ന്യൂദൽഹി- ബിഹാറിൽ നിയമസഭ തെരഞ്ഞെടുപ്പ് ഫലം വൈകുമെന്നും രാത്രിയോടെ മാത്രമേ വോട്ടെണ്ണൽ പൂർത്തിയാകുകയുള്ളുവെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഉച്ചയോടെ ഒരു കോടി വോട്ടുകൾ മാത്രമാണ് എണ്ണിയത്. മൂന്നു കോടിയോളം വോട്ടുകൾ കൂടി എണ്ണേണ്ടതുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ പോളിങ് ബൂത്തുകളുടെ എണ്ണത്തിൽ 66 ശതമാനം വർധനവാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിലാണു വോട്ടെണ്ണൽ വൈകുന്നതെന്നും കമ്മിഷൻ അറിയിച്ചു.
നിലവിൽ 128 സീറ്റുകളിൽ എൻ.ഡി.എ മുന്നിലാണ്. ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. മഹാസഖ്യം 104 സീറ്റുകളിലാണ് മുന്നിട്ടുനിൽക്കുന്നത്. ചിരാഗ് പാസ്വാന്റെ എൽ.ജെ.പി രണ്ടു സീറ്റിലും മറ്റുള്ളവർ 9 സീറ്റുകളിലുമാണ് മുന്നിൽനിൽക്കുന്നത്. ഫല സൂചനകൾ മാറി മറിയാനും സാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഈ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ നഷ്ടം സംഭവിച്ചത് നിലവിലുള്ള മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെ.ഡി.യുവിനാണ് എന്നാണ് സീറ്റ് നില കാണിക്കുന്നത്. അൻപതിൽ താഴെ സീറ്റുകളിൽ മാത്രമാണ് ജെ.ഡി.യു ലീഡ് ചെയ്യുന്നത്.