ന്യുദല്‍ഹി- വാളുകളും വെട്ടുകത്തികളുമായി നൈജീരിയന്‍ പൗരന്മാര്‍ ദല്‍ഹിയിലെ ആശുപത്രിയില്‍ തമ്മിലടിച്ചത് ഭീതിപരത്തി. ശനിയാഴ്ച പുലര്‍ച്ചെ നടന്ന സംഭവത്തിന്റെ വീഡിയോ പുറത്തു വന്നു. പരിക്കേറ്റ മൂന്ന് നൈജീരിയന്‍ സ്വദേശികളെ ചികിത്സക്കായി ആശുപത്രിയിലെത്തിച്ചതിനു തൊട്ടു പിറകെയാണ് പത്തിലേറെ പേര്‍ വരുന്ന സംഘം ആശുപത്രിക്കുള്ളില്‍ മാരകായുധങ്ങളുമായി ഏറ്റുമുട്ടിയത്. ഇതു കണ്ട ഭയന്ന നഴ്‌സുമാരും ആശുപത്രി ജീവനക്കാരും രക്ഷ തേടി ശുചിമുറിയിലും മറ്റും ഒളിച്ചു.
പുലര്‍ച്ചെ നാലുമണിയോടെയാണ് പരിക്കുകളുമായി മൂന്ന് നൈജീരിയക്കാര്‍ ചികിത്സ തേടി സാകേതിലെ ആശുപത്രിയിലെത്തിയത്. ഇവര്‍ക്കൊപ്പം വന്നവര്‍ ആശുപത്രിക്കു പുറത്തു നിന്നു. ഇവരുടെ എതിര്‍സംഘത്തിലുള്ള ഒരാള്‍ ഓട്ടോയിലെത്തുകയും ആശുപത്രിയിലേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിക്കുകയും ചെയ്തതോടെയാണ് പോര് തുടങ്ങിയതെന്ന് പോലീസ് പറഞ്ഞു. ആശുപത്രിയിലെ സിസിടിവി ദൃശ്യത്തില്‍ ആയുധങ്ങളുമായുള്ള ഇവരുടെ അഴിഞ്ഞാട്ടം വ്യക്തമായി പതിഞ്ഞു. മുഷ്ടിചുരുട്ടി ഇടിക്കുന്നതും ആയുധങ്ങല്‍ വീശുന്നതും ദൃശ്യത്തിലുണ്ട്. ആശുപത്രി വാതില്‍ തകര്‍ന്നികിടക്കുന്നതും കാണാം.
ആശുപത്രിയിലെ റിസപ്ഷന്‍ കൗണ്ടറിനു സമീപം ഒരു മണിക്കൂറോളം ഇവരുടോ പോരാട്ടം നീണ്ടു. തുടക്കത്തില്‍ ഇവരെ തടയാനെത്തിയ സുരക്ഷാ ജീവനക്കാരനും അടി കിട്ടി. നഴ്‌സുമാരും ജീവനക്കാരും ചേര്‍ന്ന് രോഗികളെ കിടത്തിയ മുകള്‍ നിലകളിലേക്കുള്ള വഴികളെല്ലാം അടച്ചു സുരക്ഷിതമാക്കി. ഏറെ നേരം തമ്മിലടിക്കുകയും ആശുപത്രിയില്‍ നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്ത സംഘം പോലീസ് എത്തുന്നതിനു മുമ്പ് രക്ഷപ്പെടുകയും ചെയ്തു.