യുഎഇയില്‍ ഉടന്‍ തിരിച്ചെത്തുമെന്ന് ബി. ആര്‍. ഷെട്ടി

ദുബായ്- കോടിക്കണക്കിന് ഡോളറുകള്‍ വെട്ടിച്ച കേസിലുള്‍പ്പെട്ട് കുരുക്കിലായ എന്‍എംസി ഹെല്‍ത്ത്‌കെയര്‍, യുഎഇ എക്‌സ്‌ചേഞ്ച് സ്ഥാപകന്‍ ബി. ആര്‍. ഷെട്ടി ഉടന്‍ യുഎഇയില്‍ തിരിച്ചെത്തുമെന്ന് പ്രസ്താവനയില്‍ അറിയിച്ചു. എന്‍എംസി ഹെല്‍ത്ത്‌കെയറിന്റെ പേരില്‍ നാലു ബില്യണ്‍ ഡോളര്‍ വരുന്ന ബാങ്ക് ലോണുകളില്‍ വെട്ടിപ്പു നടത്തിയ കേസില്‍ ഷെട്ടി കുറ്റമുക്തനാകുമെന്നാണു സൂചന. വന്‍ കോര്‍പറേറ്റ് തട്ടിപ്പു പുറത്തു വന്ന ഫെബ്രുവരി മുതല്‍ ഷെട്ടി യുഎഇയില്‍ ഇല്ല. പിന്നീട് ബാങ്കുകളുടെ പരാതിയില്‍ പല നിയമനടപടികളും ഷെട്ടിക്കെതിരെ വന്നിരുന്നു. ഷെട്ടിയുടെ ആസ്തികള്‍ വില്‍പ്പന നടത്തുന്നത് ദുബായിലേയും ഇന്ത്യയിലേയും കോടതികള്‍ തടയുകയും ചെയ്തിട്ടുണ്ട്.

'രോഗിയായ സഹോദരനെ സന്ദര്‍ശിക്കാനാണ് ഫെബ്രുവരിയില്‍ ഇന്ത്യയിലെത്തിയത്. അദ്ദേഹം മാര്‍ച്ച് അവസാനത്തോടെ മരിച്ചു. പിന്നീട് കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യാന്തര യാത്രകളും വിലക്കപ്പെട്ടു,' ഷെട്ടി പ്രസ്താവനയില്‍ പറയുന്നു. 'ഞാന്‍ ഇന്ത്യയിലായിരിക്കെയാണ് ഞങ്ങളുടെ അന്വേഷണത്തിലൂടെ എന്‍എംസി ഹെല്‍ത്ത്‌കെയറിലേയും ഫിനേബ്ലറിലേയും എന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുളള മറ്റു കമ്പനികളിലേയും തട്ടിപ്പുകളുടെ വിവരങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയത്'- അദ്ദേഹം പറഞ്ഞു. 

യുഎഇയിലെക്കു മടങ്ങി വരാന്‍ ഉദ്ദേശിക്കുന്നതായി ആ സമയത്തും ഞാന്‍ പറഞ്ഞിരുന്നു. തട്ടിപ്പു നടത്തിയവര്‍ക്കെതിരെ ഇന്ത്യയിലും ക്രിമിനല്‍ കേസ് നല്‍കിയിട്ടുണ്ട്. ഇനി ഉടന്‍ യുഎഇയിലേക്ക് മടങ്ങി എത്താനാണ് ആഗ്രഹിക്കുന്നത്. കമ്പനികളോടും ജീവനക്കാരോടും ഓഹരി ഉടമകളോടും ചെയ്ത അനീതി പരിഹരിക്കാന്‍ യുഎഇ അധികാരികള്‍ക്ക് പിന്തുണ നല്‍കുമെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഎഇയിലെ നീതിന്യായ സംവിധാനത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും കുറ്റക്കാരനെ നിയമത്തിനു മുന്നില്‍കൊണ്ടു വരാനാണു ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

തട്ടിപ്പു കേസുകള്‍ വന്നതിനു പിന്നാലെ കമ്പനിയുടെ ഇടപാടുകള്‍ സംബന്ധിച്ച് ഷെട്ടി സ്വന്തം നിലയില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തിയിരുന്നു. തട്ടിപ്പിനു പിന്നില്‍ കമ്പനിയുടെ മുന്‍ ഉന്നത ഉദ്യോഗസ്ഥരാണെന്നാണു കണ്ടെത്തല്‍. സിഇഒ ആയിരുന്ന പ്രശാന്ത് മങ്ങാട്ട്, സഹോദരനും ഫിനേബ്ലര്‍ സിഇഒയുമായിരുന്ന പ്രമോദ് മങ്ങാട്ട് എന്നിവരുള്‍പ്പെടെയാണ് വെട്ടിപ്പിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് ഈ അന്വേഷണത്തില്‍ ലഭിച്ച സൂചന.
 

Latest News