അഹമ്മദാബാദ്- മുംബൈയില്‍നിന്ന് ദല്‍ഹിയിലേക്ക് പുറപ്പെട്ട ജെറ്റ് എയര്‍വേസ് വിമാനം സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ ഇറക്കി. മുംബൈയില്‍നിന്ന് പുലര്‍ച്ചെ 2.55-ന് ടേക്ക് ഓഫ് ചെയ്ത 9w339 വിമാനം 3.45 നാണ് അഹമ്മദാബാദില്‍ ഇറങ്ങിയത്. സുരക്ഷാ ഭീഷണിയുണ്ടെന്ന് അറിയിച്ചാണ് വിമാനം തിരിച്ചുവിട്ടതെന്നും അഹമ്മദാബാദില്‍ ഇറങ്ങിയ ശേഷം മുഴുവന്‍ യാത്രക്കാരേയും വീണ്ടും പരിശോധിച്ചുവെന്നും യാത്രക്കാര്‍ പറഞ്ഞു. കൃത്യമായ സുരക്ഷാ ഭീഷണി ലഭിച്ചതിനാലാണ് വിമാനം അഹമ്മദാബാദില്‍ ഇറക്കിയതെന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ജെറ്റ് എയര്‍വേയ്‌സ് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന ടെലിഫോണ്‍ സന്ദേശം ലഭിച്ചുവെന്നാണ് സൂചന.