ജനീവ- കൊറോണ വൈറസ് മഹാമാരിക്കെതിരായ വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമങ്ങളുടെ പുരോഗതി ലോകം ആഘോഷിക്കുമ്പോള്‍ ഈ മരുന്നുകളില്‍ വിശ്വാസം കൂടി നേടിയെടുക്കണ്ടതുണ്ടെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കി.
കണ്ടുപിടിക്കുന്ന വാക്‌സിന്‍ ഫ്രീസറിലോ റഫ്രിജറേറ്ററിലോ അലമാരയിലോ സൂക്ഷിക്കുന്നതു കൊണ്ട് കാര്യമില്ലെന്നും ഉപയോഗിക്കാത്ത വാക്‌സിന്‍ മഹമാരി കുറയ്ക്കുന്നതിന് ഒരു സഹായവും നല്‍കില്ലെന്നും ലോകാരോഗ്യ സംഘടനയുടെ രോഗപ്രതിരോധ വകുപ്പ് മേധാവി കേറ്റ് ഓബ്രിയന്‍ പറഞ്ഞു.
40,000 ലേറെ പേര്‍ ഉള്‍പ്പെടുന്ന അവസാനഘട്ട പരീക്ഷണങ്ങളില്‍ തങ്ങള്‍ വികസിപ്പിച്ച മരുന്ന് 90 ശതമാനം ഫലപ്രദമാണെന്ന് തെളിഞ്ഞതായി യു.എസ് ഫാര്‍മസ്യൂട്ടിക്കല്‍ ഭീമനായ ഫൈസറും ജര്‍മ്മന്‍ പങ്കാളിയായ ബയോ ടെക്കും കഴിഞ്ഞ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു.
വളരെ പ്രധാനമെന്നാണ് ഇടക്കാല പരീക്ഷണ ഫലങ്ങളെ കേറ്റ് ഓബ്രിയന്‍ പ്രശംസിച്ചത്. വാക്‌സിനുകള്‍ തേടിയുള്ള സമാനമായ പരീക്ഷണങ്ങളില്‍നിന്ന് ഉടന്‍ തന്നെ പ്രാഥമിക വിവരങ്ങള്‍ ലഭിക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. ഇതുവരെ വികസിപ്പിച്ച വാക്‌സിനുകള്‍ക്ക് വളരെ കാര്യമായ ഫലപ്രാപ്തി ഉണ്ടെന്നാണ് ഡാറ്റകള്‍ കാണിക്കുന്നതെന്നും പകര്‍ച്ചവ്യാധിയെ ചെറുക്കുന്നതിനുള്ള ശ്രമങ്ങളില്‍ വളരെ നല്ല വാര്‍ത്തയാണിതെന്നും അവര്‍ പറഞ്ഞു.
അതസമയം 13 ലക്ഷം പേരുടെ ജീവനെടെത്തുകൊണ്ട് കോവിഡ് ഇപ്പോഴും കുതിച്ചുകൊണ്ടിരിക്കയാണ്. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടക്കുന്ന പ്രചാരണങ്ങള്‍ ആളുകളെ വാക്‌സിനില്‍ പോലും വിശ്വാസമില്ലാത്തവരായി മാറ്റാനിടയുണ്ടെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.
ജനങ്ങള്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ തയാറാകുന്നില്ലെങ്കില്‍ മഹാമാരിക്കെതിരായ പോരാട്ടം വിജയിക്കാന്‍ പോകുന്നില്ലെന്നും അവര്‍ ഉണര്‍ത്തി. ലോകാരോഗ്യ സംഘടന കൂടി വിലയിരുത്തുന്ന കോവിഡ് വാക്‌സിനുകളില്‍ ജനങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആവശ്യമാണ്. സുരക്ഷയുടേയും ഫലപ്രാപ്തിയുടെ കാര്യത്തിലും യാതൊരു വിട്ടുവീഴ്ചയുമില്ലാതെയാണ് വാക്‌സിന്‍ പരീക്ഷണങ്ങളേയും വിജയത്തെയും ലോകാരോഗ്യ വിലയിരുത്തുന്നതെന്നും അവര്‍ പറഞ്ഞു.






