ചെന്നൈ- സൗക്കാര്‍പേട്ടിലെ അപാര്‍ട്‌മെന്റില്‍ വൃദ്ധ ദമ്പതികളേയും മകനേയും വെടിവച്ചു കൊന്നതിനു പിന്നില്‍ മകന്റെ ഭാര്യയും സംഘവുമാണെന്ന് പോലീസ്. സ്വകാര്യധനകാര്യ സ്ഥാപനം നടത്തിയിരുന്ന ദാലി ചന്ദ് (74), ഭാര്യ പുഷ്പ ബായ് (70), മകന്‍ ശീതള്‍ (40) എന്നിവരാണ് കൊല്ലപ്പെട്ടത്. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊലപാതകം നടത്തിയത് ശീതളിന്റെ ഭാര്യ ജയമാലയും സഹോദരനും അടങ്ങുന്ന അഞ്ചംഗ സംഘമാണെന്ന് സൂചന ലഭിച്ചു. ഒരു വര്‍ഷത്തോളമായി ശീതളുമായി വേര്‍പ്പിരിഞ്ഞ് പൂനെയിലെ കുടുംബത്തോടൊപ്പമാണ് ജയമാല കഴിഞ്ഞിരുന്നത്. ജീവനാംശമായി വന്‍തുക ആവശ്യപ്പെട്ടതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതപ്പെടുന്നു. പ്രതികളെ പിടികൂടിയാലെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂവെന്ന് പോലീസ് പറഞ്ഞു. വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ വന്‍തുക ജീവനാംശമായി ജയമാലയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച തര്‍ക്കമാകാം കൊലയ്ക്കു പിന്നിലെന്ന് ശീതളിന്റെ ഒരു ബന്ധു പറഞ്ഞു.
ജയമാലയുടെ സഹോദരന്‍ കൈലാസും ബന്ധു വികാസും മാത്രമാണ് കൊലപാതകത്തിനു പിന്നിലെന്ന് ആദ്യം പോലീസ് സംശയിച്ചിരുന്നു. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചപ്പോള്‍ ഇവരെത്തിയ കാറില്‍ ഒരു സ്ത്രീയും നാലു പുരുഷന്‍മാരും ഉണ്ടായിരുന്നതായി വ്യക്തമായി. പൂനെയില്‍ നിന്ന് റോഡു മാര്‍ഗം കാറിലാണ് ഇവര്‍ ചെന്നൈയിലെത്തിയത്. കൊല നടത്തിയ ദിവസം രാത്രി തന്നെ ഇവര്‍ തമിഴ്‌നാട് അതിര്‍ത്തി കടന്ന് പൂനെ ഭാഗത്തേക്കു പോയതായി പോലീസ് പറഞ്ഞു. ഇവര്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
കൊലപാതകം മിനിറ്റുകള്‍ക്കുള്ളിലാണ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. നാലു തവണ വെടിവച്ചു. ശീതളിന്റെ തലയില്‍ രണ്ടു വെടിയും മതാപിതാക്കളുടെ തലയില്‍ ഓരോന്നു വീതവും വെടിയേറ്റതായും പോലീസ് പറഞ്ഞു. ഇവരുടെ ശരീരത്തില്‍ മറ്റു മുറിവുകളൊന്നുമില്ല.
16 വര്‍ഷം മുമ്പാണ് ശീതല്‍ ജയമാലയെ വിവാഹം ചെയ്തത്. ഇവര്‍ക്ക് രണ്ടു പെണ്‍മക്കളും ഉണ്ട്. വേര്‍പ്പിരിഞ്ഞ ശേഷം മക്കളേയും കൂട്ടി ജയമാല പൂനെയിലെ മാതാപിതാക്കള്‍ക്കടുത്തേക്ക് പോയതായിരുന്നു. ഇതിനിടെ ശീതല്‍ മക്കളെ കാണാന്‍ ഒരിക്കല്‍ പൂനെയിലേക്കു പോകുകയും രോഗികളായ ഭര്‍തൃപിതാവിനെ കാണാന്‍ ജയമാല ഒരു തവണ ചെന്നൈയിലെത്തുകയും ചെയ്തിരുന്നതായും പോലീസ് പറഞ്ഞു. ശീതളും ജയമാലയും ചെന്നൈയിലും പൂനെയിലും ഗാര്‍ഹിക പീഡന കേസുകള്‍ നല്‍കിയിരുന്നു. എന്നാല്‍ പോലീസ് ഇവരോട് കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.