ദേശീയ പുരസ്‌കാര ജേതാവിന്റെ ചിത്രത്തിലെ നായികയായി  പൂര്‍ണ്ണിമ ഇന്ദ്രജിത്ത് ബോളിവുഡില്‍

മുംബൈ-വിവാഹത്തോടെ അഭിനയത്തിന് ഇടവേള നല്‍കി ഫാഷന്‍ ഡിസൈനിങ്ങ് രംഗത്തു സജീവമായ നടി പൂര്‍ണ്ണിമ ഇന്ദ്രജിത്ത് ബോളിവുഡിലേക്ക് ചുവടുവയ്ക്കുന്നു. ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവായ സച്ചിന്‍ കുന്ദല്‍ക്കര്‍ സംവിധാനം ചെയ്യുന്ന കൊബാള്‍ട്ട് ബ്ലൂ എന്ന സിനിമയിലൂടെയാണ് ബോളിവുഡിലേക്കുള്ള പൂര്‍ണ്ണിമയുടെ അരങ്ങേറ്റം. സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പൂര്‍ണ്ണിമയാണ്.കൊബാള്‍ട്ട് ബ്ലൂ എന്ന പേരിലുള്ള സച്ചിന്‍ കുന്ദല്‍ക്കറിന്റെ പുസ്തകത്തെ ആധാരമാക്കി അദ്ദേഹം തന്നെ സംവിധാനം ചെയ്യുന്ന സിനിമയിലെ ഏക മലയാളി സാന്നിധ്യമാണ് പൂര്‍ണിമ. ഷൂട്ടിങ്ങ് സെറ്റില്‍ നടന്ന ദീപാവലി ആഘോഷങ്ങളുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളിലൂടെ പൂര്‍ണ്ണിമ പങ്കു വെച്ചിരുന്നു. നിലവില്‍ കൊച്ചിയിലാണ് ഷൂട്ടിങ്ങ് നടക്കുന്നത്.
പ്രതീക് ബബ്ബര്‍ ആണ് ചിത്രത്തിലെ നായകന്‍. തനയ്, അനുജ എന്നീ സഹോദരിമാരുടെ കഥ പറയുന്നതാണ് ചിത്രം. സഹോദരിമാരുടെ വീട്ടില്‍ പേയിങ് ഗസ്റ്റ് ആയി എത്തുന്ന യുവാവുമായി ഇരുവരും പ്രണയത്തിലാവുന്നതാണ് കഥയുടെ ആധാരം.നെറ്റ്ഫഌക്‌സിനു വേണ്ടി ഓപ്പണ്‍ എയര്‍ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖമാണ് മലയാളത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന പൂര്‍ണ്ണിമയുടെ ചിത്രം.ഫാഷന്‍ ഡിസൈനിങ്ങ് രംഗത്തും സിനിമാ രംഗത്തും ഒരു പോലെ പ്രശസ്തയാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്ത്. വര്‍ഷങ്ങള്‍ നീണ്ട ഇടവേളക്ക് ശേഷം ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ് എന്ന സിനിമയിലൂടെയായിരുന്നു പൂര്‍ണ്ണിമ വീണ്ടും മലയാള സിനിമയിലേക്ക് എത്തിയത്.
 

Latest News