ഹാദിയ വീട്ടുതടങ്കലിലല്ല, മര്‍ദിച്ചിട്ടില്ല- പിതാവ് അശോകന്‍

വൈക്കം- ഹാദിയ വീട്ടുതടങ്കലിലാണെന്ന വാര്‍ത്ത തെറ്റാണെന്നും സുപ്രീം കോടതി ഉത്തരവ് പ്രകാരം മകളെ  ഹാജരാക്കുമെന്നും പിതാവ് അശോകന്‍ പറഞ്ഞു. താന്‍ ആരേയും അടച്ചിട്ടില്ലെന്നും എവിടെ വേണമെങ്കിലും പോലീസ് സംരക്ഷണത്തില്‍ പോകാന്‍ ഹാദിയക്ക്  സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.  മകള്‍ പോകാന്‍ തയ്യാറാകാത്തതാണ് വീട്ടുതടങ്കലായി വ്യാഖ്യാനിക്കുന്നതെന്നും അശോകന്‍ കൂട്ടിച്ചേര്‍ത്തു.
ഈ മാസം 27ന് മൂന്ന് മണിക്ക് മുമ്പ് ഹാദിയയെ ഹാജരാക്കണമെന്നാണ് അച്ഛനോട് സുപ്രീംകോടതി നിര്‍ദേശിച്ചത്. തുറന്ന കോടതിയിലായിരിക്കും വാദം കേള്‍ക്കുക. അടച്ചിട്ട കോടതിയില്‍ വാദം കേള്‍ക്കണമെന്ന പിതാവ് അശോകന്റെ  ആവശ്യം കോടതി തള്ളി. ഹാദിയക്കുള്ള സുരക്ഷ സംസ്ഥാന സര്‍ക്കാര്‍ തുടരണം. സമൂഹത്തിന്റെ വികാരമനുസരിച്ച് കോടതിക്ക് തീരുമാനമെടുക്കാനാവില്ല. കുറ്റവാളിയെ വിവാഹം കഴിച്ചാല്‍ പോലും നിയമപരമായി തടയാന്‍ കോടതിക്കാവില്ല. ഹാദിയയുടെ നിലപാട് അറിഞ്ഞ ശേഷം പിതാവിന്റെയും എന്‍.ഐ.എയുടെയും ഭാഗം കേള്‍ക്കും. ഇതിന് ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും കോടതി വ്യക്തമാക്കി.
ഹാദിയ ഒറ്റപ്പെട്ട സംഭവമല്ലെന്നും 'സൈക്കോളജിക്കല്‍ കിഡ്നാപ്പിംഗ്' ആണെന്നുമാണ് എന്‍ഐഎ കോടതിയില്‍ അറിയിച്ചത്.
ഷെഫിന്‍ ജഹാന്റെയും എന്‍. ഐ.എയുടെയും അഭിഭാഷകര്‍ തമ്മില്‍ നേരത്ത കേസ് പരിഗണിക്കവെ വാക്ക് തര്‍ക്കമുണ്ടായ സാഹചര്യത്തില്‍ വൈകാരികമായി വാദിക്കതരുതെന്ന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു. ഐ.എസ് ബന്ധം ആരോപിച്ച് എന്‍.ഐ.എ ഒക്ടോബറില്‍ അറസ്റ്റ് ചെയ്ത മന്‍സി ബുറാഖുമായി ഷെഫിന്‍ ജഹാന് ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ഹാദിയയുടെ പിതാവ് അശോകന്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇരുവരും സോഷ്യല്‍മീഡിയയിലൂടെ നടത്തിയ സംഭാഷണങ്ങളുടെ രേഖയും തെളിവായി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
 

Latest News