തേജസ്വിയോ നിതീഷോ? ബിഹാറില്‍ ജനവിധി ഇന്നറിയാം

പട്‌ന- നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ബിഹാറില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. അഭിപ്രായ സര്‍വേകള്‍ വിജയം പ്രവചിച്ച തേജസ്വി യാദവിന്റെയും ശക്തമായ ഭരണവിരുദ്ധ വികാരവും മുന്നണിക്കുള്ളിലെ കുത്തിത്തിരിപ്പും നേരിട്ട മുഖ്യമന്ത്രി നിതീഷ് കുമാറിന്റേയും ജനവിധി ഇന്ന് അറിയാം. 243 അംഗ നിയമസഭയിലേക്കാണ് വോട്ടെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി നടന്നത്. 

പ്രതിപക്ഷ സഖ്യമായ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണ് ആര്‍ജെഡി നേതാവായ തേജസ്വി. മുന്നണി ജയിച്ചാല്‍, കഴിഞ്ഞ ദിവസം ജന്മദിനം ആഘോഷിച്ച 31കാരനായ തേജസ്വി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയാകും. ഇടതു പാര്‍ട്ടികളുടേയും കോണ്‍ഗ്രസിന്റെ പിന്തുണയോടെ തേജസ്വിയുടെ നേതൃത്വത്തില്‍ മഹാസഖ്യം ശക്തമായ പ്രചാരണമാണ് ഇത്തവണ നടത്തിയത്. 

അതേസമയം വിജയ പ്രതീക്ഷയില്‍ തന്നെയാണ് ഭരണകക്ഷിയായ എന്‍ഡിഎ മുന്നണി. ജെഡിയു നേതാവ് നിതീഷ് കുമാറിന് മുഖ്യമന്ത്രി പദത്തില്‍ ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന് നേതാക്കള്‍ പറയുന്നു. എന്നാല്‍ എന്‍ഡിഎക്കുള്ളില്‍ വിമത സ്വരമുയര്‍ത്തി ഒറ്റയ്ക്കു മത്സരിച്ച ചിരാഗ്് പാസ്വാന്റെ എല്‍ജെപി ജെഡിയുവിന് ആഘാതമുണ്ടാക്കുമോ എന്ന കാര്യവും ഇന്നറിയാം. ബിജെപിയെ പിന്തുണയ്ക്കുന്ന എല്‍ജെപി ജെഡിയുവിനും നിതീഷിനുമെതിരെയാണ് കാര്യമായ പ്രചരണം നടത്തിയിരുന്നത്. ചിരാഗിന് ബിജെപിയുടെ പിന്തുണയുണ്ടെന്നും പലരും വിശ്വസിക്കുന്നു. ഫലം നിതീഷിന് അനുകൂലമായില്ലെങ്കില്‍ ചിരാഗിനെ ഉപയോഗിച്ച് ബിജെപി ബിഹാറില്‍ അധികാരം പിടിക്കാനുള്ള നീക്കങ്ങളും നടത്തുന്നതായി റിപോര്‍ട്ടുകളുണ്ട്.
 

Latest News