ശ്രേയ ഘോഷാലിന്റെ സ്വരം മധുരം, വസ്ത്രധാരണം മലയാളികൾക്ക് രസിക്കുന്നില്ല

കോട്ടയം-ശബ്ദത്തിൽ മാസ്മരികത തീർത്ത് ഇന്ത്യയൊട്ടാകെ വലിയ ആരാധക വലയം സ്വന്തമാക്കിയ ഗായികയാണ് ശ്രേയ ഘോഷാൽ. ഇന്ത്യൻ സിനിമയിൽ നിരവധി ഭാഷകളിൽ പാടിയിട്ടുള്ള ശ്രേയ 2002ൽ സീ ടിവിയിലെ സ രി ഗ മ എന്ന ഷോയിൽ വന്ന സമയത്ത് സംവിധായകൻ സഞ്ജയ് ലീല ബനസലി പരിപാടി കാണുകയും സിനിമയിൽ പാടാൻ അവസരം നൽകുകയും ചെയ്തു.
അതിന് ശേഷം ഉന്നതികളിലേക്ക് നടന്നുകയറിയ ശ്രേയയ്ക്ക് പിന്നീട് തിരഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 4 നാഷണൽ അവാർഡും 7 ഫിലിം ഫെയർ അവാർഡും 4 തവണ മികച്ച പിന്നണി ഗായികയ്ക്കുള്ള കേരള സംസ്ഥാന അവാർഡും 2 തവണ തമിഴ് നാട് സർക്കാരിന്റെ അവാർഡും 10 തവണ സൗത്ത് ഫിലിം ഫെയർ അവാർഡും തുടങ്ങി നിരവധി അംഗീകാരങ്ങൾ താരം നേടിയിട്ടുണ്ട്.
മലയാള സിനിമയിൽ ശ്രേയ ആദ്യമായി പാടുന്നത് ബിഗ് ബി എന്ന ചിത്രത്തിലൂടെയാണ്. ശ്രേയയുടെ ശബ്ദം ഏറ്റവും കൂടുതൽ തവണ മലയാളികളെ കേൾപ്പിച്ചത് എം.ജയചന്ദ്രൻ എന്ന സംഗീതജ്ഞനാണ്. ലക്ഷക്കണക്കിന് മലയാളി ആരാധകരാണ് താരത്തിനുള്ളത്. വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ സോഷ്യൽ മീഡിയകളിൽ നേരിടുകയാണ് ശ്രേയ ഇപ്പോൾ.
സ്‌റ്റേജ് ഷോയിൽ ശ്രേയ പാട്ടുപാടുന്ന വീഡിയോയ്ക്ക് എതിരെയാണ് വളരെ മോശമായ പല കമന്റുകളും വരുന്നത്. മലയാളികളാണ് ഇക്കൂട്ടത്തിൽ കൂടുതൽ. ഗ്ലാമറസ് വേഷമാണ് താരം ധരിച്ചിരിക്കുന്നത്.
താരത്തിന്റെ വസ്ത്രധാരണം ശരിയായ രീതിയിലല്ല, ഇങ്ങനെയാണോ ഒരു ഗായിക വസ്ത്രം ധരിക്കേണ്ടത്, പുതിയ തലമുറയിലെ പാട്ടുകാർ പലരും തങ്ങളുടെ ശരീരം കാണിക്കാൻ ആണ് സ്‌റ്റേജിൽ കയറുന്നത്, ഏറ്റവും ഇഷ്ടപ്പെട്ട ഗായിക ആയിരുന്നു ശ്രേയാഘോഷാൽ, എന്നാൽ ഈ വേഷധാരണം കണ്ടപ്പോൾ ആ ഇഷ്ടം അങ്ങോട്ട് പോയി എന്നു തുടങ്ങിയ കമെന്റുകളാണ് പലരും പോസ്റ്റ് ചെയ്യുന്നത്.
 

Latest News