Sorry, you need to enable JavaScript to visit this website.

അരഞ്ഞാണം 

അവർ വീണ്ടും വന്നു. യെസ് ഓർ നോ പറയണം. നിങ്ങളുടെ മറുപടി ഇനിയും കിട്ടിയില്ല. 
അതിരാവിലെ തന്നെ മൽബിയുടെ വിളിയാണ്.
എന്തു പറയണമെന്ന് മൽബുവിനറിയില്ല. നാട്ടിലില്ലാത്ത സമയത്ത് അവളിങ്ങനെ ഒരുങ്ങിപ്പുറപ്പെട്ടാൽ എന്തു ചെയ്യും?
വല്ലാത്തൊരു ആലോചന. ഞാൻ എന്തു പറഞ്ഞാലും ഇങ്ങനെ തന്നെ. ആലോചിച്ച് തീരില്ല: മൽബി പറഞ്ഞു. 
ജീവിതത്തിന്റെ കാര്യത്തിൽ ഇത്രയും ആലോചിച്ചിരുന്നെങ്കിൽ ഈയൊരു ഗതി വരുമായിരുന്നോ?
നിങ്ങളവിടെ, ഞാനിവിടെ.
ഇപ്പോൾ നീ പറഞ്ഞത് നൂറു ശതമാനം ശരിയാണെങ്കിലും നിന്റെ ആവശ്യങ്ങൾ ഞാൻ അംഗീകരിക്കാറില്ലേ.. 
അല്ല, രണ്ട് ആവശ്യങ്ങൾ ഇനീം ബാക്കിയുണ്ട്. പകുതി പുരയിടം ഇതുവരെ എന്റെ പേരിലായില്ല.  
ചുറ്റുപാടും നടക്കുന്ന സംഭവങ്ങൾ കേൾക്കുമ്പോൾ നെഞ്ചിൽ തീയാളുകയാണ്. 
എന്താ അതിനു മാത്രം ഇപ്പോൾ കേട്ടത്?
വലിയ മണിമാളിക വെച്ചു, മൂന്ന് കാർ വാങ്ങി എന്നൊക്കെ നിങ്ങൾ പറഞ്ഞിരുന്ന സുലൈമാൻ ഹാജിക്ക ചെയ്തതു കേട്ടില്ലേ.
ഭാര്യയെ പുറത്താക്കി വേറൊരുത്തിയെ കൊണ്ടുവന്നു. 
വലിയ കഷ്ടമായിപ്പോയല്ലോ..
അങ്ങനെയൊരു കഷ്ടം നമുക്ക് വരാൻ പാടില്ല. ഇപ്പോഴത്തെ മക്കളാണ്. ഏതു നിമഷത്തിലും മനംമാറാം. അവരും
ഇതൊക്കെ കേൾക്കുന്നുണ്ടല്ലോ. അതുകൊണ്ട് വീടും പുരയിടവും പകുതി എന്റെ പേരിലാക്കണം. 
പ്രവാസികളുടെ കുടുംബിനികളെയും കാലം പലതും പഠിപ്പിച്ചു. മരുഭൂമിയിൽ വിയർപ്പൊഴുക്കി നേടിയ സമ്പാദ്യം പല വഴിക്കായി ദുരിതത്തിലായ പ്രവാസികൾ ദിനം തോറും എത്രേയോ. സർവതും സ്വന്തമാക്കിയ ശേഷം ഭാര്യയാലും മക്കളാലും തഴയപ്പെട്ടവർ. മക്കളൊരു വഴിക്കാകാതെ എങ്ങനെ മടങ്ങുമെന്ന് ചിന്തിക്കുന്നവരാണ് മിക്ക പ്രവാസികളും. പരമാവധി പിടിച്ചുനിൽക്കുന്നവർ. പക്ഷേ, ജോലി അവസാനിപ്പിക്കുമ്പോൾ കിട്ടുന്ന എൻഡ് ഓഫ് ബെനിഫിറ്റിലാണ് മക്കളുടെ കണ്ണ്.
അതുമിതും ആലോചിക്കേണ്ട കാര്യമില്ല. നമ്മൾക്കിടയിൽ അങ്ങനെയൊന്നും സംഭവിക്കില്ല: മൽബു സമാധാനിപ്പിച്ചു.
പക്ഷേ, മനഃസമാധാനം കിട്ടണമെങ്കിൽ പകുതി എന്റെ പേരിലാകണം.  
ആയിക്കോട്ടെ, ഇതു ഞാൻ സമ്മതിച്ച കാര്യമാണല്ലോ. അടുത്ത അവധിക്കു വന്നാൽ പുരയിടത്തിന്റെ പകുതി നിന്റെ പേരിലാക്കിയിരിക്കും. വേണേൽ മുഴുവൻ നിന്റേ പേരിലാക്കാം. എനിക്ക് പേടിയില്ല. 
വേണ്ട പകുതി മതി. 
സമ്മതിച്ചു: അത് മാറ്റി എഴുതിക്കഴിഞ്ഞിട്ടേ ഇനി വേറെ കാര്യമുള്ളൂ. 
പിന്നെ രണ്ടാമത്തെ ആവശ്യം?
ഇത്ര വേഗം മറന്നു അല്ലേ. എന്റെ പൊന്നരഞ്ഞാണത്തിന്റെ കാര്യം. 
അതു നീ തമാശ പറഞ്ഞതല്ലേ? 
ഈ പ്രായത്തിൽ അരഞ്ഞാണം. എവിടുന്ന് കിട്ടുന്നു ഇമ്മാതിരി ഐഡിയ. അതുമിതും വായിച്ചിട്ടാകും.
നല്ലോണം വായിക്കണമെന്ന് പറയുന്നതും നിങ്ങൾ തന്നെയല്ലേ. വെറുതെയല്ല ബാപ്പ അവസരവാദീന്ന് പറയുന്നത്. 
ഒരു അരഞ്ഞാണം ചോദിച്ചത് മോശം കാര്യമാണോ.. 
ഞാനൊരു പൂതി പറഞ്ഞു. അതു തീർക്കേണ്ടത് നിങ്ങളല്ലേ..
എന്നാലും അരഞ്ഞാണ മോഹം. വിശ്വസിക്കാൻ പറ്റുന്നില്ല.
കെട്ടുന്ന സമയത്ത് സ്വർണം ഇഷ്ടല്ലാന്ന് പറഞ്ഞ് പത്തര പവൻ മാത്രം കൊണ്ടുവന്നവളാണ് നീ, മറക്കണ്ട.
അത് അന്നല്ലേ.. ഇപ്പോൾ എനിക്ക് പൂതി കൂടുതലാ.. ഹമീദിന്റെ ഭാര്യയുടെ അരഞ്ഞാണം കാണണം. എന്താ ഭംഗി
അരഞ്ഞാണമണിഞ്ഞ് നിനക്ക് കാണിച്ചു തന്നോ?
കാണാൻ ധരിക്കണമെന്നില്ല. 
അവളുടേത് അഞ്ച് പവനാ. എനിക്കും അത്ര മതി. കാശയച്ചോ. ജ്വല്ലറിയിൽ പറയാം.
കൊറോണക്കാലമാണ്. ശമ്പളം പെൻഡിംഗിലാണ്. 
പൂതി അത്ര കലശലാണോ. എന്നാൽ നീ വണ്ണം കുറഞ്ഞു പോയെന്ന് പറഞ്ഞ വളകളില്ലേ, അത് ഉരുക്കി അരഞ്ഞാണമാക്കിക്കോ. 
അതു ഞാൻ പറഞ്ഞിരുന്നില്ലേ.. ആങ്ങള ബാങ്കിൽ പണയം വെച്ചിരിക്കാണ്. 
അരഞ്ഞാണമല്ലേ മുഖ്യം. അത് എടുപ്പിച്ചൂടെ.
എടുപ്പിച്ചാലും അതുകൊണ്ട് അരഞ്ഞാണമുണ്ടാക്കില്ല. നിങ്ങൾ വേറെ തന്നെ കാശയക്കണം.
വല്ലാത്തൊരു പൂതി തന്നെ ഇത്.  ഞാൻ ഗൂഗിൾ ചെയ്തു നോക്കി. അരഞ്ഞാണമണിഞ്ഞ ഒരു സുന്ദരിയേയും കാണാനില്ല.
നിങ്ങൾ തെരയാൻ നിക്കണ്ട. എന്റെ അരയിലണിഞ്ഞാൽ നല്ല ഭംഗിയുണ്ടാകും. ഞാൻ ഫോട്ടോ അയക്കാം. അപ്പോ കണ്ടാമതി.
നീയത് ചെറിയ വാവകളെ പോലെ എപ്പോഴും ധരിച്ചുകൊണ്ട് നടക്കുമോ..
ഏയ്. എപ്പോഴുമൊന്നും ധരിക്കില്ല. ഇവിടെ ഭദ്രമായി വെക്കും. ഇനീം നിങ്ങള് മതിയാക്കി വരില്ലേ. അപ്പോൾ അതിന്റെ ഗുണം കിട്ടും. 
ദേ ബാപ്പ വരുന്നുണ്ട്. മൂന്നാമത്തെ കാര്യം പറയുന്നതിനു മുമ്പ് മൽബി ഫോൺ കട്ടാക്കി പോയി.
മൽബുവിന്റെ അരയിൽ നിൽക്കാത്ത റിയാലണ് മൽബി അരഞ്ഞാണത്തിലാക്കുന്നത്. 
ആദ്യം ദേഷ്യം തോന്നിയെങ്കിലും അരഞ്ഞാണപ്പൂതിയുടെ ഗുട്ടൻസ് പിടി കിട്ടിയപ്പോൾ മൽബിയോട് മൽബുവിന് ഇഷ്‌ക് കൂടി. 

Latest News