Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രവാസം വീണ്ടും കഥ (ജീവിതം) പറയുന്നു 

ഉള്ളുതൊട്ട് നൊന്തെഴുതിയ കഥയാണ് 'ഈസ'. പ്രവാസിയുടെ സങ്കടവും കുടിയിറക്കലും എവിടെയും ചെന്ന് കയറാനൊരു കുടിയുമില്ലാതാകുന്നവന്റെ ജീവിതമായിരുന്നു ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് എഴുതിയ കഥ. രേഖകളിൽ ഇല്ലാതാകുന്നവൻ സ്വന്തം വീട്ടിൽനിന്നു പോലും എറിഞ്ഞോടിക്കപ്പെടുമെന്നും വിളിച്ചുപറയുന്ന കഥ. ജീവിതം ജീവിച്ചുതീർന്നാലും മോഹങ്ങളൊടുങ്ങാത്ത ആയിരം മനുഷ്യരുടെ പ്രതിനിധിയുടെ കഥ. ഈസയുടെ പശ്ചാതലത്തിൽ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് മനസ്സ് തുറക്കുന്നു.

ഏറ്റവും പുതിയ കഥ 'ഈസ' വളരെയധികം ശ്രദ്ധിക്കപ്പെട്ടുവല്ലോ. എങ്ങനെയാണ് പ്രതികരണങ്ങൾ? 

വളരെ നല്ല രീതിയിൽ സ്വീകരിക്കപ്പെട്ടു. ഒരുപാട് പേർ വായിച്ചു നല്ല അഭിപ്രായം പങ്കുവെച്ചു. കുറഞ്ഞ ദിവസങ്ങൾ കൊണ്ട് തന്നെ കഥാ ചർച്ചകൾ നടക്കുന്നു. ഉള്ളിൽ ഒരുപാട് നൊന്തെഴുതിയ കഥയാണ്. പലവട്ടം മാറ്റിയെഴുതിയിട്ടാണ് തൃപ്തി വന്നത്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടുതന്നെ ഇത്ര നന്നായി സ്വീകരിക്കപ്പെട്ടതിൽ അതുകൊണ്ട് തന്നെ ഒരുപാട് സന്തോഷമുണ്ട്. 

ഗൾഫ് പ്രവാസം ഇത്രയും ശക്തമായി നമ്മുടെ കഥകളിൽ വല്ലാതെ ആരും പറഞ്ഞിട്ടില്ല. ശിഹാബ്ക്കയും ഗൾഫ് പ്രവാസി ആയിരുന്നല്ലോ? അന്ന് കണ്ടതും അറിഞ്ഞതുമായ അനുഭവങ്ങളാണോ 'ഈസ'യിൽ ഇത്രയും തീവ്രമായിപ്രവാസത്തെ വരച്ചുവെച്ചത്? 

ഞാൻ കണ്ടതും കേട്ടതുമായ അനുഭവങ്ങളുടെ ആയിരത്തിൽ ഒന്നു പോലും ഈ കഥയിൽ പകർത്താൻ എനിക്ക് കഴിഞ്ഞിട്ടില്ല. ഗൾഫ് പ്രവാസിയുടെ, പ്രത്യേകിച്ചും ഈ കഥയിലെ ഈസയെ പോലുള്ള തലമുറയുടെ പ്രവാസജീവിതം ഒരു കഥയിലൊന്നും ഒതുക്കാൻ പറ്റുന്നതല്ല. 

മലയാളിയുടെ ഗൾഫ് പ്രവാസം ശരിയായ രീതിയിൽ രേഖപ്പെടുത്തപ്പെട്ടിട്ടില്ല എന്ന് അഭിപ്രായമുണ്ടോ? 
തീർച്ചയായും. നിശ്ശബ്ദരാക്കപ്പെട്ട ഒരു സമൂഹമാണ് നമ്മുടെ ഗൾഫ് പ്രവാസികൾ. കേരളത്തിന്റെ വളർച്ചയിൽ ഗൾഫ് പ്രവാസികളുടെ പങ്ക് വളരെ വലുതാണ് എന്ന് ഭംഗിവാക്ക് പറയുമെങ്കിലും അവരുടെ ജീവിതം ശരിയായ രീതിയിൽ രേഖപ്പെടുത്താൻ നമ്മളിതുവരെ തയാറായിട്ടില്ല. അർഹമായ പരിഗണന പോലും ലഭിക്കാത്തവരാണ് ഇന്നും ഗൾഫ് പ്രവാസികൾ. കഥയിൽ പറഞ്ഞ പോലെ അവരുടെ വിയർപ്പും കണ്ണീരും തന്നെയാണ് ഇന്ന് കാണുന്ന രീതിയിൽ കേരളത്തെ വളർത്തിയത്. അര നൂറ്റാണ്ട് മുമ്പ് ലോഞ്ചിലും കപ്പലിലും ഒക്കെയായി സാഹസികരായ കുറെ മനുഷ്യർ കടൽ കടന്ന് പോയിട്ടില്ലായിരുന്നുവെങ്കിൽ കേരളവും ബിഹാർ പോലെയൊക്കെ ഒരു സംസ്ഥാനം ആവുമായിരുന്നു. 

വിശദീകരിക്കാമോ? 
നമ്മുടെ നാട്ടിലെ ഏതൊരു കാര്യവും എടുത്തു നോക്കൂ. ഗൾഫ് മണിയുടെ സ്വാധീനം കാണാം. വിദ്യാലയങ്ങൾ, ആശുപത്രികൾ, വാഹനങ്ങൾ, സിനിമ, സംഗീതം, മാധ്യമങ്ങൾ, പ്രസിദ്ധീകരണങ്ങൾ, മത സാംസ്‌കാരിക സ്ഥാപനങ്ങൾസൂക്ഷ്മമായി പരിശോധിച്ചാൽ ഇതിന്റെയൊക്കെ പിറകിൽ ഗൾഫുകാരന്റെ കഠിനാധ്വാനമുണ്ട്, അവിടെ നിന്നും അയച്ച പണമുണ്ട്. മറ്റേതൊരു സംസ്ഥാനത്തേക്കാളും ഈ നാടിന്റെ വളർച്ചയിലെ പ്രധാനഘടകം ഗൾഫിൽ നിന്നുള്ള പണമാണ്. നമ്മുടെ നാടിന്റെ മൂന്നിലൊന്ന് വരുമാനം ഗൾഫുകാരൻ അയക്കുന്ന പണമാണ്. 

ഗൾഫ് പ്രവാസ ജീവിതത്തെ കുറിച്ച്? 
ഞാൻ 94 ലാണ് ആദ്യമായി യു.എ.ഇയിൽ ജോലി അന്വേഷിച്ച് എത്തുന്നത്. അന്ന് ജോലിയൊന്നും ശരിയാവാതെ തിരിച്ചു പോന്നു. പിന്നീട് 2004 ൽ അബുദാബിയിൽനിന്ന് പുറത്തിറക്കുന്ന ഒരു മാഗസിന്റെ സാഹിത്യക്യാമ്പിൽ അതിഥി ആയി പോയതാണ്. അവിടെ വെച്ച് ആ മാഗസിന്റെ ചീഫ് എഡിറ്ററായി നിൽക്കാൻ അവർ ആവശ്യപ്പെട്ട പ്രകാരം അവിടെ തുടർന്നു. 
മൂന്നു വർഷം മാഗസിൻ ജേർണലിസ്റ്റ് ആയി അബുദാബിയിലും. മൂന്നു വർഷം പ്രവാസ ചന്ദ്രികയിലും, ആറു മാസത്തോളം ഒരു കാർ ആക്‌സസറി ഷോപ്പിൽ അസിസ്റ്റന്റ് അകൗണ്ടന്റ് ആയും. 

12 പേർ കിടക്കുന്ന 'ഈസ'യുടെ മുറിയെ പറ്റി കഥയിൽ പറയുന്നുണ്ട്. 
ആറുമാസത്തോളം അങ്ങനെ ഒരു മുറിയിൽ ഞാൻ കഴിഞ്ഞിട്ടുണ്ട്. മൂന്നു പേർക്ക് കിടക്കാൻ കഴിയുന്ന നാലു കട്ടിലുകൾ ഉള്ള ഇടുങ്ങിയ മുറി. രണ്ടു പേർ പങ്കുവെക്കുന്ന സിബ്ബ് വലിച്ചു തുറക്കുന്ന അലമാര. ഇതിലേറെ പരിമിതമായ സാഹചര്യത്തിൽ ജീവിക്കുന്നവരെ കണ്ടിട്ടുണ്ട്. പുറമെ നിന്നൊരു ചായ കുടിക്കാൻ പോലും നാട്ടിലെ ഉറുപ്പികയുമായി തട്ടിച്ചു നോക്കി വേണ്ടെന്ന് വെക്കുന്നവർ. ചെറിയ ശമ്പളക്കാരാണ്. എന്നാലും പുറമെ നിന്ന് ആരെങ്കിലും വന്നാൽ അവർ ഹാർദമായി സ്വീകരിക്കും. ഉള്ള സൗകര്യത്തിൽ അവരെ കൂടെ ഭക്ഷണത്തിന് ക്ഷണിക്കും. പട്ടിണി അറിഞ്ഞത് കൊണ്ടാണ് ഒരാളെ കാണുമ്പോൾ ഭക്ഷണം എടുക്കട്ടെ എന്ന ചോദ്യം ഉണ്ടാവുന്നതും, നിർബന്ധിച്ച് ഊട്ടുന്നതും. നാട്ടിൽനിന്ന് എത്തിയ പുതിയ ആളാണെങ്കിൽ 'ഇതവിടെ വെച്ചോ, എന്തെങ്കിലും ആവശ്യമുണ്ടാകും' എന്ന് ചെറുതല്ലാത്ത ഒരു സംഖ്യ കയ്യിൽ ചുരുട്ടി വെച്ചു കൊടുക്കാനും മറക്കില്ല. നാട്ടിലേക്ക് പെട്ടി കെട്ടുമ്പോൾ ബന്ധുക്കൾക്കും അയൽവാസികൾക്കും സുഹൃത്തുക്കൾക്കും ഒക്കെ കൊടുക്കാനുള്ള സാധനങ്ങളാണ്. അത് 40 കിലോ കൊണ്ടുപോകാൻ അനുമതി ഉള്ളിടത്തു 45 കിലോ എങ്കിലും കൊണ്ടുപോകും. സ്വന്തം ആവശ്യത്തിനുള്ളത് 2 കിലോ പോലും ഉണ്ടാവില്ല. സമ്മാനം ലഭിക്കുമ്പോൾ പ്രിയപ്പെട്ടവർ അനുഭവിക്കുന്ന സന്തോഷം. അതാണ് ഇവരുടെ ജീവിതത്തിലെ അമൂല്യമായ സമ്പാദ്യം. 'ഈസ'യിൽ ഇത് സൂചിപ്പിക്കുന്നുണ്ട്. 

ഇന്നലെകളിലെ ഗൾഫ് പ്രവാസികളുടെ കഷ്ടതകളും യാതനകളും എവിടെയും അടയാളപ്പെടുത്തപ്പെടാതെ പോവുകയാണ് എന്ന് പറഞ്ഞു. എന്തെങ്കിലും നിർദേശങ്ങൾ ഉണ്ടോ? 
ഞാൻ ഗൾഫിലെ തന്നെ പല സംഘടനാ വേദികളിലും പറഞ്ഞ കാര്യമാണ്. ഗൾഫ് പ്രവാസ ജീവിതം ഇനിയെങ്കിലും ഡോക്യുമെന്റ് ചെയ്ത് സൂക്ഷിക്കാനുള്ള സംവിധാനം ഉണ്ടാക്കണം. ഞാൻ ചന്ദ്രിക ആഴ്ചപ്പതിപ്പിൽ എഡിറ്ററായിഇരുന്നപ്പോൾ മുൻകൈ എടുത്ത് ലോഞ്ചിൽ ഗൾഫിലെത്തിയ 25 പേരെ കണ്ടെത്തി അവരുടെ അനുഭവം 'ലോഞ്ചിൽ പോയ കേരളം' എന്ന പേരിൽപരമ്പരയായി പ്രസിദ്ധീകരിച്ചിരുന്നു. വളരെ ഞെട്ടിക്കുന്ന അനുഭവങ്ങളായിരുന്നു അത്.
ആറു പതിറ്റാണ്ടിന്റെയെങ്കിലുംഗൾഫ് പ്രവസാനുഭവം ഉണ്ട് നമുക്ക്. അതിലും പഴക്കമുണ്ടാകും. ബഹ്‌റൈൻ കേരള സമാജം ഉണ്ടാവുന്നത് 1945 ലാണ്. അക്കാലം മുതലുള്ള മനുഷ്യരുടെ അനുഭവങ്ങൾ ഓർമകൾ അവരുടെ കത്തുകൾ രേഖകൾ പത്രവാർത്തകൾ ഇതൊക്കെ സൂക്ഷിച്ചു വെക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. എന്തുകൊണ്ടോ നാം അതിന്റെ ഗൗരവം മനസ്സിലാക്കുന്നില്ല. 

കൊറോണ കൂടെ ആയപ്പോൾ ഗൾഫ് പ്രവാസികൾ ഏറെയും നാട്ടിലേക്ക് തിരിച്ചു പോവുകയാണ്. എന്താണ് അവർക്ക് വേണ്ടി ചെയ്യാൻ പറ്റുക 
എന്റെ അഭിപ്രായത്തിൽ വിമുക്ത ഭടന്മാരെ പോലെ പെൻഷന് അർഹതപ്പെട്ടവരാണ് ഗൾഫ് പ്രവാസികളും. ദാരിദ്ര്യം എന്ന ശത്രുവിനെതിരെ പൊരുതി ഈ നാടിനെ വീണ്ടെടുത്ത് അവരാണ്. നാം മലയാളികൾ യുദ്ധാനുഭവങ്ങൾ ഇല്ലാത്തവരാണെന്ന് പറയും. യുദ്ധരംഗത്ത് മുന്നിൽ ശത്രുഭടന്മാരോടാണ് ജീവൻ തൃണവൽഗണിച്ചു പോരാടുന്നതെങ്കിൽ ഏതു നിമിഷവും എന്തും സംഭവിക്കാമെന്ന് മരണം മുന്നിൽ കണ്ടു കൊണ്ടുള്ള യാത്ര തന്നെയാണ് പത്തേമാരിയിലൊക്കെ യാത്ര ചെയ്തു കടൽ കടന്ന ആദ്യകാല പ്രവാസിയുടേത്. 

'ആടുജീവിതം' പോലെ അപൂർവ കൃതികളെ ഗൾഫ് പ്രവാസിയുടെ ജീവിതം പറഞ്ഞതായി ഉള്ളൂ. ഗൾഫ് പ്രവാസിയിൽനിന്ന് മലയാള സാഹിത്യത്തിന് കാര്യമായ സംഭാവനകൾ ഉണ്ടായിട്ടില്ല എന്നത് സത്യമല്ലേ? 
പ്രവാസസംബന്ധിയായി ഞാനെഴുതിയ ലേഖനങ്ങളുടെ സമാഹാരമായ 'മറുജീവിതം' എന്ന പുസ്തകത്തിൽ ഞാനൊരു ചെറുപ്പക്കാരനെ കുറിച്ച് പറയുന്നുണ്ട്. കഫ്റ്റീരിയയിൽ പകലന്തിയോളം ജോലി ചെയ്യുന്ന  വലിയ വിദ്യാഭ്യാസമോ, വായനയോ ഇല്ലാത്ത അയാൾ നന്നായി കവിതകൾ എഴുതുമായിരുന്നു. ഞാൻ അയാളുടെ കവിത പ്രസിദ്ധീകരിച്ചിട്ടുണ്ട്. വായിക്കാൻ പുസ്തകങ്ങൾ കൊടുത്തിട്ടുണ്ട്. പക്ഷെ അയാൾക്ക് വായിക്കാൻ സമയവും സാഹചര്യവും ഇല്ല. അയാളുടെ ജോലിയുടെ സ്വഭാവം അതാണ്. വീട്ടു ഡ്രൈവർമാർ അടക്കം ഒരുപാട് അനുഭവങ്ങൾ പറയാനുള്ള പ്രവാസികൾ ഒരുപാടുണ്ട്. പക്ഷെ അവരുടെ എഴുത്തുകൾ സോഷ്യൽ മീഡിയക്ക് അപ്പുറം എത്തുന്നില്ല. മുഖ്യധാരയുടെ ശ്രദ്ധയിൽ വരുന്നില്ല. 

മറുജീവിതം, മുസഫർ അഹമ്മദും ബെന്യാമിനുമോടൊപ്പം ശിഹാബ്ക്ക നടത്തിയ സംഭാഷണം ഈ രണ്ട് പുസ്തകങ്ങളും ഗൾഫ് പ്രവാസത്തെ കുറിച്ച് വളരെ സൂക്ഷ്മമായും ഗഹനമായും അറിയാൻ പറ്റിയ ഗ്രന്ഥങ്ങളാണ്. പക്ഷെ ഗൾഫ് പ്രവാസികളിൽ തന്നെ ബഹുഭൂരിപക്ഷവും അത് വായിച്ചതായി തോന്നിയിട്ടില്ല. 

സത്യമാണ്. ഇതുപോലെ ഗൾഫ് പ്രവാസത്തെ കുറിച്ചുള്ള പല പഠനങ്ങളും ഗൾഫ് പ്രവാസികൾ പലരും കണ്ടിട്ടു പോലുമില്ല. 

ഒരു എഴുത്തുകാരൻ എന്ന നിലയിൽ ഗൾഫ് പ്രവാസികൾക്ക് വേണ്ടി ചെയ്യാൻ ആഗ്രഹമുള്ളതെന്താണ്.? 
വലിയൊരു പുസ്തകം എന്റെ ആഗ്രഹമാണ്. അതൊരിക്കലും ഗൾഫ് പ്രവാസിയുടെ ജീവിതത്തെ കുറിച്ചുള്ള സങ്കടപറച്ചിൽ അല്ല. ആറേഴു പതിറ്റാണ്ട് നീണ്ട ഗൾഫ് പ്രവാസത്തെ കുറിച്ചും അതിലേക്ക് എത്തിച്ച കാര്യങ്ങളെ കുറിച്ചുമുള്ള നിരീക്ഷണങ്ങൾ ആണ് എന്റെ മനസ്സിൽ. കുറെ പഠനങ്ങൾ നടത്തേണ്ടതുണ്ട്. ഗൾഫ് പ്രവാസത്തെ നിർവചിക്കാൻ  കഴിയണം. കടലിനോട് മല്ലിട്ടവരുടെ പിൻമുറക്കാരാവണം ആദ്യമായി സാഹസികമായി കടൽ കടന്നു പോയവർ. അവരിൽ നിന്ന് തുടങ്ങണം. 
പൗരത്വപ്രശ്‌നം,'ഈസ' ഇതുകൂടി പരാമർശിക്കുന്ന കഥയാണ്. ഒരു പ്രവാസി ആയതു കൊണ്ടും സ്ഥലപരിമിതിയുംമൂലമാണ്ഈ കഥയിലെ ഗൾഫ് പ്രവാസത്തെ കുറിച്ചുള്ള ചോദ്യങ്ങളിൽ ഒതുക്കുന്നത്. 
ഈ കഥ വായിച്ച പലരും, ഗൾഫിൽ ഇങ്ങനെയും അനുഭവങ്ങൾ ഉണ്ടോ എന്ന് ചോദിച്ചപ്പോഴാണ് നമ്മുടെ പൊതു സമൂഹത്തിന്എത്ര പരിമിതമായ അറിവാണ് ഗൾഫുകാരെ കുറിച്ച് എന്ന് മനസ്സിലാക്കുന്നത്. ഞാൻ പറഞ്ഞല്ലോ. ഒരു കഥയിലോ ഇന്റർവ്യൂവിലോ ഒതുങ്ങാത്ത അത്രയും ഗൾഫ് പ്രവാസികളെ കുറിച്ച് പറയാനുണ്ട്. കൊറോണക്കാലത്ത് നാട്ടിൽ വന്ന ഗൾഫുകാർ അനുഭവിക്കേണ്ടി വന്ന പ്രയാസങ്ങൾ നാം വായിച്ചതാണ്. അതൊക്കെ വ്യംഗ്യമായെങ്കിലും ഈ കഥയിലൂടെ സൂചിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. 

ഈ നാടിന്റെ വളർച്ചയ്ക്ക് കാരണമായഗൾഫുപ്രവാസികൾ പലപ്പോഴും മാറ്റിനിർത്തപ്പെടുന്നു എന്നതിനെ കുറിച്ച് പ്രവാസികൾ ബോധവാന്മാരാണോ? 
നേരത്തെ പറഞ്ഞത് പോലെ അവർ നിശ്ശബ്ദരാണ്. അല്ലെങ്കിൽ അവരുടെ ശബ്ദം എവിടെയും കേൾക്കുന്നില്ല. ഇന്നത്തെ അഭ്യസ്തവിദ്യനായഒരു ചെറുപ്പക്കാരന്റെ കാഴ്ചപ്പാടിൽ മൂന്നരമണിക്കൂർ കൊണ്ട് സുഗമമായി വിമാനത്തിൽ എത്തിച്ചേരാൻ കഴിയുന്ന ഒരിടമാണ് ഗൾഫ്. ജോലി കുടുംബസമേതമുള്ള താമസം ഇതൊന്നും ഒരു ബുദ്ധിമുട്ടും ഇല്ലാത്ത ഒരു സ്ഥലം. ഇനി വരുന്ന തലമുറക്ക് ഇന്നുള്ളവരുടെ ധാരണ പോലും പഴയ ഗൾഫുകാരനെ കുറിച്ചോ ഗൾഫ് ജീവിതത്തെ കുറിച്ചോ ഉണ്ടാവില്ല. അതുകൊണ്ടാണ് ഇനിയെങ്കിലും ഗൾഫ് പ്രവാസത്തെ എന്നും മലയാളി ഓർക്കാൻ, ഗൾഫ് പ്രവാസത്തിന്റെ ഒരു മൃരവശ്‌ല വേണം. അധികൃതരും ഗൾഫ് പ്രവാസികളും ഒരുപോലെ ബോധവാന്മാരാവണം. അല്ലെങ്കിൽ നമ്മുടെ ചരിത്രത്തിൽനിന്നും ഈ ജീവിതങ്ങളും അവരുടെ അനുഭവങ്ങളും മായ്ക്കപ്പെട്ടു പോകും.

Latest News