേഹം പറഞ്ഞു.